Kottayam Local

അശാസ്ത്രീയ സിഗ്‌നല്‍ സംവിധാനം; തെങ്ങണാ ജങ്ഷന്‍ ഗതാഗതക്കുരുക്കില്‍

ചങ്ങനാശ്ശേരി: കിഴക്കന്‍ മേഖലയും കുട്ടനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുമളി-ചങ്ങനാശ്ശേരി റോഡിലെ തെങ്ങണാ ജങ്ഷന്‍ അശാസ്ത്രീയ സിഗ്‌നല്‍ സംവിധാനം കാരണം ഗതാഗതക്കുരുക്കില്‍.
ഏറ്റുമാനൂര്‍-പെരുന്തുരുത്തി ബൈപാസ് റോഡുമായി സന്ധിക്കുന്ന മുഖ്യ ജങ്ഷന്‍ കൂടിയായ ഇതുവഴി നൂറുകണക്കിനു വാഹനങ്ങളാണ് നിരന്തരം കടന്നുപോവുന്നത്. ജങ്ഷനില്‍ നിന്ന് തെക്കോട്ടുള്ള റോഡിലെ സിഗനല്‍ ലൈറ്റുകള്‍ കേടുപാടുകള്‍ സംഭവിച്ച് ദിശതെറ്റിയ നിലയിലായിട്ട് ദിവസങ്ങളേറെയായി. ഇതേ തുടര്‍ന്ന് ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ എംസി റോഡ് വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നതിനാല്‍ തിരുവല്ലാ ഭാഗത്തേക്കും മറ്റുമുള്ള വാഹനങ്ങളില്‍ അധികവും ഇപ്പോള്‍ കടന്നുപോവുന്നത് പെരുന്തുരുത്തി ബൈപാസിലൂടെയാണ്. ഇതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. കൂടാതെ കിഴക്കു പടിഞ്ഞാറ് ഭാഗങ്ങളിലേക്കുളള വാഹനങ്ങള്‍ പുറപ്പെട്ട് കഴിഞ്ഞ് തെക്ക് വടക്ക് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ ലഭിക്കുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. ഗുഡ്‌ഷെപ്പേര്‍ഡ് റോഡില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ ലഭിക്കുന്ന ദൈര്‍ഘ്യം കുറവായതാണ് ഇതിനു കാരണം.
ഇതിനാല്‍ തെങ്ങണ മുതല്‍ ഗുഡ്‌ഷെപ്പേര്‍ഡ് റോഡ് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. നിലവില്‍ വാഴൂര്‍-ചങ്ങനാശ്ശേരി റോഡില്‍ സ്ഥാപിച്ച സിഗ്‌നലില്‍ പച്ച ലൈറ്റ് 60 സെക്കന്‍ഡും ചുവപ്പ് 120 സെക്കന്‍ഡും പ്രകാശിക്കാനാണ് ക്രമീകരിച്ചിരിക്കുന്നത്.
പെരുന്തുരുത്തി-കോട്ടയം റൂട്ടില്‍ പച്ച 30ഉം ചുവപ്പ് 60ഉം സെക്കന്‍ഡാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ സമയക്രമീകരണത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളൂ. സമീപത്തെ സ്വകാര്യ സ്‌കൂളിലെ 30ലധികം വാഹനങ്ങളും ദീര്‍ഘദൂര ബസ്സുകളും ഈ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് സ്ഥിരമാണ്. ഇതിനു പരിഹാരമായി പോലിസിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് ഇപ്പോള്‍. നിലവിലെ സിഗ്‌നല്‍ സംവിധാനം പുനക്രമീകരിച്ച് തെങ്ങണ ജങ്ഷനില്‍ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it