അവഹേളനത്തിന്റെ രാഷ്ട്രീയം

അവഹേളനത്തിന്റെ രാഷ്ട്രീയം
X
slug-a-b






ഭരണഘടനാ സ്ഥാപനങ്ങ ളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ സ്വന്തം നിലവാരത്തിനും സ്വന്തം രാഷ്ട്രീയ നിലവാരത്തിനുമപ്പുറം ചില ഔചിത്യ മര്യാദകള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രധാനമന്ത്രി തുടങ്ങിയ കസേരകളില്‍ വിവക്ഷിക്കപ്പെടുന്നത് അതാണ്. പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയില്‍ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നോക്കേണ്ടത്.






ക്ഷണിച്ച്, ഇലയിട്ടിട്ട് ഊണില്ലെന്നു പറയുന്ന കലാപരിപാടിയില്‍ കേരളീയ സമൂഹം പൊതുവില്‍ ക്ഷുഭിതമായത് ശീലമില്ലാത്ത ഒരു രാഷ്ട്രീയത്തിന്റെ ഫലമാണ്. രാഷ്ട്രീയ ചക്രവാളത്തിലെ മധ്യമപദക്കാരായ കോണ്‍ഗ്രസ്സും അതിനെ ചുറ്റിപ്പറ്റി ഭ്രമിക്കുന്ന കക്ഷികളും ഒരു വശത്ത്. ഇടതുപക്ഷക്കാരായ കക്ഷികളും അവരുടെ ഉപഗ്രഹങ്ങളും മറുവശത്ത്. ലക്ഷണമൊത്ത വലതുപക്ഷ രാഷ്ട്രീയകക്ഷികളെ കേരളത്തിന്റെ മുഖ്യധാരയ്ക്ക് കാര്യമായ ശീലമില്ല. ഈ അനുഭവക്കുറവിന്റെ ചേതമല്ലേ ശങ്കര്‍ പ്രതിമാ വിവാദത്തിന്റെ അടിവര?
ഉമ്മന്‍ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് അവഹേളിക്കപ്പെട്ടതെന്നു പറയുന്നവരും, സ്വകാര്യ ചടങ്ങിനു ക്ഷണം മാറ്റിമറിക്കാന്‍ സംഘാടകര്‍ക്ക് അവകാശമുണ്ടെന്നു തൊടുന്യായം പറയുന്നവരും ഒരുപോലെ വിട്ടുകളയുന്ന ചില വസ്തുതകളുണ്ട്. ഈ രണ്ടു വാദങ്ങളും ശരിവച്ചാല്‍ തന്നെ, ഇപ്പറയുന്ന അവഹേളനം നടത്തിയത് എസ്എന്‍ ട്രസ്റ്റ് എന്ന പ്രസ്ഥാനമാണെന്ന വസ്തുത ആരും പറയുന്നില്ല. സംസ്ഥാന മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ഒരു ട്രസ്റ്റിന് അവകാശമുണ്ടോ? എങ്കില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ട് ഇമ്മാതിരി പെരുമാറിയാല്‍ ഇന്ന് 'സ്വകാര്യ' അവകാശത്തിന്റെ പേരില്‍ ന്യായം പറയുന്ന കക്ഷികള്‍ വടി വിഴുങ്ങി നിശബ്ദരായിരിക്കുമോ? അപ്പോള്‍ 'സ്വകാര്യ'ന്യായം അസംബന്ധമാണ്. ആര് ആരെ ക്ഷണിച്ചിട്ടായാലും ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ മലയാള പരിഭാഷയാണ് നെഗളിപ്പ്.
ഒരു സംസ്ഥാനത്തിനു നേരെ ഈ നെഗളിപ്പു കാട്ടാന്‍ എസ്എന്‍ ട്രസ്റ്റ് പോലുള്ള ഒരു പ്രസ്ഥാനം തുനിഞ്ഞതെന്ത്? ഒന്നാമത്, ടി പ്രസ്ഥാനം കൈയടക്കിവച്ചിരിക്കുന്നത് ഒരു വ്യക്തിയാണെന്നും ട്രസ്റ്റീഷിപ്പിന്റെ നീതിന്യായവ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടാണ് അതിന്റെ ഇരിപ്പുവശമെന്നും നാടിനെ അറിയിക്കുന്ന പരിപാടി കൂടിയായി പ്രതിമാ വിവാദം. ട്രസ്റ്റ് അവഹേളിക്കപ്പെട്ടത് അതുമായി ബന്ധപ്പെട്ടവര്‍ നോക്കട്ടെ. ട്രസ്റ്റിനെ അവഹേളനപാത്രമാക്കിയ അതിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയെ അവഹേളിച്ചതിനു പറഞ്ഞ ന്യായങ്ങള്‍ നോക്കുക.
ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പങ്കെടുത്താല്‍ കുഴപ്പമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ടുണ്ടെന്നാണ്. ഇന്റലിജന്‍സ് ബ്യൂറോ ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നത് വെള്ളാപ്പള്ളി നടേശനോടാണോ എന്നറിയില്ല. അതെന്തായാലും ഇപ്പറഞ്ഞതിന് അര്‍ഥം, കേരളത്തിന്റെ മുഖ്യമന്ത്രി നാട്ടിലൊരു ക്രമസമാധാന പ്രശ്‌നമാണെന്നാണ്. രണ്ടാമതായി നടേശന്‍ പറഞ്ഞത്, ചില കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വരവില്‍ പ്രശ്‌നമുണ്ടെന്നാണ്. അതായത്, മുഖ്യന്റെ വരവ് ടി കേന്ദ്രങ്ങള്‍ക്ക് കുഴപ്പമുണ്ടാവുന്നതോ അതല്ലെങ്കില്‍ അവര്‍ കുഴപ്പമുണ്ടാക്കുന്നതോ ആയ നടപടിയാകും. കുഴപ്പമുണ്ടാക്കുന്ന കേന്ദ്രങ്ങളുണ്ടെങ്കില്‍ അതു നേരിടാന്‍ ഇവിടെ പോലിസുണ്ട്. അങ്ങനെ വല്ല കുഴപ്പവും മണത്തെങ്കില്‍ 'താങ്കള്‍ ഇങ്ങോട്ടു വരേണ്ട' എന്നല്ലല്ലോ ഒരു സംഘാടകനും പറയുക. മറിച്ച്, 'കുഴപ്പമുണ്ടാകാനിടയുണ്ട്, വേണ്ടതു ചെയ്തു സഹായിക്കണം' എന്നാവും മുഖ്യമന്ത്രിയോടുള്ള അഭ്യര്‍ഥന. അപ്പോള്‍ നടേശന്‍ പറഞ്ഞതിന് അര്‍ഥം, ചില കേന്ദ്രങ്ങള്‍ കുഴപ്പമുണ്ടാക്കും എന്നല്ല, ചില കേന്ദ്രങ്ങള്‍ക്ക് കുഴപ്പമുണ്ട് എന്നാകുന്നു.
ഈ ചടങ്ങുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മൂന്നാണ്: എസ്എന്‍ ട്രസ്റ്റ്, മുഖ്യമന്ത്രി, പ്രധാനമന്ത്രി. ട്രസ്റ്റിനോ മുഖ്യനോ കുഴപ്പമുള്ളതായി ഇരുകൂട്ടരും പറഞ്ഞിട്ടില്ല. സ്വാഭാവികമായും മൂന്നാം കേന്ദ്രമാകുന്നു ഫോക്കസില്‍. അതാണ് മുഖ്യമന്ത്രിയെ തടഞ്ഞ കേന്ദ്രമെന്നു പറയാന്‍ മറ്റു രണ്ടു കേന്ദ്രങ്ങള്‍ക്കു കഴിയില്ല. മുഖ്യമന്ത്രിക്ക് അങ്ങനെയൊരു വിവരം സംഘടിപ്പിക്കാന്‍ മാര്‍ഗമില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിനു മുകളിലാണ്. എസ്എന്‍ ട്രസ്റ്റിനു പറയാന്‍ പറ്റില്ല. കാരണം ട്രസ്റ്റിനെ നോക്കുകുത്തിയാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് നടേശനാണ്. ഇനി നടേശനു നേരു പറയാന്‍ നിവൃത്തിയുണ്ടോ? ഇപ്പറയുന്ന പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പിന്‍ബലത്തിലാണ് ടിയാന്‍ നാട്ടില്‍ ഇപ്പോള്‍ രാഷ്ട്രീയക്കളിയൊക്കെ വച്ചുനടക്കുന്നത്. ശരിക്കു പറഞ്ഞാല്‍, ബിജെപിയുടെ സംസ്ഥാന ഘടകത്തെ കുറുകെ വെട്ടി മോദി-ഷാ അച്ചുതണ്ടിന്റെ ഡയറക്ട് മാര്‍ക്കറ്റിങിനുള്ള ദല്ലാള്‍വേഷമാണ് നടേശന്. അവിടെയാണ് നടേശന്റെ ഉരുണ്ടുകളിയുടെ മര്‍മം.
