അവസാന പത്തിലെ വെള്ളിനിറഞ്ഞുകവിഞ്ഞ് പള്ളികള്‍

കോഴിക്കോട്: റമദാന്‍ അവസാന പത്തിലെ വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. നോമ്പ് അവസാനിക്കാന്‍ ഒരാഴ്ച ഇനിയുമുണ്ടെങ്കിലും പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയാവാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വാസികള്‍ നേരത്തേ പള്ളികളില്‍ ഇടംപിടിച്ചു.
അടുത്ത വ്യാഴാഴ്ച റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും പെരുന്നാള്‍. പെരുന്നാള്‍പ്പിറ കണ്ടില്ലെങ്കിലേ ഒരു വെള്ളിയാഴ്ച കൂടി ലഭിക്കൂ. അതുകൊണ്ടു തന്നെ ഒരാഴ്ച കൂടി വ്രതദിനങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും അവസാന വെള്ളിയില്‍ നല്‍കേണ്ട ഉല്‍ബോധനങ്ങള്‍ ഇന്നലത്തെ ജുമുഅ ഖുത്ബയിലൂടെ ഖത്തീബുമാര്‍ നല്‍കി. റമദാനില്‍ കാത്തുസൂക്ഷിച്ച വിശുദ്ധി തുടര്‍ന്നും നിലനിര്‍ത്താന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു. പുണ്യങ്ങളുടെ പൂക്കാലത്തിന് ഇനി നീണ്ട ഒരുവര്‍ഷത്തെ കാത്തിരിപ്പു വേണമെന്ന ഓര്‍മപ്പെടുത്തല്‍ വിശ്വാസികളുടെ മനസ്സും കണ്ണുകളും ആര്‍ദ്രമാക്കി.
ലൈലത്തുല്‍ ഖദ്‌റെന്ന ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ രാവിനെ പ്രതീക്ഷിക്കുന്ന ദിനങ്ങളിലൊന്നായ ഇരുപത്തിമൂന്നാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ചായതിനാല്‍ വ്യാഴാഴ്ച സന്ധ്യയോടെ തന്നെ ആളുകള്‍ ഭജനയിരിക്കാന്‍ പള്ളികളിലെത്തിയിരുന്നു. പലരും ഇന്നലെ രാവിലെയോടെയാണു തിരിച്ചിറങ്ങിയത്. പിന്നെ ജുമുഅയ്ക്കായി വീണ്ടും ഒരുമിച്ചുകൂടി.
ചില പള്ളികളില്‍ നോമ്പ് തുറക്കാനും അത്താഴത്തിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. റമദാനില്‍ സ്ഫുടംചെയ്‌തെടുത്ത ഹൃദയം പാപക്കറ പുരളാതെ സൂക്ഷിക്കാന്‍ ഖത്തീബുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഹൃദയത്തിന്റെയും കണ്ണിന്റെയും കാതിന്റെയും നാക്കിന്റെയും വ്രതം തുടര്‍ന്ന് സല്‍ക്കര്‍മങ്ങളില്‍ മല്‍സരിക്കാന്‍ നോമ്പു നല്‍കിയ പരിശീലനത്തിലൂടെ സാധിക്കണമെന്ന സന്ദേശവും മിംബറുകളില്‍ നിന്നുയര്‍ന്നു. നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രവാചകന്‍ നിശ്ചയിച്ച ഫിത്്വര്‍ സകാത്ത് നിര്‍ബന്ധമായും കൊടുക്കണമെന്ന ഓര്‍മപ്പെടുത്തലുകള്‍ കൂടി നല്‍കിയാണ് ഖുത്ബകള്‍ അവസാനിച്ചത്.
Next Story

RELATED STORIES

Share it