Editorial

അവസാനിക്കാത്ത പോലിസ് അതിക്രമങ്ങള്‍

കഴിഞ്ഞ ദിവസം ആലുവയില്‍ യുവാവിനെ പോലിസുകാര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയ സംഭവം സംസ്ഥാനത്തെ പോലിസ് സേനയെ വീണ്ടും വിവാദക്കുരുക്കില്‍ അകപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിമര്‍ശനങ്ങള്‍ക്ക് നിരന്തരം ശരവ്യമായിക്കൊണ്ടിരിക്കുന്ന പോലിസ് വകുപ്പിന് പുതിയ സംഭവം കൂടുതല്‍ വലിയ അപമാനമായി മാറുകയാണ്.
പോലിസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചു എന്നാരോപിച്ചാണ് ആലുവ എടത്തലയിലെ ഉസ്മാന്‍ എന്ന യുവാവിനെ കാറിലേക്ക് വലിച്ചുകയറ്റി എടത്തല പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ സ്‌റ്റേഷനില്‍  കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. നോമ്പുകാരനാണെന്ന് കേണുപറഞ്ഞിട്ടും പോലിസുകാര്‍ മര്‍ദനം തുടര്‍ന്നുവെന്നാണു പറയുന്നത്. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നശേഷം മാത്രമേ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലിസ് സന്നദ്ധമായുള്ളൂ.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ മാത്രം സംസ്ഥാനത്തെ പോലിസ് സംവിധാനത്തെ പ്രതിക്കൂട്ടിലാക്കിയ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. വരാപ്പുഴയിലെ കസ്റ്റഡി പീഡനം, പ്രമാദമായ കെവിന്‍ കൊലക്കേസിലെ പങ്കാളിത്തം, ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍, പ്രകടമായ സംഘപരിവാര അനുകൂല നിലപാടുകള്‍ തുടങ്ങി ദിനേനയെന്നോണം കേരളത്തിലെ ആഭ്യന്തരവകുപ്പിന് തലവേദനയായി മാറുകയാണ് സംസ്ഥാനത്തെ പോലിസ് വിഭാഗം. ഭരണകക്ഷിയില്‍പ്പെട്ടവര്‍ പോലും പോലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരല്ല. കടുത്ത പ്രതികരണങ്ങളുമായി രംഗത്തുവന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിയും മുതിര്‍ന്ന നേതാവ് അച്യുതാനന്ദനും ഈ അസംതൃപ്തിയാണു വെളിപ്പെടുത്തിയത്.
ഇടതുപക്ഷ ഭരണത്തില്‍ ഏറ്റവുമേറെ വിമര്‍ശനവിധേയമായ വകുപ്പുകളില്‍ ഒന്ന് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പാണെന്ന വസ്തുത നിഷേധിക്കാനാവില്ല. പോലിസ് സേനയില്‍ നടക്കുന്ന പ്രകടമായ ക്രിമിനല്‍വല്‍ക്കരണത്തെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് നിസ്സാരവല്‍ക്കരിക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. ഈ സമീപനം ഔദ്യോഗിക വേഷമണിഞ്ഞ് പോലിസിനകത്തു പ്രവര്‍ത്തിക്കുന്ന കുറ്റവാളികള്‍ക്ക് ആത്മവിശ്വാസം  പകരുന്നതാണ്.
നിയമം കൈയാളാന്‍ ബാധ്യതപ്പെട്ടവര്‍ നിയമത്തിനു സ്വയം വിധേയമാവാനുള്ള ധാര്‍മികബോധമാണ് ആദ്യം പ്രകടിപ്പിക്കേണ്ടത്. അതില്ലെങ്കില്‍ കൈയിലിരിക്കുന്ന അധികാരവും സ്ഥാനവും ജനങ്ങള്‍ക്കെതിരായ ആയുധങ്ങളായി മാറും. പോലിസ് അകമ്പടിയില്‍ ഒരു എഴുന്നള്ളത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ പോലിസ്‌രാജിനെ ഉള്ളില്‍ താലോലിക്കുന്നതാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റംപറയാനാവില്ല. ജനാധിപത്യസമൂഹത്തില്‍ അരോചകമായി തോന്നുന്ന ഇത്തരം രീതികള്‍ ഒരുതരം അധികാരപ്രമത്തതയുടെ ഭാവപ്രകടനമായേ വിലയിരുത്തപ്പെടൂ.
Next Story

RELATED STORIES

Share it