അസം പ്രശ്‌നത്തിന്റെ അടിവേരുകള്‍

എ പി കുഞ്ഞാമു

റോഹിന്‍ഗ്യന്‍ വംശജരെ ആട്ടിപ്പുറത്താക്കാനുള്ള പദ്ധതിയുടെ ഭാഗമായി മ്യാന്‍മര്‍ ഭരണകൂടം ആദ്യം ചെയ്തത് അവരുടെ പൗരത്വം റദ്ദാക്കുകയാണ്. പിന്നീട് എല്ലാം വളരെ എളുപ്പമായിരുന്നു. സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശം കൈമോശം വന്നതോടെ അവര്‍ രാജ്യഭ്രഷ്ടരായി. ഇത് സങ്കുചിത ദേശീയത്വം എക്കാലത്തും ഉപയോഗിക്കുന്ന സൂത്രമാണ്. നാത്‌സി ജര്‍മനിയില്‍ യഹൂദരെ 'രാജ്യഭ്രഷ്ടരാ'ക്കുകയാണ് ആദ്യം ചെയ്തത്. യഹൂദരാഷ്ട്രമായ ഇസ്രായേല്‍ ഫലസ്തീനികളുടെ നേരെ പ്രയോഗിക്കുന്നതും പൗരത്വനിഷേധം എന്ന ആയുധമാണ്. മറ്റൊരു രാജ്യത്തെ പ്രജകളാണ് നിങ്ങള്‍ എന്ന മട്ടിലാണല്ലോ തീവ്രഹിന്ദുത്വത്തിന്റെ മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെയുള്ള സമീപനം. പൗരത്വം സ്ഥാപിച്ചെടുക്കുക എന്നതുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ചെറുതൊന്നുമല്ല.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെ ഇങ്ങനെയുള്ള ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് പല സാമൂഹിക നിരീക്ഷകരും പൗരാവകാശപ്രവര്‍ത്തകരും കാണുന്നത്. 40 ലക്ഷം അസം നിവാസികള്‍ ഇന്ത്യന്‍ പൗരത്വത്തിനു വെളിയിലായി എന്നത് ഈ ആശങ്കയെ ബലപ്പെടുത്തുന്നു. ഒറ്റനോട്ടത്തില്‍ പൗരത്വ രജിസ്റ്റര്‍ അപകടകരമാണെന്നു പറഞ്ഞുകൂടാ. സംസ്ഥാനത്തേക്കുള്ള ഇതരദേശക്കാരുടെ തള്ളിക്കയറ്റമാണ് പൗരത്വ രജിസ്‌ട്രേഷന്‍ എന്ന പദ്ധതിക്കു വഴിവച്ചത്. ഈ കുടിയേറ്റത്തിനു നിരവധി പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസമിലെ ചായത്തോട്ടങ്ങളുടെ ചരിത്രവുമായി അതു ബന്ധപ്പെട്ടുകിടക്കുന്നു. 1848ല്‍ റോബര്‍ട്ട് ഫോര്‍ച്യൂണ്‍ ആണ് ചായച്ചെടികളും വിത്തുകളും ചൈനയില്‍ നിന്ന് കള്ളക്കടത്തായി അസമിലെത്തിച്ച് ആദ്യത്തെ ചായത്തോട്ടം ഉണ്ടാക്കിയത്. അസമിലും ഇതര വടക്കുകിഴക്കന്‍ മലമ്പ്രദേശങ്ങളിലും വളരെ വേഗം ചായത്തോട്ടങ്ങള്‍ വ്യാപകമായി. അതേത്തുടര്‍ന്ന് ബ്രിട്ടിഷുകാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തോട്ടപ്പണിക്ക് കൂലിത്തൊഴിലാളികളെ വന്‍തോതില്‍ കൊണ്ടുവരാന്‍ തുടങ്ങി. 1826ല്‍ അസം ബംഗാള്‍ പ്രവിശ്യയുടെ ഭാഗമായതു മുതല്‍ ആരംഭിച്ച തൊഴിലാളികളെ കൊണ്ടുപോക്ക് ചായത്തോട്ടങ്ങളുടെ സംസ്ഥാപനത്തോടെ വര്‍ധിച്ചു. കേരളത്തില്‍ നിന്നും അസമില്‍ ചായത്തോട്ടത്തില്‍ പണിയെടുക്കാന്‍ ആളുകള്‍ പോയിട്ടുണ്ട് (വൈലോപ്പിള്ളിയുടെ ആസാം പണിക്കാര്‍ എന്ന കവിത ഓര്‍ക്കുക).
