Alappuzha local

അവസാനനിമിഷങ്ങളില്‍ ഐസകിനു വെല്ലുവിളിയായി ലാലി വിന്‍സെന്റ്

ആലപ്പുഴ: വോട്ടടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തോമസ് ഐസക്കിന് യുഡിഎഫ് സ്ഥാനാര്‍ഥി ലാലി വിന്‍സെന്റ് വെല്ലുവിളി ഉയര്‍ത്തുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ മണ്ഡലത്തില്‍ പ്രചാരണങ്ങളില്‍ സജീവമായ തോമസ് ഐസക് അടുത്ത ദിവസം വരെ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൃത്യമായ പ്രചാരണങ്ങളുമായി ലാലി വിന്‍സെന്റിന്റെ പ്രചാരണം ഇത് അസാധ്യമാക്കിയിരിക്കുകയാണ്.
വിവിധ സമുദായങ്ങളുടെ എതിര്‍പ്പും പാര്‍ട്ടിക്കകത്ത് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സംബന്ധിച്ച് നിലനില്‍ക്കുന്ന ചേരിതിരിവും ഐസക്കിന് തിരിച്ചടിയാവും. തുടക്കത്തില്‍ മാലിന്യ സംസ്‌കരണം, ജൈവപച്ചക്കറി കൃഷി, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കാന്‍ ഐസക് ശ്രമിച്ചിരുന്നു. പരമ്പരാഗത വോട്ടഭ്യര്‍ഥനയില്‍ നിന്ന് മാറി നിന്നുള്ള ഇത്തരം പ്രചാരണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനായില്ല. രാഷ്ട്രീയ രംഗത്തെ അനുഭവപാടവമാണ് ലാലി വിന്‍സെന്റിന്റെ കരുത്ത്. മണ്ഡലത്തിലെ വികസനപോരായ്മകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കിയായിരുന്നു അവരുടെ പ്രചാരണങ്ങള്‍.
അവസാന നിമിഷം വരെയും പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതില്‍ അവര്‍ ശ്രദ്ധയൂന്നി. യുഡിഎഫിന് സ്വാധീനമുള്ള മേഖലകളില്‍ നിരവധി പ്രാവശ്യം വോട്ടഭ്യര്‍ഥനയുമായി എത്തുകയുണ്ടായി. അവസാന മണിക്കൂറുകളില്‍ വിജയമുറപ്പാക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കുകയാണ് ഐസക്. ഇതോടെ മണ്ഡലത്തിലെ സാമുദായി വോട്ടു ബാങ്കുകളില്‍ ശ്രദ്ധയൂന്നുകയാണ് ഇരു മുന്നണി സ്ഥാനാര്‍ഥികളും.
നായര്‍, ഈഴവ വോട്ടുകള്‍ കൂടാതെ തീരദേശ മേഖലയിലെ ലത്തീന്‍കത്തോലിക്കരുടെയും മുസ്‌ലിം സമുദായത്തിന്റെയും വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. കൂടാതെ ഇതര ഹിന്ദു വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ സ്വാധീനമുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി രഞ്ജിത്ത് ശ്രീനിവാസും എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥി പി എ സുലൈമാന്‍ കുഞ്ഞും പിഡിപിയുടെ കെ മുജീബും എസ് യുസിഐ സ്ഥാനാര്‍ഥി കെ എ വിനോദും മല്‍സര രംഗത്ത് സജീവമാണ്. നഗരവും പഞ്ചായത്തുകളും ചേര്‍ന്നുകിടക്കുന്നു എന്നതാണ് മണ്ഡത്തിന്റെ സ്വഭാവം ആലപ്പുഴ നഗരത്തിന്റെ ഒരു ഭാഗവും നഗരത്തിനു വടക്കുള്ള ആര്യാട്, മണ്ണഞ്ചേരി മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ആലപ്പുഴ മണ്ഡലം. പഞ്ചായത്തുകളില്‍ ശക്തമായ സാന്നിധ്യമാണ് ഇടതു പക്ഷത്തിനുള്ളത്.
നഗരസഭ വാര്‍ഡുകളില്‍ യുഡിഎഫിനും വ്യക്തമായ മേല്‍ക്കൈയുണ്ട്. മാരാരിക്കുളം മണ്ഡലം ഉണ്ടായിരുന്നപ്പോള്‍ അവിടെ നിന്നു രണ്ടു തവണയും ആലപ്പുഴ മണ്ഡലത്തില്‍ നിന്നു രണ്ടുതവണയും വിജയിച്ച തോമസ് ഐസക്കിനെ ഇത്തവണയെങ്കിലും പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.
എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, തുടങ്ങിയ നേതാക്കള്‍ ലാലി വിന്‍സെന്റിനു വേണ്ടിയും വി എസ് അച്യുതാനന്ദന്‍, വൃന്ദാകാരാട്ട് കാനം രാജേന്ദ്രന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയവര്‍ തോമസ് ഐസക്കിനു വേണ്ടിയും പ്രചാരണത്തിനു എത്തിയിരുന്നു. കുടിവെള്ളം കിട്ടാനില്ല, നല്ലവെള്ളം കുടിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ.
അടിസ്ഥാന വികസനം എന്നാല്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളല്ല- ലാലിവിന്‍സെന്റ് ജനങ്ങളുടെ മുന്നില്‍ നിരത്തിയ വിഷയങ്ങള്‍. 1,93,148 വോട്ടര്‍മാരാണ് ആകെയുള്ളത്. 92,997, പുരുഷന്മാരും, 1,00,112 സ്ത്രീകളും 39 പ്രവാസി വോട്ടര്‍മാരുമുണ്ട്.
Next Story

RELATED STORIES

Share it