നടേശന്‍ തന്റെ ദല്ലാള്‍പ്പണിക്ക് ദീര്‍ഘകാലമായി ഉന്നയിക്കുന്ന ന്യായങ്ങളില്‍ പ്രമുഖമാണല്ലോ വിശാല ഹിന്ദുഐക്യം. പെരുന്നയെ കൂട്ടുപിടിച്ചു നടത്തിയ വിഫലശ്രമങ്ങള്‍ക്കിടയില്‍ത്തന്നെ അതിനൊരു രാഷ്ട്രീയ മാതൃകയായി ടിയാന്‍ പല വട്ടം ചൂണ്ടിക്കാട്ടിയത് ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്നുണ്ടാക്കിയ ഹിന്ദു മഹാമണ്ഡലത്തെയാണ്. അപ്പോഴൊക്കെ നടേശന്‍ വിഴുങ്ങിയ ഒരു ആര്‍എസ്എസ് ലിങ്ക് അതിലുണ്ട്. നെഹ്‌റു മന്ത്രിസഭ വിട്ട് ജനസംഘമുണ്ടാക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി ഓടിനടക്കുന്ന കാലം. ശങ്കര്‍-മന്നം ടീം ടിയാനെ ഹിന്ദു മഹാമണ്ഡലത്തിന്റെ മുന്നേറ്റത്തിനായി ക്ഷണിച്ചിരുന്നതാണ്. ശങ്കര്‍ കോണ്‍ഗ്രസ്സുമായി പലപ്പോഴും ഇടഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ഇടക്കാലത്താണ് ഈ മതരാഷ്ട്രീയക്കളി നടക്കുന്നത്.
പിന്നീട് ടിയാന്‍ കോണ്‍ഗ്രസ്സില്‍ പലതുമായെങ്കിലും ഈ കളിയും അതിന്റെ അന്തര്‍ലീന മനോഭാവവും ചരിത്രത്താളില്‍ പതിഞ്ഞുകിടപ്പുണ്ട്. ആനുകാലിക ഹിന്ദുത്വ പരിവാരത്തിനും അവര്‍ നിയോഗിച്ച ദല്ലാളിനും വേണ്ട ഉരുപ്പടികള്‍ ചരിത്രത്തില്‍ ഉണ്ടെന്നു സാരം. കാമ്പും പൊതുസ്വീകാര്യതയുമുള്ള ഒരൊറ്റ രാഷ്ട്രീയനേതാവിനെപ്പോലും ഉയര്‍ത്തിക്കാട്ടാനില്ലാത്തവരെ സംബന്ധിച്ച് ഇമ്മാതിരി ചരിത്രശകലങ്ങള്‍ നുള്ളിയെടുത്തു പൊലിപ്പിച്ച് കൃത്രിമ പ്രതിമകളുണ്ടാക്കുകയാണ് ഏകാവലംബം. സര്‍ദാര്‍ പട്ടേലിനെ ഹൈജാക്ക് ചെയ്ത മാതിരി കേരളത്തിലുമൊരു കുത്തിത്തിരിപ്പ്. അതിനിടെ കോണ്‍ഗ്രസ്സുകാരനായ ഒരു അധ്യക്ഷന്‍ ഇരിക്കുന്നത് കാര്യങ്ങളുടെ സ്വതന്ത്ര വിനിമയത്തിനു തടസ്സമുണ്ടാക്കും.