ഇങ്ങനെ അസമിലെത്തിയ തൊഴിലാളികളില്‍ കൂടുതലും കിഴക്കന്‍ ബംഗാളില്‍ നിന്നുള്ളവരായിരുന്നു. അവരില്‍ മഹാഭൂരിപക്ഷവും മുസ്്‌ലിംകളുമായിരുന്നു. 1906ലെ കഴ്‌സണ്‍ പ്രഭുവിന്റെ ബംഗാള്‍ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ആലോചിച്ചാല്‍ ഇതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാവും. കിഴക്കന്‍ ബംഗാള്‍ മുസ്‌ലിം ഭൂരിപക്ഷപ്രദേശമാണ്. അസമുമായി തൊട്ടുകിടക്കുന്ന സ്ഥലമാണ് ആ പ്രദേശത്തിന്റെ വലിയൊരു ഭാഗം. ബംഗാള്‍ ക്ഷാമവും മറ്റും സൃഷ്ടിച്ച കൊടിയ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അസമിലേക്കും ത്രിപുരയിലേക്കും മറ്റും കുടിയേറി. അസമിലെയും ത്രിപുരയിലെയും വന്‍തോതിലുള്ള ബംഗാളി സാന്നിധ്യത്തിന് ഇതാണു കാരണം.
ഈ കുടിയേറ്റം അസമിലെ സാമൂഹിക-സാംസ്‌കാരിക സമതുലനം തെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. അസമിലെ പ്രാചീന ജനവിഭാഗങ്ങളില്‍ വലിയൊരുഭാഗം ഗോത്രവര്‍ഗക്കാരാണ്. വന്‍തോതിലുള്ള ബംഗാളികളുടെ കുടിയേറ്റം തങ്ങളെ ദോഷകരമായി ബാധിച്ചു എന്നാണ് അവരുടെ പരാതി; ഗോത്രവര്‍ഗക്കാരുടെ വിഭവങ്ങള്‍ കുടിയേറ്റക്കാരുടെ കൈകളിലായി എന്ന്. ഒരുകാലത്ത് ഭൂമിയുടെ അവകാശികളായിരുന്ന ഗോത്രവര്‍ഗക്കാര്‍ സ്വന്തം കുടിയിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടു. 1971ലെ ബംഗ്ലാദേശ് വിമോചനം അസമിലേക്കുള്ള കുടിയേറ്റത്തെ നിയന്ത്രണാതീതമാക്കി. ഈ അവസ്ഥയിലാണ് 1980കളുടെ ആദ്യത്തില്‍ പ്രഫുല്ലകുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ കുടിയേറ്റക്കാര്‍ക്കെതിരായി പ്രക്ഷോഭം തുടങ്ങിയത്. കുടിയേറ്റക്കാര്‍ തങ്ങളുടെ സംസ്‌കാരവും ഭാഷയും സാമൂഹിക ജീവിതവും തകര്‍ക്കുന്നുവെന്നും തങ്ങളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്നുമായിരുന്നു ആസു(എഎഎസ്‌യു)വിന്റെ നിലപാട്. പ്രഫുല്ലകുമാര്‍ മൊഹന്ത കോളജില്‍ നിന്ന് നേരെ നിയമസഭയിലേക്കു കടന്നുവന്ന് മുഖ്യമന്ത്രിയായി. അതേസമയം തന്നെ ബോഡോ ലാന്‍ഡിനു വേണ്ടിയുള്ള ബോഡോ വംശജരുടെ പ്രക്ഷോഭം സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. മൊഹന്തയുടെ അസം ഗണതന്ത്ര പരിഷത്തിനെതിരായുള്ള കോണ്‍ഗ്രസ്സിന്റെ വോട്ടുബാങ്ക് ബംഗാളികളായിരുന്നു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ ബംഗാളി മുസ്‌ലിംകള്‍. അതിനാല്‍ അസമിലെ പ്രാദേശിക രാഷ്ട്രീയവികാരത്തോടൊപ്പം പൂര്‍ണമായും നില്‍ക്കാനല്ല കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടത്. പില്‍ക്കാലത്ത് ബംഗാളികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു.
