thrissur local

അഷ്ടമിച്ചിറ-മാള റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു



മാള: അഷ്ടമിച്ചിറ-മാള റോഡില്‍ വാഹനാപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥയാകുന്നു. അതേസമയം ഗതാഗത പരിഷ്‌ക്കാരങ്ങളും അപകട സാധ്യത ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഉണ്ടാകാത്തതിനെതിരെ ജനരോഷം ഉയരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ബൈക്ക് കാറുകളില്‍ ഇടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലുണ്ടായ അപകടം. മാസങ്ങള്‍ക്ക് മുന്‍പ് ബൈക്കില്‍ കാറിടിച്ച് വടമ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. അമിത വേഗതയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ദ്യക്‌സാക്ഷികള്‍ പറയുന്നു. വേഗത നിയന്തിക്കുന്നതിനുള്ള മുന്നറിയിപ്പുകളൊന്നും മാളക്കും അഷ്ടമിച്ചിറക്കുമിടയില്‍ ഇല്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. അഷ്ടമിച്ചിറ മാള റോഡില്‍ അഞ്ചിടങ്ങളിലാണ് കൂടുതല്‍ അപകട സാദ്ധ്യതയുള്ളത്. അഷ്ടമിച്ചിറ ശിവക്ഷേത്രത്തിന് മുന്നിലെ വളവിലും ചാലക്കുടി  റോഡില്‍ നിന്ന് കൊടകര റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലും ഉരുണ്ടോളിയിലെ പെട്രേള്‍ പമ്പിന് മുന്നിലും മാരേക്കാട് റോഡില്‍ നിന്ന്  ഉരുണ്ടോളിയിലേക്ക് പ്രവേശിക്കുന്നിടത്തും അഷ്ടമിച്ചിറ ബാറിനോട് ചേര്‍ന്നുള്ള വൈന്തല വണ്‍വേ റോഡിലേക്ക് കടക്കുന്നിടത്തും നിരവധി വാഹന അപകടങ്ങളും ഏതാനും അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകളൊ മറ്റ് സംവിധാനങ്ങളോ മാളക്കും അഷ്ടമിച്ചിറക്കും ഇടയില്‍  ഇല്ലാത്തതും അപകട  സാദ്ധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തിരക്കേറിയ അഷ്ടമിച്ചിറ ജംഗ്ഷനില്‍ പോലും റോഡ് മുറിച്ച് കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി സീബ്രാലൈനുകളില്ലാത്തതും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഉരുണ്ടോളി ബാര്‍ ജംഗ്ഷന്‍, ഉരുണ്ടോളി ജംഗ്ഷന്‍, അഷ്ടമിച്ചിറ ജംഗ്ഷന്‍ തുടങ്ങിയ മൂന്നും കൂടിയ റോഡുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനായി മിറര്‍ പിടിപ്പിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇടുങ്ങിയ ഉരുണ്ടോളി ജംഗ്ഷനില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് റോഡിന് വീതികൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. അഷ്ടമിച്ചിറ  ശിവക്ഷേത്രത്തിനരികിലുള്ള തോടിന് മുകളിലുള്ള കലുങ്കിന് നീളവും ഉയരവും കുറവായത് കാരണം വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യത ഏറെയാണ്. എന്നിട്ടും കലുങ്കിന്റെ നീളവും ഉയരവും വര്‍ദ്ധിപ്പിച്ച് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അഷ്ടമിച്ചിറയിലെ തിരക്ക് കുറക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നടപ്പിലാക്കിയ വണ്‍വേ സമ്പ്രദായം പാലിക്കപ്പെടാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. അഷ്ടമിച്ചിറ ജംഗ്ഷനില്‍ മൂന്നും കൂടിയ റോഡിന് നടുവില്‍ ഉണ്ടായിരുന്ന ട്രാഫിക് പോസ്റ്റ് പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി തറ നിര്‍മിച്ചത് കാരണം ചാലക്കുടി, മാള ഭാഗങ്ങളില്‍ നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ശ്രമകരമായി വളക്കേണ്ടി വരുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it