Alappuzha local

അവസാന വെള്ളിയാഴ്ച പള്ളികളില്‍ റമദാന് വിട ചൊല്ലി



ആലപ്പുഴ: ആത്മസംസ്‌കരണത്തിന്റെ മാസമായ വിശുദ്ധ റമദാനിന്  അവസാന വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളില്‍ ഇമാമുമാര്‍ യാത്രാമൊഴിയേകി. അസ്സലാമു അലൈക്ക യാ ശഹ്‌റ റമദാന്‍ (റമദാന്‍ മാസമേ നിനക്ക് സമാധാനമുണ്ടാവട്ടെ) എന്നു തുടങ്ങുന്ന വിടചൊല്ലലിന്റെ വാക്കുകള്‍ ഖത്തീബുമാര്‍ പറഞ്ഞതോടെ പള്ളികള്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് വേദിയായി. പുണ്യ റമദാനിന്റെ സവിശേഷതകള്‍ എടുത്തുപറഞ്ഞ്, വ്രതമാസത്തിന്റെ വേര്‍പാടില്‍ ദുഖം അണപൊട്ടുന്ന വാക്കുകളോടെ കണ്ഠമിടറിയാണ് ഖത്തീബുമാര്‍ റമദാനിന് വിട ചൊല്ലിയത്.ഇമാമുമാരുടെ കണ്ഠമിടറിയുള്ള യാത്രാമൊഴികള്‍ വിശ്വാസികളെയും കണ്ണീരണിയിച്ചു. അവസാന വെള്ളിയാഴ്ച വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിച്ചേര്‍ന്നു. മിക്ക പള്ളികളിലും വിശ്വാസികളെ ഉള്‍ക്കൊള്ളാനാവാതെ പുറത്തും മുകള്‍തട്ടുകളിലും സൗകര്യമൊരുക്കുകയായിരുന്നു. റമദാനിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി വരും കാലങ്ങളില്‍ കാത്തു സൂക്ഷിക്കാനും ജീവിത വിശുദ്ധി നിലനിര്‍ത്താനും ഖത്തീബുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമായ ക്ഷമയും സഹാനുഭൂതിയും കാരുണ്യ പ്രവര്‍ത്തനങ്ങളും ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പള്ളികളിലും വീടുകളിലും ആരംഭിച്ചു കഴിഞ്ഞു. ചെറിയ പെരുന്നാളിലെ പ്രത്യേക ദാനമായ ഫിത്വര്‍ സക്കാത്ത് (ശരീരത്തിന്റെ നിര്‍ബന്ധ ദാനം) നല്‍കുന്നതിനുള്ള അരിയും പെരുന്നാള്‍             വിഭവങ്ങളൊരുക്കാനുള്ള സാധനങ്ങളും വാങ്ങുന്നതിനുള്ള തിരക്കാണെങ്ങും.
Next Story

RELATED STORIES

Share it