അസം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുത്താണ് ആസുവിന്റെ പ്രക്ഷോഭങ്ങള്‍ ഗൗരവപൂര്‍വം കണ്ടത്. ബംഗാളികളുടെ ഒഴുക്ക് അപ്പോഴേക്കും അസമില്‍ ഗുരുതരമായ സാമൂഹികപ്രശ്‌നങ്ങള്‍ക്കു വഴിവച്ചുകഴിഞ്ഞിരുന്നു. എന്നിട്ടും ബംഗാളി സംസാരിക്കുന്ന നാലുലക്ഷം പേര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് വോട്ടവകാശം നല്‍കി. ഇവരില്‍ കൂടുതലും മുസ്്‌ലിംകളായിരുന്നു. അതില്‍ കുപിതരായി നെല്ലിയില്‍ 1983 ഫെബ്രുവരിയില്‍ ബോഡോ കലാപകാരികള്‍ ആയിരക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തു. ഇതിനു പ്രേരണ നല്‍കിയത് ആര്‍എസ്എസ് ആയിരുന്നു എന്ന് പില്‍ക്കാലത്ത് വ്യക്തമാവുകയുണ്ടായി. ഇങ്ങനെ പലനിലയ്ക്കും പ്രശ്‌നകലുഷിതമായ അവസ്ഥയില്‍ 1985ല്‍ രാജീവ് ഗാന്ധിയാണ് അസം ഉടമ്പടി എന്ന പേരില്‍ ആസു നേതാക്കളുമായി ഒത്തുതീര്‍പ്പിലെത്തിയത്. ഈ ഉടമ്പടിയുടെ ഭാഗമാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ എന്ന വ്യവസ്ഥ. ഈ രജിസ്‌ട്രേഷനാണ് കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസ്-യുപിഎ ഭരണങ്ങള്‍ ഈ പദ്ധതി വച്ചു താമസിപ്പിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ഭാഷ്യം. അതു മുസ്‌ലിം പ്രീണനമായി അവര്‍ ചിത്രീകരിക്കുന്നു. എന്നാല്‍, പൗരത്വ രജിസ്‌ട്രേഷന്‍ ഗുരുതരമായ പ്രക്ഷോഭങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് അവ താമസിപ്പിച്ചത് എന്നതാണു നേര്. അതു രാജ്യതന്ത്രത്തിന്റെ ഭാഗമാണ്. കശ്മീരില്‍ ഹിതപരിശോധനയ്ക്കു സമ്മതിച്ചെങ്കിലും അതിന് ഒരു ഇന്ത്യന്‍ ഭരണകൂടവും തയ്യാറാവുന്നില്ലല്ലോ.
