അസംതൃപ്തിയുടെ നേട്ടം ഇടതുപക്ഷം പ്രയോജനപ്പെടുത്തിയില്ല: തപന്‍സെന്‍

പത്തനംതിട്ട: കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ വരവ് ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണെന്നു സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാല്‍, നവലിബറല്‍ ഉദാരവല്‍ക്കരണ നയത്തിനെതിരേ ഉടലെടുത്ത ഈ അസംതൃപ്തി ശക്തിപ്പെടുത്തി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ വലിയ പങ്കുവഹിച്ചത് ഇടതുപക്ഷവും തൊഴിലാളികളുമാണ്. പണിമുടക്കുകള്‍, കാര്‍ഷിക മേഖലയിലെ സമരങ്ങള്‍ എല്ലാം അതിനുള്ള അന്തരീക്ഷം ഉണ്ടാക്കി. പക്ഷേ, നേട്ടം പ്രയോജനപ്പെടുത്തുന്നതില്‍ ഇടതുപക്ഷങ്ങള്‍ക്കു കഴിഞ്ഞില്ല. അസംതൃപ്തിയുടെ നേട്ടം മുതലാക്കിയതു വലതുപക്ഷമാണ്. അതിനു കാരണം വിശ്വസനീയമായ ബദല്‍ അവതരിപ്പിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടതാണ്.
കാര്‍ഷിക മേഖലയില്‍ നവ ഉദാരവല്‍ക്കരണം കടന്നുകയറിയതു മൂലം ഉല്‍പാദനം വര്‍ധിച്ചു, സമ്പത്ത് കൂടി. പക്ഷേ, കര്‍ഷകരുടെ ദുരിതം തുടരുന്നു.
ഉല്‍പാദനം കൂടിയിട്ടും കര്‍ഷകരുടെ കടം തീരുന്നില്ല. ജീവിതനിലവാരം മെച്ചപ്പെടുന്നില്ല. ജിഡിപി ഉയരുന്നുവെന്നാണു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ജിഡിപി കൂടിയപ്പോള്‍ തൊഴില്‍ കുറയുകയാണു ചെയ്തത്.
എല്ലാ മൗലികവാദങ്ങളെയും ശക്തിപ്പെടുത്തി തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആഗോളമായി നടക്കുന്നു. ദലിതരും ന്യൂനപക്ഷവും ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള കേരള ഗവണ്‍മെന്റിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും തപന്‍സെന്‍ പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.
Next Story

RELATED STORIES

Share it