kasaragod local

അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം ; പരിഹരിക്കപ്പെടാതെ നഗരത്തിലെ ഗതാഗതക്കുരുക്ക്



കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗതകുരുക്കിന് ഇനിയും പരിഹാരം അകലെ. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌ക്കാരം മൂലം ദീര്‍ഘനേരം വാഹനങ്ങള്‍ നഗരത്തില്‍ കുടുങ്ങി കിടക്കുകയാണ്. കോട്ടച്ചേരി ട്രാഫിക് ജങ്ഷന്‍ മുതല്‍ സ്മൃതി മണ്ഡപം വരെ റോഡ് ഡിവൈഡറുകള്‍ ഉണ്ടെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയതയും കേവലം 700 മീറ്റര്‍ ദൂരത്തില്‍ മെട്രോസില്‍ക്‌സ്, ബസ് സ്റ്റാന്റ്്, സിന്‍ഡിക്കേറ്റ് ബാങ്ക്, കൈലാസ് തിയറ്റര്‍ എന്നിവയുടെ മുന്‍വശത്ത് നാലു സ്ഥലങ്ങളിലായി ഓട്ടോറിക്ഷകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കാറുകള്‍ തുടങ്ങിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും റോഡ് ക്രോസ് ചെയ്യുന്നത് ട്രാഫിക് തടസ്സത്തിന് പ്രധാന കാരണമാകുന്നു. സ്റ്റാന്റില്‍ പ്രവേശിച്ച് കൃത്യസമയത്ത് യാത്ര തുടങ്ങേണ്ട സ്വകാര്യ ബസ്സുകള്‍ക്ക് ഓടി എത്താന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ട്രിപ്പ് മുടങ്ങേണ്ടി വരുന്നുണ്ട്. 700 മീറ്ററിനകത്ത് അഞ്ച് ഓട്ടോ പാര്‍ക്കിങ്ങുകളാണ് നിലവിലുള്ളത്. റോഡുവക്കിലൊതുക്കി ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനു പകരം മൂന്ന് വരികളിലായി റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി നഗരസഭാ ചെയര്‍മാനും ആര്‍ഡിഒയും വിളിച്ച് ചേര്‍ത്ത ട്രാഫിക് അവലോകന യോഗങ്ങളിലും ഉയര്‍ന്നുവന്ന ഒരു പ്രധാന വിഷയമാണ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു പിറകുവശത്തുകൂടി കുന്നുമ്മലിലേക്കുള്ള സമാന്തര പാത, അതിന്റെ വീതി കൂട്ടുന്ന പ്രവൃത്തിയോ വാഹനങ്ങളുടെ ഗതി തിരിച്ചുവിടുന്ന പ്രവൃത്തിയോ ഇന്നും നടപ്പിലായിട്ടില്ല. ചന്ദ്രഗിരി റോഡിലെ പുതിയ പാലത്തിന്റെ നിര്‍മാണത്തിനുശേഷം, അമിതഭാരം കയറ്റിയ നാഷണല്‍ പെര്‍മിറ്റ് ലോറികളും കണ്ടെയ്‌നറുകളടക്കമുള്ള വാഹനങ്ങളും അതുവഴിയാണ് പോവുന്നത്. ഈ വാഹനങ്ങള്‍ മുഴുവന്‍ സദാസമയവും നഗരത്തില്‍ പ്രവേശിക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയിലുള്ള വളവും, കയറ്റിറക്കവും ഒഴിവാക്കാനായി ഇതുവഴി വരുന്ന ഇത്തരം വാഹനങ്ങളെ ബേക്കല്‍-പള്ളിക്കര ജങ്ഷനില്‍ നിന്നു കിഴക്കുഭാഗത്തേക്ക് തിരിച്ചുവിട്ടാല്‍ കാഞ്ഞങ്ങാട് പട്ടണത്തി ല്‍ പ്രവേശിക്കാതെ തന്നെ ദേശീയപാതയില്‍ പ്രവേശിക്കാനാവും. കാസര്‍കോട് പ്രസ് ക്ലബ്ബ് ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള മുഴുവന്‍ കെഎസ്ടിപി റോഡിലും റോഡു ഡിവൈഡറുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം ഇക്ബാല്‍ ജങ്ഷന്‍, മാണിക്കോത്ത് ജങ്ഷന്‍, ചാമുണ്ടിക്കുന്ന് ജങ്ഷന്‍, നോ ര്‍ത്ത് ചിത്താരി വളവ്, മന്‍സൂര്‍ ഹോസ്പിറ്റലിനു മുന്‍വശം, പുതിയകോട്ട ജങ്ഷന്‍, ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍, കളനാട്, ഉദുമ ടൗണുകള്‍ റോഡ് ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it