അവസാന നിമിഷം അപ്പീല്‍ അനുവദിച്ചു; മാപ്പിളപ്പാട്ടില്‍ റബിയുല്ല ഒന്നാമത്

തിരുവനന്തപുരം: മല്‍സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അനുവദിച്ചു കിട്ടിയ അപ്പീലിലൂടെയാണ് മാപ്പിളപ്പാട്ടില്‍ പി സി റബിയുല്ല ഒന്നാമതെത്തിയത്. അവസാന നിമിഷം വരെ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കാനാവുമെന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍, ഇന്നലെ കലോല്‍സവ വേദിയില്‍ മാപ്പിളപ്പാട്ട് മല്‍സരം ആരംഭിക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് മഞ്ചേരി മുന്‍സിഫ് കോടതി റബിയുല്ലയ്ക്ക് മല്‍സരിക്കാനുള്ള അനുവാദം നല്‍കുന്നത്.

കോടതി കനിയുമെന്നുറപ്പില്ലെങ്കിലും റബിയുല്ല മലപ്പുറത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ഇന്നലെ രാവിലെ 11.15നാണ് മുന്‍സിഫ് കോടതി ഉത്തരവുണ്ടാകുന്നത്. മാപ്പിളപ്പാട്ട് മല്‍സരം ആരംഭിച്ചത് 11.30ന്. വിധിപ്പകര്‍പ്പ് ഇ-മെയില്‍ വഴി നല്‍കിയാണ് മല്‍സരത്തിനെത്തിയത്. അപ്പീല്‍ തുകയായ 5000 രൂപ കൂടാതെ 3000 രൂപ കൂടി അധികമായി കെട്ടിവച്ച ശേഷം മല്‍സരിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. പണം കെട്ടിവച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11.45ന് റബിയുല്ല മല്‍സരവേദിയിലെത്തി. ഹംസ നരേക്കാവിന്റെ ശിഷ്യനായ റബിയുല്ല 'ചിന്താരം മുന്തിമൊളിന്തിടവേ ചിന്തും മിക ചന്തമകന്തരം...' എന്ന പ്രവാചകന്റെ ഹിജ്‌റയുമായി ബന്ധപ്പെട്ട ഈരടികള്‍ ആലപിച്ചാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. മുഹമ്മദ്-സക്കീന ദമ്പതികളുടെ മകനായ റബിയുല്ല മലപ്പുറം പൂക്കളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്വകാര്യ ചാനലിന്റെ മാപ്പിളപ്പാട്ട് മല്‍സര വിജയിയായിരുന്ന റബിയുല്ല കഴിഞ്ഞ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ജില്ലാ കലോല്‍സവത്തില്‍ പിന്തള്ളപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it