അധ്യക്ഷപ്രസംഗത്തില്‍ ശങ്കറിന്റെ ഈ പുതിയ മാമോദീസക്ക് മുഖ്യമന്ത്രി വല്ല മറുപടിയും പറഞ്ഞാല്‍ പ്രധാനമന്ത്രിക്കു ക്ഷീണമാവില്ലേ? അങ്ങനെ മറുപടി പറയാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയില്ല. കാരണം, ശങ്കറിനെ ഹൈജാക്ക് ചെയ്തതിനു മൂകസാക്ഷിയായി ഇരുന്നുകൊടുത്തു എന്ന പേരില്‍ സ്വന്തം പാര്‍ട്ടി തൊട്ട് പ്രതിപക്ഷം വരെ ടിയാനെ പ്രതിക്കൂട്ടിലാക്കും. മാത്രമല്ല, അധ്യക്ഷന്‍ വാ തുറന്നില്ലെങ്കില്‍ പോലും ദല്ലാള്‍-പ്രധാനമന്ത്രി പ്രഭൃതികള്‍ക്ക് സുഗമസഞ്ചാരത്തിനു വേണ്ടത് സജാതീയ മനോഭാവക്കാരുടെ വേദിയും സദസ്സുമാണ്.
നടേശന്‍ എന്തൊക്കെ ഡാവിറക്കിയാലും മുഖ്യമന്ത്രിയെ അവഹേളിച്ച 'കേന്ദ്രം' മോദിയുടേതാണെന്ന് വ്യക്തമാണ്. ടിയാനും ശിങ്കിടികളും കേരളത്തിനു വേണ്ടി ഉദ്ദേശിക്കുന്ന രാഷ്ട്രീയമാണ് നടേശനിലൂടെ പ്രാവര്‍ത്തികമാവുന്നത്. അതിനു താത്ത്വികമായ ഒരു ഉന്തു കൊടുക്കാന്‍ ഉദ്ദേശിച്ച പ്രചാരണവേദി മാത്രമായിരുന്നു കൊല്ലത്തെ ശങ്കര്‍ പ്രതിമ. ഇവിടെ ഒരബദ്ധം പിണഞ്ഞത് നടേശനു മാത്രമാണ്. അത്രയ്‌ക്കൊന്നും ചിന്തിക്കാതെ മുഖ്യമന്ത്രിയെ കാലേക്കൂട്ടി ചടങ്ങിനു വിളിച്ചു. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും വച്ച് തന്റെ ചടങ്ങ് കെങ്കേമമാക്കാനേ ടിയാന്‍ ഉദ്ദേശിച്ചുള്ളൂ.
പിന്നീടാണ് പട്ടേല്‍ മോഡലില്‍ ഒരു ശങ്കര്‍ ആവാഹനം സംഘപരിവാര കേന്ദ്രങ്ങള്‍ക്കു തലയില്‍ കത്തിയത്; വിശേഷിച്ചും മോദിയുടെ പ്രസംഗം പ്ലാന്‍ ചെയ്യുന്ന ഘട്ടത്തില്‍. സ്വാഭാവികമായും ദല്ലാളിനെക്കൊണ്ട് അടുത്ത വിടുപണി ചെയ്യിച്ചു: അധ്യക്ഷനെ ഒഴിവാക്കുക. ദല്ലാള്‍മാരെ സംബന്ധിച്ച് എന്തു തരവഴി കാട്ടാനും മടിയോ മനസ്സാക്ഷിക്കുത്തോ ഉണ്ടാകാറില്ല. അതാണ് ഈ പണിയെടുക്കുന്നവരുടെ നിലവാരം. എന്നാല്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ സ്വന്തം നിലവാരത്തിനും സ്വന്തം രാഷ്ട്രീയ നിലവാരത്തിനുമപ്പുറം ചില ഔചിത്യ മര്യാദകള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രധാനമന്ത്രി തുടങ്ങിയ കസേരകളില്‍ വിവക്ഷിക്കപ്പെടുന്നത് അതാണ്. പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയില്‍ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നോക്കേണ്ടത്.
വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണഘടനാ ജനാധിപത്യവും തമ്മിലുള്ള വൈജാത്യമാണ് ഇവിടെ പ്രകടമാവുന്നത്. ഏതു തരം വലതുപക്ഷ രാഷ്ട്രീയത്തിനും അടിസ്ഥാനപരമായി എതിരാണ് ഇന്ത്യന്‍ ഭരണഘടന. ഉദാഹരണത്തിന്, ന്യൂനപക്ഷപ്രമേയം തന്നെ എടുക്കുക. ആളെണ്ണം നോക്കാതെ മത-ഭാഷാ-ലിംഗ ന്യൂനപക്ഷങ്ങള്‍ക്ക് അതതു വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിനു തുല്യമായ അവകാശ സ്വാതന്ത്ര്യങ്ങള്‍ നല്‍കുക എന്നത് വാസ്തവത്തില്‍ ഒരു ഇടതുപക്ഷ നിലപാടാണ്. സെന്‍ട്രിസ്റ്റ് കക്ഷികള്‍ വരെയുള്ളവര്‍ക്ക് യോജിക്കാവുന്ന ഒന്ന്. മധ്യമപദത്തില്‍ നിന്നു വലത്തേക്കു നീങ്ങുന്തോറും അതിന്മേല്‍ വിയോജിപ്പു കൂടിവരും.
ചുരുക്കിപ്പറഞ്ഞാല്‍, ഈ അടിസ്ഥാന ശിലാപ്രശ്‌നം മൂലമാണ് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന കല്ലുകടിയാവുന്നത്. മോദിയുടെയും കൂട്ടരുടെയും പ്രശ്‌നം, ഈ ഭരണഘടനാ സത്ത തിരിയുന്നില്ലെന്നതിനപ്പുറം, അവരുടെ അടിസ്ഥാനം വലതുപക്ഷ രാഷ്ട്രീയമായതിന്റെ ചേതമാണ്. ഇന്ത്യയെ സംബന്ധിച്ച് മധ്യമകക്ഷിയായ കോണ്‍ഗ്രസ് മുതല്‍ പാര്‍ലമെന്ററി ജനാധിപത്യം വഴറ്റിയെടുത്ത ഇടതുകക്ഷികള്‍ വരെയുള്ളവരുടെ ഭരണമാണ് ശീലം. ഒരു വലതുപക്ഷ ഭരണമുണ്ടായത് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു മാത്രമാണ്.
അന്നുതന്നെ വ്യതിയാനത്തിന്റെ വൈക്ലബ്യങ്ങള്‍ രാജ്യം അനുഭവിച്ചിരുന്നു. ഭരണഘടനയ്‌ക്കെതിരായ മനോഭാവം ഭരണകക്ഷി അവിടവിടെ പ്രകടിപ്പിച്ചിരുന്നു. പുതിയൊരു ഭരണഘടന ഉണ്ടാക്കുന്നതിനെപ്പറ്റിത്തന്നെ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടക്കമെന്ന നിലയ്ക്കും മതിയായ ഭൂരിപക്ഷം ഇല്ലെന്നതിനാലും വിപുലമായ ഭരണഘടനാ വിരുദ്ധതയ്ക്കു തുനിഞ്ഞില്ലെന്നേയുള്ളൂ. എങ്കില്‍ പോലും ആ വഴിക്കുള്ള സൂചനകള്‍ താഴേത്തട്ടു പ്രവര്‍ത്തനത്തില്‍ പ്രകടമായിരുന്നു. ഏറ്റവും മികച്ച ഉദാഹരണം ഗുജറാത്തിലെ വംശഹത്യയും അതിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അലംഭാവവും. വാജ്‌പേയി വ്യക്തിപരമായി മൂക്കു വിറപ്പിച്ചിട്ടും പാര്‍ട്ടി ഈ കൂട്ടക്കുരുതിക്ക് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രിക്കു പിന്നില്‍ ഒറ്റക്കെട്ടായി നിന്നത് ഓര്‍ക്കുക.
