Idukki local

അവശ്യസാധനങ്ങള്‍ എത്തിക്കുന്നത് ദുഷ്്കരമായി

മൂന്നാര്‍: കനത്ത മഴയില്‍ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായതോടെ ഇടമലക്കുടിയിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്നത് മുടങ്ങുമെന്ന് ആശങ്ക ഉയര്‍ന്നു. ചുമട്ടുകാരുടെ ക്ഷാമവും കൂടിയായതോടെയാണ് അവശ്യസാധനങ്ങളുടെ നീക്കം നിലച്ചത്. 10 വര്‍ഷം മുന്‍പ് വെട്ടിയ മണ്‍റോഡാണ് ഇടമലക്കുടിക്കാര്‍ക്ക് പുറംലോകത്തെത്താനുള്ള ഏക മാര്‍ഗം.
സംരക്ഷണ ഭിത്തികളോ വശങ്ങളില്‍ ഓടകളോ ഇല്ലാത്ത ഈ റോഡ് മഴയില്‍ കുത്തിയൊലിച്ച് പോകും.റോഡ് നിര്‍മിച്ച കാലത്ത് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടി വരെ വലിയ ബുദ്ധിമുട്ടില്ലാതെ ജീപ്പുകള്‍ക്ക് എത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വനാതിര്‍ത്തിയായ പെട്ടിമുടിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തില്‍ സ്ഥിതി ചെയ്യുന്ന ഇഡ്ഡലിപ്പാറ ഊരിനു സമീപം വരെയാണ് ജീപ്പുകള്‍ക്കു സഞ്ചരിക്കാന്‍ ആവുന്നത്.
മഴ കനത്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇതും അസാധ്യമാവും. ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജന്‍ സഹകരണ സംഘം മഴ ശക്തി പ്രാപിക്കുന്നതിനു മുന്‍പ് മുന്‍കരുതല്‍ എന്ന നിലയില്‍ മൂന്നാഴ്ചത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ ഇഡ്ഡലിപ്പാറയില്‍ എത്തിച്ചിട്ടുണ്ട്. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ നിലവില്‍ പെട്ടിമുടിയില്‍ നിന്നു ജീപ്പുകളില്‍ വനാന്തരത്തില്‍ എട്ടു കിലോമീറ്റര്‍ ദൂരം എത്തിച്ച ശേഷം തലച്ചുമടായി മറ്റ് ഊരുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.50 കിലോഗ്രാം വീതം വരുന്ന ചാക്കുകള്‍ ചുമട്ടുകാര്‍ തന്നെയാണ് ജീപ്പുകളില്‍ എത്തിക്കുന്നത്.
എന്നാല്‍ റോഡ് തകര്‍ന്നതോടെ ഈ എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുന്ന അഞ്ചിടങ്ങളില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം വാഹനം തള്ളി മറുകര എത്തിച്ച് വീണ്ടും ലോഡ് കയറ്റി പോവേണ്ട സ്ഥിതിയാണ്. ഇതുമൂലം ചുമട്ടുകാര്‍ ഈ പണിക്കു വരാതായി.തകര്‍ന്ന വനാന്തര പാതയിലൂടെ ഗതാഗതം സ്തംഭിച്ചാല്‍ പെട്ടിമുടിയില്‍നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും നിലയ്ക്കും.
Next Story

RELATED STORIES

Share it