രജിസ്റ്ററില്‍ ഇടംപിടിക്കാത്തവര്‍ക്ക് എങ്ങനെ പൗരത്വം നല്‍കും എന്ന ചോദ്യം ന്യായമാണ്. പക്ഷേ, 40 ലക്ഷം പേര്‍ രജിസ്റ്ററിനു പുറത്തായി എന്ന കണക്ക് സൂചിപ്പിക്കുന്നത് കണക്കെടുപ്പിലെ പാളിച്ചകളെയാണ് എന്നതിലും ന്യായമുണ്ട്. മാത്രമല്ല, ഒരേ കുടുംബത്തിലെ സഹോദരന്മാരില്‍ തന്നെ ചിലര്‍ അകത്തും ചിലര്‍ പുറത്തുമാണ്. ഭാര്യക്ക് പൗരത്വമുണ്ട്, ഭര്‍ത്താവിന് ഇല്ല. ജാതിമതഭേദമെന്യേ ഇത്തരം അപാകതകള്‍ കാണാം. രജിസ്റ്ററില്‍ നിന്നു പുറത്തായിപ്പോയവര്‍ക്ക് പുതുതായി പേരുചേര്‍ക്കാന്‍ സമയമുണ്ടെന്നാണ് രജിസ്‌ട്രേഷന്‍ കമ്മീഷണര്‍ പറയുന്നത്. അതിന്റെ അര്‍ഥം രജിസ്‌ട്രേഷന്‍ കുറ്റമറ്റരീതിയിലായിരുന്നില്ല എന്നാണ്. പുറത്തായിപ്പോയവര്‍ക്ക് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് പൗരത്വം സ്ഥാപിച്ചെടുക്കുക പ്രയാസമാണെന്നു കൂടി ഓര്‍ക്കണം. എന്നു മാത്രമല്ല, പൗരത്വത്തിന് അപേക്ഷിച്ച 3.29 കോടി ആളുകളില്‍ 2.89 കോടി പേര്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത് എന്നത് ഈ പ്രക്രിയയിലുണ്ടായ അപാകതയാണു വ്യക്തമാക്കുന്നത്. അത്രയധികംപേരെ അഭയാര്‍ഥികളായി നിലനിര്‍ത്തുകയോ നാടുകടത്തുകയോ ചെയ്യുകയെന്നത് എങ്ങനെ പ്രായോഗികമാവും?
ബിജെപിയെ സംബന്ധിച്ചിടത്തോളം പൗരത്വ രജിസ്റ്ററിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ലക്ഷക്കണക്കിന് ആളുകളെ ഇതരദേശക്കാരായി മുദ്രകുത്തി പുറന്തള്ളുന്നതിലൂടെ തങ്ങളുടെ എതിരാളികളെ തീര്‍ത്തും ദുര്‍ബലരാക്കാം എന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പൗരന്മാരല്ലാതാവുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്്‌ലിംകളാണ്. കോണ്‍ഗ്രസ്സിനെയോ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എയുഡിഎഫ് എന്ന പിന്നാക്ക-ന്യൂനപക്ഷ പാര്‍ട്ടിയെയോ പിന്തുണയ്ക്കുന്നവരാണ് അവര്‍. ന്യൂനപക്ഷ വിഭാഗങ്ങളെ അണിനിരത്തിയ പാര്‍ട്ടിക്ക് അസം നിയമസഭയില്‍ 13 എംഎല്‍എമാരുണ്ട്. 15 ശതമാനത്തോളം വോട്ടുണ്ട്. ഏതാനും ലോക്‌സഭാ സീറ്റുകളുമുണ്ട്. 40 ലക്ഷം 'ബംഗ്ലാദേശി'കള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താവുമ്പോള്‍ അവരുടെ സ്വാധീനത്തില്‍ വലിയ ഇടിവുണ്ടാവും. ബിജെപിക്കാണ് അതിന്റെ ഗുണം ലഭിക്കുക. അതുകൊണ്ടാണ് 40 ലക്ഷം പേരും നുഴഞ്ഞുകയറ്റക്കാരാണെന്നും അവര്‍ രാജ്യസുരക്ഷയ്ക്കു തന്നെ അപകടമുണ്ടാക്കുമെന്ന നിലപാടുമായി ബിജെപി മുന്നോട്ടു പോവുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യം. 'മുസ്‌ലിം പേടി'യാണ് അവരുടെ ആയുധം. അസമിനെ ശുദ്ധീകരിക്കുക എന്നൊരു മുഖം ഇപ്പോഴത്തെ 'പൗരത്വ നിഷേധ'ത്തിനു നല്‍കുന്നതു വഴി ബോഡോകള്‍, കുക്രികള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരുടെ പിന്തുണ ബിജെപിക്ക് പരോക്ഷമായി ലഭിക്കുന്നുമുണ്ട്.
