അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം

തിരുവനന്തപുരം: കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍പൊട്ടുന്നത് പാറമടകൊണ്ടല്ല തുടങ്ങിയ യുക്തികള്‍ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.സ്വതവേ ഉരുള്‍പൊട്ടുന്ന സ്വഭാവമുള്ള ഭൂപ്രദേശമാണ് മലനാട്. അത്തരം ഭൂമിയില്‍ കുന്നിടിക്കുന്നതും പാറമടകള്‍ നടത്തുന്നതും ന്യായീകരിക്കാനാവില്ല. ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റു ഭൗമശാസ്ത്ര പ്രശ്‌നങ്ങളും പരിഗണിച്ചും അതിനെ കര്‍ശനമായി ഉള്‍പ്പെടുത്തിയും മാത്രമേ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കാവൂ എന്നും വി എസ് പറഞ്ഞു. പ്രളയക്കെടുതി ചര്‍ച്ച ചെയ്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സിപിഎം അംഗം എസ് രാജേന്ദ്രന്‍, സിപിഎം സ്വതന്ത്രന്‍ പി വി അന്‍വര്‍, എന്‍സിപിയിലെ തോമസ് ചാണ്ടി എന്നിവര്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മാഫിയകളോട് തുലനപ്പെടുത്തിയുള്ള വി എസിന്റെ ഒളിയമ്പ്. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിടനിര്‍മാണം അനുവദിക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, ഉണ്ടായിക്കഴിഞ്ഞ നിര്‍മിതികളെല്ലാം നിലനിര്‍ത്തേണ്ടതാണെന്ന സമീപനം മാറ്റണം. ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലുകളുടെ അനുഭവം വച്ച് സമയാസമയങ്ങളില്‍ ഭൗമശാസ്ത്ര പരിശോധനകള്‍ നടത്തി, ദുര്‍ബലമാവുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും കെട്ടിടങ്ങള്‍ ഒഴിവാക്കാനുമുള്ള സ്ഥിരമായ സംവിധാനത്തിന് രൂപം കൊടുക്കണം. നവകേരള സൃഷ്ടിക്കുള്ള സാമ്പത്തിക സമാഹരണത്തിന് മൂല്യമുണ്ടാക്കുന്ന സാമ്പത്തിക സംവിധാനങ്ങളെ ആശ്രയിക്കണം. ആയിരക്കണക്കിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി കടപ്പത്രത്തിലൂടെ സാമ്പത്തിക സമാഹരണം നടത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it