Flash News

അസം ജയിലുകളിലെ 'വിദേശ' തടവുകാര്‍കുടുംബാംഗങ്ങളെ വേര്‍തിരിക്കല്‍; ചോദ്യംചെയ്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: വിദേശികളെന്ന് ആരോപിച്ചു തടവുകാരായി പിടിക്കപ്പെടുന്ന ഒരേ കുടുംബത്തിലെ കുട്ടികളടക്കമുള്ള അംഗങ്ങളെ വ്യത്യസ്ത സെല്ലുകളില്‍ അടയ്ക്കുന്നതിന്റെ യുക്തി ചോദ്യംചെയ്ത് സുപ്രിംകോടതി. ഒരു ലക്ഷ്യവുമില്ലാതെയാണ് ഒരേ കുടുംബത്തിലെ അംഗങ്ങളെ വേര്‍തിരിക്കുന്നതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഇത് കുടുംബജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആറു വയസ്സിന് താഴെയുള്ള ആണ്‍കുട്ടിയാണെങ്കിലും ആറു വയസ്സിന് മുകളിലുള്ള പെ ണ്‍കുട്ടിയാണെങ്കിലും മാതാവിന്റെ കൂടെയും എന്നാല്‍, ആറു വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ പിതാവിന്റെ കൂടെയും തടങ്കലില്‍ പാര്‍പ്പിക്കുന്ന രീതി ഒരു ലക്ഷ്യവുമില്ലാതെയാണെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.
ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരുള്ള അസം അടക്കം രാജ്യത്തെ ഒരൊറ്റ സംസ്ഥാനവും ഇത്തരം തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. തടങ്കല്‍ കേന്ദ്രങ്ങള്‍ക്കുള്ള മാന്വല്‍ കേന്ദ്രസര്‍ക്കാര്‍ കഴിവതും വേഗം തയ്യാറാക്കണമെന്ന് ബെഞ്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. തടങ്കല്‍ കേന്ദ്രത്തില്‍ ഒരു സമയം 400 പേര്‍ക്ക് ഭക്ഷണം പാകംചെയ്യാന്‍ വിറകാണ് ഉപയോഗിക്കുന്നതെന്നും എന്തുകൊണ്ടാണ് പാചകവാതകം ലഭ്യാമാക്കാത്തതെന്നും ബെഞ്ച് ആരാഞ്ഞു. ഇക്കാര്യം അസം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഗുവാഹത്തിയിലെ മുന്‍കാല ജയില്‍ കെട്ടിടങ്ങള്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തടങ്കല്‍ കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിശോധിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനോട് ബെഞ്ച് നിര്‍ദേശം നല്‍കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 രാജ്യത്തെ പൗരന്‍മാര്‍ക്കും പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും ബാധകമാണെന്നും അസം സര്‍ക്കാര്‍ ഇക്കാര്യം കണിശതയോടെ പരിഗണിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു.

Next Story

RELATED STORIES

Share it