kasaragod local

അവസാന നിമിഷംവരെയും ആശങ്ക: ഒടുവില്‍ ബിജെപി വിട്ടുനിന്നു

വിദ്യാനഗര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് പരസ്യമായി ബിജെപി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് കഴിയുന്നത് വരെയും ഇരുമുന്നണികളിലും ആശങ്ക. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അഡ്വ. വി പി പി മുസ്തഫക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്നും സ്ഥാനം രാജിവെക്കുമെന്നും സിപിഎം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ 11 വരേയും ബിജെപി ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എല്‍ഡിഎഫിലും യുഡിഎഫിലും ആശങ്ക ഉയര്‍ന്നു. പിന്നീട് വോട്ടെടുപ്പ് നടന്നപ്പോള്‍ ബിജെപി അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എ ജി സി ബഷീറിന് എട്ട് വോട്ടും സിപിഎമ്മിലെ വി പി പി മുസ്തഫക്ക് ഏഴ് വോട്ടും ലഭിച്ചു.
തുടര്‍ന്ന് ബഷീര്‍ വിജയിച്ചതായി വരണാധികാരിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് ഇരുമുന്നണികളിലും ആശങ്ക വിട്ടൊഴിഞ്ഞത്. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആശങ്ക ഏറെയായിരുന്നു. എന്നാല്‍ ബിജെപി അംഗം പുഷ്പ അമേക്കള മല്‍സരിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് വോട്ടും എല്‍ഡിഎഫിലെ ഇ പത്മാവതിക്ക് ഏഴ് വോട്ടും യുഡിഎഫിലെ ശാന്തമ്മ ഫിലിപ്പിന് എട്ട് വോട്ടും ലഭിച്ചു. ബിജെപി അംഗങ്ങളെ മാറ്റി നിര്‍ത്തി വീണ്ടും വോട്ടെടുപ്പ് നടത്തി. യുഡിഎഫിലെ ശാന്തമ്മ ഫിലിപ്പ് എട്ട് വോട്ട് നേടി. എല്‍ഡിഎഫിലെ ഇ പത്മാവതി എഴ് വോട്ടും കരസ്ഥമാക്കി. തുടര്‍ന്ന് ശാന്തമ്മ ഫിലിപ്പ് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി നിലപാട് മാറ്റിയത് മൂലം ജില്ലാ പഞ്ചായത്തിലെ ഭരണ പ്രതിസന്ധി ഒഴിവായി.
Next Story

RELATED STORIES

Share it