അസം സ്വദേശികളുടെ തനിമയെച്ചൊല്ലി അഭിമാനിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരും മറ്റും പൗരത്വ രജിസ്‌ട്രേഷന്‍ എന്ന പദ്ധതിയെ പിന്തുണയ്ക്കുന്നത് അതിനു പിന്നിലുള്ള ഹിന്ദുത്വ വര്‍ഗീയതയുടെ ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞുകൊണ്ടാവണമെന്നില്ല (ഇന്ത്യയുടെ അത്‌ലറ്റിക് അഭിമാനവും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവുമായ ഹിമാദാസ് ബംഗാളി കുടിയേറ്റക്കാര്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണല്ലോ). ഒരുതരം ബംഗാളിവിരുദ്ധ വികാരം അസമീസ് സമൂഹത്തിലുണ്ട്. കുടിയേറ്റക്കാരുമായുള്ള മല്‍സരത്തില്‍ തങ്ങള്‍ തോറ്റുപോവുമോ എന്ന ഭീതിയാണ് ഈ വികാരത്തിന്റെ അടിത്തറ. അസമമായ മല്‍സരത്തില്‍ പലപ്പോഴും തോറ്റുപോവാന്‍ വിധിക്കപ്പെട്ടവരാണ് അസമിലെ തനതു നിവാസികള്‍ എന്നതൊരു സത്യവുമാണ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം അസമിന്റെ തനിമ കാത്തുസൂക്ഷിക്കുക എന്നതല്ല വിഷയം. എന്നു മാത്രമല്ല, ഹിന്ദുത്വ അജണ്ട പൂര്‍ത്തീകരിക്കാന്‍ കുടിയേറ്റക്കാരായ ബംഗാളികളായിരിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഉപകരിക്കുക എന്ന ബോധ്യം അവര്‍ക്കുണ്ടുതാനും. ഈ അര്‍ഥത്തില്‍ വിദേശികളോടല്ല അവരുടെ വിരോധം, മുസ്‌ലിംകളോടാണ്. ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്ല് പാസാവുമ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. ഈ ബില്ലിലെ വ്യവസ്ഥയനുസരിച്ച് അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തുന്ന മുസ്‌ലിംകളല്ലാത്ത ആളുകള്‍ക്ക് പൗരത്വം ലഭിക്കും. ഈ ബില്ലില്‍ മതവിവേചനം വ്യക്തമാണെങ്കിലും രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്ല് നിയമമാവും. അങ്ങനെ വരുമ്പോള്‍ പൗരത്വ പട്ടികയില്‍ നിന്ന് ഇപ്പോള്‍ ഒഴിവാക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ സാധിക്കും. ഫലത്തില്‍ ഒഴിവാക്കപ്പെടുക, പതിറ്റാണ്ടുകളായി അസമില്‍ താമസിക്കുന്ന ബംഗാളി മുസ്്‌ലിംകള്‍ മാത്രമായിരിക്കും. അവരില്‍ ബംഗ്ലാദേശികളുണ്ടാവാം. പക്ഷേ, ബഹുഭൂരിപക്ഷവും ബംഗാള്‍ വിഭജിക്കപ്പെടുന്നതിനു മുമ്പേ, കിഴക്കന്‍ പാകിസ്താനും ബംഗ്ലാദേശുമുണ്ടാവുന്നതിനു മുമ്പേ, ഭൂമിശാസ്ത്രപരവും മതപരവുമായ വിഭജനങ്ങള്‍ മൂലം ദേശീയതകള്‍ പുനര്‍നിര്‍ണയിക്കപ്പെടുന്നതിനു മുമ്പേ അസമില്‍ കുടിയേറിയവരും അവരുടെ പിന്തുടര്‍ച്ചക്കാരുമാണ്. അവരെ പുറന്തള്ളണോ എന്നതാണ് ഇക്കാര്യത്തിലെ മാനവിക പ്രശ്‌നം.
