അസം: കോണ്‍ഗ്രസ്സെന്നാല്‍ തരുണ്‍ ഗൊഗോയ്

ഗുവാഹത്തി: കോണ്‍ഗ്രസ്സിന് ഭരണത്തുടര്‍ച്ച നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. 2001 മെയ് മുതല്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് തരുണ്‍ ഗൊഗോയ്. വികസന കാര്യത്തില്‍ സ്വജനപക്ഷപാതം കാണിക്കുന്നുവെന്നും അഴിമതി വ്യാപകമായിരിക്കുന്നുവെന്നുമാണ് അദ്ദേഹത്തിനെതിരേ പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള വിമര്‍ശനം.
ശിവസാഗര്‍ ജില്ലയിലെ ജോര്‍ഹട്ടിലുള്ള രംഗജന്‍ ടീ എസ്‌റ്റേറ്റില്‍ തായ് അഹോം വംശജരായ കുടുംബത്തില്‍ 1936 ഏപ്രില്‍ ഒന്നിനാണ് ഗൊഗോയിയുടെ ജനനം. അച്ഛന്‍ കമലേശ്വര്‍ ഗൊഗോയ് പ്രദേശത്തെ ഡോക്ടറായിരുന്നു. അമ്മ ഉഷ ഗൊഗോയ് അറിയപ്പെട്ട കവയിത്രിയും. രംഗജന്‍ നിംന ബുനിയാഡി വിദ്യാലയം, ജോര്‍ഹട്ട് മദ് റസ സ്‌കൂള്‍, ഭോലാഗുരി ഹൈസ്‌കൂള്‍, ജോര്‍ഹട്ട് സര്‍ക്കാര്‍ ഹൈസ്‌കൂള്‍, ജഗനാഥി ബറൂവ കോളജ്, ഗുവാഹത്തി സര്‍വകലാശാല എന്നിവിടങ്ങില്‍ പഠനം. ബിരുദാനന്തര ബിരുദധാരിയായ ഡോളി ഗൊഗോയിയെ 1972ല്‍ വിവാഹം കഴിച്ചു. എംബിഎ ബിരുദധാരിയായ ചാന്ദ്രിമ മകളും കലൈബാറില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഗൗരവ് മകനുമാണ്.
1968ല്‍ ജോര്‍ഹട്ട് മുനിസിപ്പല്‍ ബോര്‍ഡ് അംഗമായാണ് ഗൊഗോയ് രാഷ്ട്രീയ രംഗത്തെത്തിയത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി 1976ല്‍ തിരഞ്ഞെടുത്തതോടെ പ്രവര്‍ത്തനം ദേശീയ തലത്തിലായി. 1977ലും 80ലും 98ലും 99ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1997ല്‍ മാര്‍ഗരിറ്റ മണ്ഡലത്തില്‍ നിന്ന് അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരിട്ട തിരഞ്ഞെടുപ്പുകളിലെല്ലാം അസമില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയതോടെ തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായി.
എന്നാല്‍ 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 മണ്ഡലങ്ങളില്‍ ബിജെപി ഏഴെണ്ണം നേടിയതോടെ ഗൊഗോയിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെയാണ് അസം സാമ്പത്തികാഭിവൃദ്ധി നേടിയത്. പക്ഷേ ഗൊഗോയിയുടെ മൂന്നാമൂഴം ആരംഭിച്ചപ്പോഴേക്കും കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട ശക്തിപ്പെട്ടിരുന്നു. 10 വിമത എംഎല്‍എമാരെ കോണ്‍ഗ്രസ്സിന് അടുത്തിടെ പുറത്താക്കേണ്ടിവന്നു.
Next Story

RELATED STORIES

Share it