ബിജെപിയുടെ രണ്ടാം വരവ് അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഒന്നാമത്, തുടര്‍ച്ചയായി 10 കൊല്ലം ഭരണത്തില്‍ നിന്നു പുറത്തുനിന്നത് എത്രകണ്ട് അലോസരമുണ്ടാക്കി എന്നതിന്റെ തെളിവാണ് ആര്‍എസ്എസ് നേരിട്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയത്. ഗുജറാത്ത് ഫെയിം മോദിയെത്തന്നെ അച്ചുതണ്ടാക്കി വലതുപക്ഷ രാഷ്ട്രീയത്തിന്റെ സര്‍വതോമുഖമായ അഴിച്ചുവിടലാണ് അവര്‍ നടത്തിയത്. പ്രതിയോഗികള്‍ അഴിമതി തൊട്ട് ഭരണസ്തംഭനം വരെ പല പ്രകാരേണയും നിശ്ചലരായിപ്പോയ വകയില്‍ ആ പടയോട്ടം നിഷ്പ്രയാസം വിജയം കണ്ടു.
ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷവും പല സംസ്ഥാനങ്ങളിലും സ്വന്തം ഭരണവും. വാജ്‌പേയി സര്‍ക്കാരിനില്ലാതിരുന്ന ഈ അന്തരീക്ഷം പുതിയ ഭരണക്കാര്‍ക്ക് പ്രകടമായ ഒരു നെഗളിപ്പ് സമ്മാനിച്ചു. അങ്ങനെ നെഗളിക്കാതിരിക്കാന്‍ രണ്ടു വഴികളേയുള്ളൂ: ഒന്ന്, വിവേകമതികളും അനുഭവസമ്പന്നരുമായ മുതിര്‍ന്ന നേതാക്കളുടെ നിയന്ത്രണം. രണ്ട്, ഭരണഘടനാ ജനാധിപത്യത്തിലുള്ള കൂറ്. ആദ്യ ഘടകത്തെ ആദ്യം തന്നെ ഒതുക്കി. രണ്ടാമത്തേത് ദൈവം സഹായിച്ച് ചോരയിലേ ഇല്ല. ഇതേസമയം, മറ്റൊരു അനുകൂല ഘടകം നേരത്തെത്തന്നെ സഹായത്തിനു കിടപ്പുണ്ടായിരുന്നുതാനും: പ്രകടമായും വലതുപക്ഷ രാഷ്ട്രീയത്തിന് അനുഗുണമായ സാമ്പത്തിക നയം. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആറു ബൃഹത്തായ 'ക്ഷേമപദ്ധതി'കളുടെ മേമ്പൊടിമാറ്റം മാത്രം മതി, ടി നയത്തിന്‍മേല്‍ കാര്യമായ മാറ്റമൊന്നും വരുത്തേണ്ടതില്ല ബിജെപിയുടെ രാഷ്ട്രീയം മുന്നേറ്റാന്‍.
അപ്പോള്‍ പിന്നെ ദേശീയ രാഷ്ട്രീയ ഫാബ്രിക്കില്‍ സ്വന്തം രാഷ്ട്രീയം വിന്യസിപ്പിക്കുക മാത്രമാണ് എടുക്കാനുള്ള അധ്വാനം. ആയതിലേക്കുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാഥമിക ചേരുവകളിലൊന്നാണ് അധികാര കേന്ദ്രീകരണം. ഫെഡറലിസ വിരുദ്ധത സ്വാഭാവിക ഫലമാകുന്നു. അധികാരം തന്നിലേക്കു കേന്ദ്രീകരിക്കുന്ന ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ച് മറ്റു ഭരണഘടനാ സ്ഥാപനങ്ങള്‍ തന്റെ ഇംഗിതപ്രകാരം വഴിക്കു വരുത്താനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. മൈക്കിനു മുന്നില്‍ മേനി നടിക്കും, സൗകര്യം പോലെ കാര്യത്തോടടുക്കുമ്പോള്‍ തട്ടിക്കളിക്കും.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ സ്വാഭാവിക രീതികള്‍ ഭരണചരിത്രത്തില്‍ അത്രയ്ക്ക് ശീലിച്ചിട്ടില്ലാത്ത കേരളീയരെ സംബന്ധിച്ച് ശങ്കര്‍ പ്രതിമയെച്ചൊല്ലിയുള്ള രാഷ്ട്രീയം വിവാദമാകുന്നത് അങ്ങനെയാണ്. ശീലം കൊണ്ട് അവഹേളനം നാട്ടുനടപ്പായി മാറിക്കൊള്ളും.

Next Story

RELATED STORIES

Share it