അസം ജനത മാപ്പ് നല്‍കണമെന്ന് ഉള്‍ഫ നേതാവ്

ഗുവാഹത്തി: കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഉള്‍ഫ നേതാവ് അനൂപ് ചെട്ടിയ ചെയ്ത കുറ്റങ്ങള്‍ക്ക് അസം ജനതയോടു മാപ്പപേക്ഷിച്ചു. താന്‍ സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 18 വര്‍ഷമായി ബംഗ്ലാദേശിലെ ജയിലില്‍ കഴിഞ്ഞിരുന്ന ചെട്ടിയയെ കഴിഞ്ഞ നവംബര്‍ 11നാണ് ബംഗ്ലാദേശ് ഇന്ത്യക്കു കൈമാറിയത്. തുടര്‍ന്ന് ഒരു കൊലപാതകക്കേസില്‍ അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തു.
രണ്ടു ടാഡ കേസുകളുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം തിരികെ കൊണ്ടുവരുമ്പോഴാണ് ചെട്ടിയ മാധ്യമങ്ങളോടു കുറ്റസമ്മതം അറിയിച്ചത്.
തങ്ങളുടെ വിപ്ലവത്തെ എതി ര്‍ത്ത് ജീവന്‍ നഷ്ടപ്പെട്ട ജനങ്ങള്‍ക്കു താന്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നുവെന്നും അവരുടെ ആത്മാവിനു ശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്കുള്ള പിന്തുണയെപ്പറ്റി ചോദിച്ചപ്പോള്‍ സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചയ്ക്കു താന്‍ എതിരാണെന്നാണ് പലരും സംശയിക്കുന്നത്. താന്‍ ഓടിപ്പോവുമെന്നും ചിലര്‍ കരുതുന്നു. എന്നാല്‍, താന്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. ബംഗ്ലാദേശില്‍ നിന്ന് എന്നെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, കായിക മന്ത്രിമാര്‍, അസം മുഖ്യമന്ത്രി എന്നിവരോട് തനിക്കു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുവദിച്ചില്ല.
1997ലാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതിനും വ്യാജ പാസ്‌പോര്‍ട്ട് കൈവശംവച്ചതിനും ബംഗ്ലാദേശ് പോലിസ് ചെട്ടിയയെ അറസ്റ്റ് ചെയ്തത്. ചെട്ടിയയുടെ കുറ്റസമ്മതവും സമാധാന ചര്‍ച്ചയ്ക്കു സന്നദ്ധനാണെന്ന നിലപാടും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനു സഹായിക്കുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.
Next Story

RELATED STORIES

Share it