അസം: അജ്മല്‍ കിങ്‌മേക്കര്‍ ആവുമോ?

ഗുവാഹട്ടി: അസമില്‍ തൂക്കുനിയമസഭ നിലവില്‍ വരാനുള്ള സാധ്യത നിലനില്‍ക്കെ എല്ലാ കണ്ണുകളും എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ എംപിയിലായി.
തിരഞ്ഞെടുപ്പിനുശേഷം ഇദ്ദേഹം കിങ്‌മേക്കര്‍ ആവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ്സും എജിപിയും ബിപിഎഫും അടക്കമുള്ള മതേതര കക്ഷികളുടെ സഖ്യത്തിനു രൂപം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പിടിഐക്കനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇപ്പോള്‍ ബിജെപിയുമായി സഖ്യത്തിലുള്ള എജിപിയിലെ പ്രഫുല്ലകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം അസമില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ബദറുദ്ദീന്‍ അജ്മല്‍ മൂന്നാം സഖ്യത്തിന്റെ സാധ്യതയെക്കുറിച്ചു സൂചിപ്പിച്ചത്.
തന്റെ പാര്‍ട്ടി 30 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി നിയമസഭയിലെത്തും. തങ്ങളെക്കൂടാതെ ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയാവാന്‍ തനിക്കാഗ്രഹമില്ല. പ്രഫുല്ലകുമാര്‍ മഹന്തയെയാണ് താന്‍ ആ സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്.
പത്തുവര്‍ഷത്തോളം അദ്ദേഹവുമൊത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തി മഹന്തയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു. എജിപിക്ക് കോണ്‍ഗ്രസ്സുമായി രഹസ്യ ധാരണയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നത്.
ബിജെപിയുമായി എജിപി സഖ്യത്തിലായത് സാമ്പത്തിക കാരണങ്ങളാലാണ്. ഈ തിരഞ്ഞെടുപ്പില്‍ എജിപിക്കായിരിക്കും പ്രധാനനേട്ടം. എജിപി ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ അവര്‍ക്ക് അഞ്ചോ ആറോ സീറ്റുകള്‍ മാത്രമാണു ലഭിക്കുക.
ബിജെപിയുടെ സാമ്പത്തിക സഹായത്താല്‍ അവര്‍ക്ക് ഒരുപക്ഷേ പത്തോ പന്ത്രണ്ടോ സീറ്റുകള്‍ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു നിയമസഭയില്‍ 18 അംഗങ്ങളുള്ള എഐയുഡിഎഫാണ് പ്രധാന പ്രതിപക്ഷ കക്ഷി.
തിരഞ്ഞെടുപ്പില്‍ ജെഡി(യു), ആര്‍ജെഡി കക്ഷികളുമായി സഖ്യത്തിലാണെങ്കിലും ഈ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ല. തിരഞ്ഞെടുപ്പിനു മുമ്പ് ബിഹാര്‍ മാതൃകയില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ്സും എജിപിയുമായി വിശാലസഖ്യം രൂപീകരിക്കാന്‍ എഐയുഡിഎഫ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വം മതേതര സഖ്യത്തിനുവേണ്ടി ഇടപെടുമെന്നാണു വിശ്വസിക്കുന്നതെന്നും അജ്മല്‍ പറഞ്ഞു. 16നാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it