40 ലക്ഷം പേരെ, പൗരത്വമില്ലാത്തവരെന്നു പറഞ്ഞ് പുറന്തള്ളുക എത്രമാത്രം പ്രായോഗികമാണെന്നു കൂടി ആലോചിക്കേണ്ടതുണ്ട്. ഇവരെ 'തിരിച്ചെടു'ക്കാന്‍ ബംഗ്ലാദേശ് തയ്യാറാവുകയില്ലെന്ന് ഉറപ്പ്. അതൊട്ടും പ്രായോഗികവുമല്ല. ഇപ്പോള്‍ തന്നെ മൂന്നുലക്ഷത്തില്‍പ്പരം ഉര്‍ദു സംസാരിക്കുന്ന ആളുകള്‍ ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി ജീവിക്കുന്നുണ്ട്. ബംഗ്ലാദേശ് രൂപീകരണകാലത്ത് കിഴക്കന്‍ ബംഗാളിലുണ്ടായിരുന്ന മുസ്‌ലിംകളാണവര്‍. അവിടെ ജനിച്ചു വളര്‍ന്നവരോ പാകിസ്താന്‍ എന്ന രാഷ്ട്രരൂപീകരണത്തെ തുടര്‍ന്ന് അവിടെ കുടിയേറിപ്പാര്‍ത്തവരോ ആണ് ഈ ഉര്‍ദു മുസ്‌ലിംകള്‍.
ബംഗാളി സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ബംഗ്ലാദേശ് ഉപേക്ഷിച്ച് പാകിസ്താനിലേക്കു പോവാന്‍ ആഗ്രഹിച്ച അവരെ പാകിസ്താന്‍ സ്വീകരിച്ചില്ല. ബംഗ്ലാദേശിനും വേണ്ട, പാകിസ്താനും വേണ്ട എന്ന അവസ്ഥയില്‍ രാജ്യഭ്രഷ്ടരായ ഇവര്‍ 'ഒറ്റപ്പെട്ടുപോയ പാകിസ്താനികള്‍' എന്ന പേരില്‍ ഇപ്പോഴും ബംഗ്ലാദേശില്‍ കഴിയുകയാണ്. പിന്നെയെങ്ങനെയാണ് ഇന്ത്യയില്‍ നിന്ന് 40 ലക്ഷം പേരെ, അല്ലാതെ തന്നെ പ്രശ്‌നകലുഷിതവും ദരിദ്രവുമായ ബംഗ്ലാദേശ് സ്വീകരിക്കുക? അതൊരിക്കലും ഉണ്ടാവുകയില്ല. ജീവിതത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന ഈ മനുഷ്യര്‍ അസമിലുണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും മറ്റും ഊഹാതീതമായിരിക്കും. ഈ കലങ്ങിയ വെള്ളത്തില്‍ നിന്ന് ബിജെപി മീന്‍പിടിക്കുമെന്നു മാത്രം.
എന്‍ എസ് മാധവന്റെ ഒരു കഥയുണ്ട്- മുംബൈ. മുംബൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ പാങ്ങ് സ്വദേശിയായ ഒരു മുസ്‌ലിം യുവാവ് പാസ്‌പോര്‍ട്ട് കിട്ടാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് കഥയുടെ പ്രമേയം. 1971നു മുമ്പ് ജനിച്ച ആളാണ് എന്നു തെളിയിക്കുകയായിരുന്നു അയാളുടെ പ്രശ്‌നം. മലപ്പുറം ജില്ലയില്‍ പാങ്ങ് എന്നൊരു സ്ഥലമുണ്ട് എന്ന് അധികാരികളെ ബോധ്യപ്പെടുത്താന്‍പോലും പ്രയാസപ്പെടുന്ന ഈ കഥാപാത്രത്തിന്റെ ഓര്‍മയാണ് ഇപ്പോഴത്തെ പൗരത്വ രജിസ്‌ട്രേഷന്‍ ഉളവാക്കിയിട്ടുള്ളത്. കഥകള്‍ക്കും ഭാവിയെ പ്രവചിക്കാനാവും, അല്ലേ? ി

(കടപ്പാട്: പാഠഭേദം, ഒക്ടോബര്‍ 2018)
Next Story

RELATED STORIES

Share it