അവസാന പ്രവൃത്തിദിനം; ചീഫ്ജസ്റ്റിസിനൊപ്പം ഡയസ് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: വിരമിക്കല്‍ തിയ്യതിക്ക് ഒരുമാസം ബാക്കിനില്‍ക്കെ അവസാന പ്രവൃത്തിദിവസത്തില്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം ഒരേ ബെഞ്ചില്‍ പങ്കാളിയായി ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജൂണ്‍ 22നാണ് 65കാരനായ ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രിംകോടതിയില്‍ നിന്നു വിരമിക്കേണ്ടത്.
എന്നാല്‍, മധ്യവേനലവധിക്കായി കോടതി പിരിയുന്നതിനാല്‍ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. മധ്യവേനലവധി കഴിയുമ്പോഴേക്കും ചെലമേശ്വറിന്റെ വിരമിക്കല്‍ കാലാവധി കഴിയും. അതിനാല്‍ ചെലമേശ്വറിന് നടപടിക്രമങ്ങള്‍ക്കായി കോടതിയില്‍ എത്താനാവില്ല. അവസാന പ്രവൃത്തിദിനത്തില്‍ ചീഫ്ജസ്റ്റിസിനൊപ്പം ഡയസ് പങ്കിടുന്നതില്‍ ജസ്റ്റിസ് ചെലമേശ്വര്‍ നേരത്തേ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. വിരമിക്കുന്ന ജഡ്ജിയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവസാന പ്രവൃത്തിദിനത്തില്‍ ചീഫ്ജസ്റ്റിസിനൊപ്പം ഡയസ് പങ്കിടാനുള്ള അവസരം നല്‍കുന്നത്. ഒന്നാംനമ്പര്‍ കോടതിയിലാണ് ഡയസ് പങ്കിടുക. അതേസമയം, ജസ്റ്റിസ് ചെലമേശ്വറിനും ചീഫ്ജസ്റ്റിസിനുമൊപ്പം ജസ്റ്റിസ് ചന്ദ്രചൂഡും ഇന്നലെ ഡയസിലുണ്ടായിരുന്നു.
നേരത്തേ ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു. ഈ സംഭവത്തിനുശേഷം ആദ്യമായിട്ടാണ് ഇരുവരും ഡയസ് പങ്കിടുന്നത്.
Next Story

RELATED STORIES

Share it