അശോക് സിംഗാള്‍ അന്തരിച്ചു

ഗുഡ്ഗാവ്: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ശനിയാഴ്ച മേദാന്ത മെഡിസിറ്റി അശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിംഗാള്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് മരിച്ചതെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ അറിയിച്ചു. ബാബ്‌രി മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്ക് നേതൃത്വം കൊടുത്ത സംഘപരിവാര നേതാക്കളില്‍ പ്രധാനിയായിരുന്നു സിംഗാള്‍. 1926 സപ്തംബര്‍ 15ന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജനിച്ച സിംഗാള്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്തു. 1942ലാണ് ആര്‍എസ്എസില്‍ അംഗമാവുന്നത്.

1980ല്‍ വിഎച്ച്പിയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 1991 മുതല്‍ 2011 വരെ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. 1984ല്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന അദ്യ വിഎച്ച്പി ധര്‍മ സന്‍സദിന്റെ സംഘാടകന്‍ ആയിരുന്ന സിംഗാളാണ് ബാബരി മസ്ജിദ് തകര്‍ത്തതിലെ മുഖ്യ സൂത്രധാരന്‍. മസ്ജിദ് തകര്‍ക്കുമ്പോള്‍ സന്നിഹിതനായിരുന്ന സിംഗാളിന്റെ മിക്ക പ്രസ്താവനകളും വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതായിരുന്നു.  ഇന്ത്യയുടെ പേര് ഭാരതമെന്നാക്കണം, പൊളിച്ചുനീക്കിയ പള്ളിക്കു പകരം അയോധ്യയിലൊരിടത്തും പള്ളി നിര്‍മിക്കാന്‍ അനുവദിക്കില്ല. ഹിന്ദു മുസ്‌ലിം സൗഹൃദത്തിനുള്ള ഏക വഴി കാശി, മധുര, അയോധ്യ എന്നിവിടങ്ങളില്‍ ക്ഷേത്ര നിര്‍മാണത്തിന് മുസ്‌ലിംകള്‍ വഴങ്ങുകയാണ് തുടങ്ങി സിംഗാളിന്റെ വാക്കുകള്‍ എന്നും പ്രകോപനം സൃഷ്ടിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 3 വരെ മധ്യ ഡല്‍ഹിയിലെ ജന്ദ്‌വാലനിലുളള ആര്‍എസ്എസ് ഓഫിസില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം നിഗം ബോദ്ഘട്ടില്‍ സംസ്‌കരിക്കുമെന്ന് തൊഗാഡിയ പറഞ്ഞു.
Next Story

RELATED STORIES

Share it