അശാന്തന്റെ മൃതദേഹത്തിന് അനാദരവ്: 20 പേര്‍ക്കെതിരേ കേസ്‌

കൊച്ചി: അന്തരിച്ച പ്രമുഖ ചിത്രകാരന്‍ അശാന്ത (മഹേഷ്) ന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ മുന്‍വശത്ത് മുറ്റത്ത് പൊതുദര്‍ശനത്തിന് വെയ്ക്കുന്നതിനെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആളുകളെത്തി പൊതുദര്‍ശനം തടയുകയായിരുന്നു. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസാണ് കേസെടുത്തത്. ചീത്തവിളി, ബാനര്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാല്‍ പറഞ്ഞു. 20 പേര്‍ ആരെല്ലാമാണെന്ന്് അന്വേഷണത്തിലൂടെയേ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ജനുവരി 31നാണ് അശാന്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ മുന്‍വശത്ത് മുറ്റത്ത് പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും സമീപത്തെ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരുവിഭാഗം തടഞ്ഞു. ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ പാടില്ലെന്നും ക്ഷേത്ര നടയായതില്‍ വിശ്വാസപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത് അക്കാദമിയുടെ മുറ്റത്താണെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ മുന്‍വശത്ത് വയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ക്ഷേത്രം ഭാരവാഹികളും ഉറച്ചുനിന്നതോടെ ബഹളമായി. തുടര്‍ന്ന് പോലിസെത്തി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. വടക്കുകിഴക്കേ മൂലയിലുള്ള ഗേറ്റിലൂടെ അശാന്തന്റെ മൃതദേഹം കൊണ്ടുവന്ന് അക്കാദമിയുടെ കിഴക്കുവശത്തുള്ള ചെറിയ വരാന്തയില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുകയായിരുന്നു.  മൃതദേഹത്തോട് ചില വര്‍ഗീയവാദികള്‍ കാണിച്ച ക്രൂരത ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
Next Story

RELATED STORIES

Share it