thrissur local

അശാസ്ത്രീയ റോഡ് നിര്‍മാണം: മണ്ണുത്തി-അങ്കമാലി പാതയില്‍ പൊലിഞ്ഞത് 537 ജീവനുകള്‍

തൃശൂര്‍: അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം മണ്ണുത്തി-അങ്കമാലി നാലുവരിപ്പാതയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പൊലിഞ്ഞത് 537 ജീവനുകള്‍. 2756 അപകടങ്ങളിലായാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടായതു സിഗ്നല്‍, സീബ്രാ ലൈന്‍ ക്രോസിങിലാണ്.
551 അപകടങ്ങളാണ് ഉണ്ടായത്. 168 പേര്‍ മരിച്ചു. മണ്ണുത്തി മുതല്‍ കറുകുറ്റി വരേയുള്ള 38 കിലോമീറ്ററിനുള്ളിലുണ്ടായ അപകടങ്ങളുടെ കണക്കാണിത്. അപകടങ്ങളില്‍ 2395 പേര്‍ക്ക് പരിക്കേറ്റു. 560 പേര്‍ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ജീവിക്കുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ വിവിധ-കേന്ദ്ര സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റികള്‍ നോക്കുകുത്തിയായതോടെയാണ് നാലുവരിപ്പാത മരണപാതയായി മാറിയിരിക്കുന്നത്.
വിവരാവകാശ നിയമ പ്രകാരം നേര്‍കാഴ്ച്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി ബി സതീഷിനു ലഭിച്ചതാണ് ഈ വിവരങ്ങള്‍. 11 മാസം കൊണ്ട് 50 മുതല്‍ 77 പേര്‍ വരെ അപകടങ്ങളില്‍ പെട്ട് മരണമടയുന്നതു കണക്കാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദേശിയപാതയായി നാലുവരിപ്പാത മാറി.
2011 മുതലാണ് നാലുവരിപ്പാത സഞ്ചാരത്തിനായി തുറന്നു കൊടുത്തത്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഇത്രയധികം പേര്‍ റോഡില്‍ അപകടങ്ങലില്‍പെട്ട് പിടഞ്ഞു മരിക്കാന്‍ കാരണമെന്നു വിദഗ്ധര്‍ പറയുന്നു. അടിപ്പാത നിര്‍മിക്കാത്തതിനാലാണ് ജംങ്ഷനുകള്‍ രക്തക്കളമായി മാറുന്നത്. റോഡ് ഇടമുറിഞ്ഞ് കടക്കുമ്പോള്‍ സീബ്രാ ലൈനില്‍ വാഹനങ്ങളിടിച്ചാണ് 168 പേര്‍ മരിച്ചത്. ദേശിയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം(നാറ്റ്പാക്) റിപ്പോര്‍ട്ട് പ്രകാരം നാലുവരിപ്പാതയില്‍ 24 ബ്ലാക്ക് സ്‌പോട്ടുകളാണുള്ളത്. 20ല്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളെയാണ് ബ്ലാക്ക് സ്‌പോട്ടായി കണക്കാക്കിയിരിക്കുന്നത്.
2017 ഡിസംബര്‍ മുതല്‍ 2018 ജനുവരി 30 വരെ നടത്തറ, കുഞ്ഞനംപാറ, കുട്ടനെല്ലൂര്‍, മരത്താക്കര, പുഴമ്പള്ളം, പുതുക്കാട്, നന്തിക്കര, ആമ്പല്ലൂര്‍, പാലിയേക്കര, ഗാന്ധിനഗര്‍, നെല്ലായി, പേരാമ്പ്ര, ഉളുമ്പത്തുകുന്ന്, പൊങ്ങം, ചിറങ്ങര എന്നീ സിഗ്നല്‍ ജങ്ഷനുകളില്‍ 40 അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 19 പേര്‍ മരിച്ചു. അടിപ്പാതകള്‍ നിര്‍മിക്കാതെ അശാസ്ത്രീയമായ നിര്‍മാണം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ആറുവരിപ്പാതയായ മണ്ണുത്തി വടക്കഞ്ചേരി പാതയില്‍ കൂട്ട മനുഷ്യകുരുതിയാവും ഉണ്ടാവുകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
റോഡ് കമ്മീഷന്‍ ചെയ്യുന്നതിനു മുമ്പു തന്നെ ആറുവരിപ്പാത ഇടമുറിഞ്ഞ നാലു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അടിപ്പാതകള്‍ നിര്‍മിക്കാത്തതിനാല്‍ ജനകീയ തെളിവെടുപ്പിന് ശേഷം മാത്രമേ റോഡ് കമ്മീഷന്‍ ചെയ്യാവൂ എന്നാവശ്യപ്പെട്ട് തെളിവുകളും റിപ്പോര്‍ട്ടുകളുമടക്കം റോഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്കു നേര്‍ക്കാഴ്ച്ച മനുഷ്യാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എം കെ ദയാനന്ദന്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it