അശ്വതി ജ്വാലയോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു: വി എം സുധീരന്‍

കോഴിക്കോട്: വിദേശ വനിത ലിഗയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും പോലിസിനെയും വിമര്‍ശിച്ച സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാലയോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിന്നല്‍ വേഗതയിലാണ് അശ്വതി ജ്വാലയ്‌ക്കെതിരേ പോലിസ് നടപടി സ്വീകരിച്ചത്. കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ നടപടിയെടുക്കാന്‍ പോലിസ് കാലങ്ങളെടുത്തു. ഇതുപോലുള്ള അനേകം സംഭവങ്ങളുണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലിസ് പെട്ടെന്ന് ഒരുദിവസം അശ്വതി ജ്വാലയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുകയാണ്. പോലിസിന്റെയോ സര്‍ക്കാരിന്റെയോ വീഴ്ച ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരോടുള്ള പകപോക്കല്‍ നയത്തിന്റെ ഭാഗമാണിത്.
ലിഗയെ കാണാതായതുമുതല്‍ അവരുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കിയ അശ്വതി ജ്വാല സര്‍ക്കാരിന്റെയും ഡിജിപിയുടെയും ഭാഗത്തുനിന്ന് അവര്‍ക്കുണ്ടായ തിക്താനുഭവം വിളിച്ചുപറഞ്ഞതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
യഥാര്‍ഥത്തില്‍ ആ കുട്ടി ചെയ്ത നല്ലകാര്യങ്ങളെ സര്‍ക്കാരും പോലിസും അഭിനന്ദിക്കുകയാണു വേണ്ടത്. അവരോട് പ്രതികാര മനോഭാവത്തോടെ പെരുമാറിയത് ശരിയല്ല. അശ്വതി ജ്വാലയോട് പോലിസ് മാപ്പുപറയണമെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it