thrissur local

അശാസ്ത്രീയമായ ടാറിങ് : ടോറസ് ലോറി മറിഞ്ഞ് ദേശീയപാതയില്‍ ഗതാഗതതടസ്സം



പുതുക്കാട്: ദേശിയപാത കുറുമാലി ക്ഷേത്രത്തിന് സമീപം അശാസ്ത്രീയമായ ടാറിങ് മൂലം പച്ചക്കറി കയറ്റി വന്ന ടോറസ് ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പുതുക്കാട് പോലിസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി ലോറിയിലെ പച്ചക്കറികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി അപകടത്തില്‍പ്പെട്ട ലോറി റോഡില്‍ നിന്നും മാറ്റി രാവിലെ ഒമ്പതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മഴ ഉണ്ടായിരുന്നതിനാല്‍ പുതിയതായി ടാറിങ് കഴിഞ്ഞ ഭാഗം മിനുസപ്പെട്ടാണിരുന്നത്. ഇതുമൂലം ബ്രേക്ക് ചെയ്ത ലോറി റോഡില്‍ തെന്നി മറിയുകയായിരുന്നു. ലോറി റോഡിന് കുറുകെ കിടന്നിരുന്തിനാല്‍ ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വാഹനങ്ങളുടെ നിര ആമ്പല്ലൂരില്‍ എത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി അശാസ്ത്രീയ ടാറിങ് മൂലം പാലിയേക്കരയില്‍ 10 മിനിറ്റിനുള്ളില്‍ മൂന്ന് അപകടങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച തന്നെ പാലിയേക്കരയിലെ അപകടം നടന്ന സ്ഥലം ടോള്‍ കമ്പനി അധികൃതര്‍ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ടോള്‍ അധികൃതര്‍ കണ്ടില്ലെന്ന ഭാഗം നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുലര്‍ച്ചെ ഉണ്ടായ അപകടത്തിനു ശേഷം ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകിയതും ദേശിയപാത അധികൃതരുടെ പിടിപ്പുകേടാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it