അവിശ്വാസം പരിഗണിച്ചില്ല

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെയും പാര്‍ലമെന്റ് പരിഗണനയ്‌ക്കെടുത്തില്ല. ടിഡിപി അടക്കമുള്ള പാര്‍ട്ടികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭാനടപടികള്‍ തടസ്സപ്പെടുത്തിയത് ന്യായമാക്കിയാണ് അവിശ്വാസം സ്പീക്കര്‍ പരിഗണിക്കാതിരുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മോദി സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് കത്തു നല്‍കിയിരുന്നത്.
ലോക്‌സഭയിലെ ആദ്യനടപടിയായ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു പ്രമേയം പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, സഭ ചേര്‍ന്നയുടനെ ടിഡിപി, എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ 12 മണി വരെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. 12 മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍, വിവിധ കക്ഷികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതിഷേധം തുടര്‍ന്നതോടെ, സഭാനടപടികള്‍ ക്രമപ്രകാരം നടക്കാത്തതിനാല്‍ അവിശ്വാസ പ്രമേയം പരിഗണിക്കാനാവില്ലെന്നു സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ഇടതുപക്ഷം, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എംഐഎം, മുസ്‌ലിം ലീഗ് എന്നിവ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഐഎഡിഎംകെ വക്താവ് കെ സി പളനിസ്വാമിയും അവിശ്വാസ പ്രമേയത്തെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപിയുടെ സമ്മര്‍ദം മൂലം നിലപാട് മാറ്റി. പളനിസ്വാമിയെ കഴിഞ്ഞദിവസം സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. ബിജെപിയുടെ സമ്മര്‍ദം മൂലമാണ് തന്നെ വക്താവ് സ്ഥാനത്തു നിന്ന് നീക്കിയതെന്ന് പളനിസ്വാമി തന്നെ വ്യക്തമാക്കിയിരുന്നു. അവിശ്വാസ പ്രമേയത്തെ തമിഴ്‌നാട് സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
എന്‍ഡിഎയുമായി ഉടക്കിനില്‍ക്കുന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കുലുക്കാന്‍ സാധിക്കില്ലെന്ന മിഥ്യ തെലുഗുദേശം പാര്‍ട്ടിയുടെ അവിശ്വാസപ്രമേയം തകര്‍ത്തതായി ശിവസേന പ്രസ്താവനയില്‍ അറിയിച്ചു. ഒഡീഷയിലെ ബിജു ജനതാദളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് തങ്ങള്‍ അനുകൂലമാണെങ്കിലും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ വ്യക്തമാക്കി. അതേസമയം, അവിശ്വാസ പ്രമേയം നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it