thrissur local

അശാസ്ത്രീയ അറ്റകുറ്റപ്പണി; കുന്നംകുളം- കുറ്റിപ്പുറം ഹൈവിയില്‍ റോഡ് നിര്‍മാണം തടഞ്ഞു

കുന്നംകുളം: കുന്നംകുളം- കുറ്റിപ്പുറം ഹൈവേയില്‍ പാറേമ്പാടത്ത് പൊതുമരാമത്ത് കഴിഞ്ഞ മൂന്ന് ദിവസമായി നടത്തി വരുന്ന റോഡ് നിര്‍മ്മാണം പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു.നിര്‍മ്മാണം അശാസ്ത്രീയമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
റബ്ബറൈസ്ഡ് റോഡുകള്‍ സാധാരണ റോഡ് ടാറിംഗിലേക്ക് മാറ്റാനുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും ശ്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. രണ്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ അറ്റകുറ്റപണിക്ക് ഇരുപത്തഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍-കുന്നംകുളം റോഡിലും റബറൈസ്ഡ് റോഡുകള്‍ ഗുണനിലവാരം കുറഞ്ഞ രീതിയില്‍ ടാറിംഗ് നടത്തിയിരുന്നു.
പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ ജയശങ്കര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ പ്രവൃത്തികള്‍ വീണ്ടും തുടരുന്നത് ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് നിര്‍മാണം തടഞ്ഞത്.
സര്‍ക്കാരിന്റെ പണം റോഡുകളില്‍ ഒഴുക്കി കളയുന്ന പ്രവണത അനുവദിക്കാനാവില്ലെന്നും കുന്നംകുളത്തെ റബറൈസ്ഡ് റോഡുകള്‍ നശിപ്പിക്കുവാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പരിപാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജയശങ്കര്‍ വ്യക്തമാക്കി. പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എ. ജ്യോതിഷ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it