wayanad local

അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം; കരാറുകാര്‍ അനിശ്ചിതകാല സമരത്തിന്



പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മേഖലകളിലെ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുന്നു. നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ജില്ലയില്‍ ആവശ്യമായ കരിങ്കല്ല് ഇല്ലാത്തതിനാല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമാണ് എത്തിക്കുന്നത്. മെറ്റല്‍, മണല്‍, വെട്ടുകല്ല് തുടങ്ങിയവയും ജില്ലയ്ക്കു പുറത്തുനിന്നു കൊണ്ടുവരുന്നു. ഇത്തരത്തില്‍ കൊണ്ടുവരുമ്പോള്‍ വാഹനക്കൂലി ഇനത്തില്‍ വലിയ തുകയാണ് കരാറുകാരന് നല്‍കേണ്ടി വരുന്നത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലെ റോഡുകളുടെ നിര്‍മാണം സമരംമൂലം അനിശ്ചിതത്വത്തിലാവും. റോഡുകളുടെ നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തുക അപര്യാപ്തമാണ്. ആവശ്യമായ മെറ്റല്‍ ഉപയോഗിക്കാതെയുള്ള ടാറിങ് റോഡുകളുടെ ആയുസ്സ് കുറയ്ക്കുകയാണ്. അശാസ്ത്രീയമായി തയ്യാറാക്കിയിരിക്കുന്ന എസ്റ്റിമേറ്റുകള്‍ പുനപ്പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പരിഹാരം ഉണ്ടാവുന്നതു വരെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ യാതൊരു പ്രവൃത്തികളും ഏറ്റെടുക്കില്ലെന്നും സമരം ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആന്റണി താന്നിക്കല്‍, ബിനോയ്, സന്തോഷ്, ഷിംസണ്‍, വി എം പൗലോസ്, ഷാബു ജോര്‍ജ്, പി എസ് റെജി സംബന്ധിച്ചു.
Next Story

RELATED STORIES

Share it