അവശ്യവസ്തുക്കളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും നിരക്കുകള്‍ വര്‍ധിക്കും

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷത്തിനു തുടക്കമായതോടെ വര്‍ധിപ്പിച്ച നികുതിനിരക്കുകള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. അവശ്യവസ്തുക്കളില്‍ പലതിനും വിലയുയരും. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കുകളിലും വര്‍ധന പ്രകടമാവും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ പുതുക്കിയ നികുതിനിരക്കുകളാണ് ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ പ്രതിഫലിക്കുക. 2 മുതല്‍ 40 ശതമാനം വരെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിനാല്‍ അമ്പതോളം ഉല്‍പന്നങ്ങളുടെ വിലയാണ് ഉയരുക.
ഭക്ഷ്യഎണ്ണകള്‍, പഴച്ചാറുകള്‍, ഫര്‍ണിച്ചര്‍, മോട്ടോര്‍ സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവയ്ക്ക് വില വര്‍ധിക്കും. വിലനിയന്ത്രണം ഉണ്ടായിരുന്ന 870 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 3 ശതമാനത്തിലധികം വില കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ക്കുള്ള നിരക്കില്‍ 5 ശതമാനം വര്‍ധനയുണ്ടാവും. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്ലാനുകള്‍, സ്‌കെച്ചുകള്‍ തുടങ്ങിയവയ്ക്കും നിരക്കു വര്‍ധന ബാധകമാവും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂടുന്നതിനൊപ്പം മുദ്രപത്ര നിരക്കുകളും ഉയരും.
നികുതിനിരക്ക് കുറച്ച സോളാര്‍ പാനല്‍, കശുവണ്ടി, കോക്ലിയാര്‍ ഇംപ്ലാന്റ് തുടങ്ങിയ ചുരുക്കം ചില ഉല്‍പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വില വര്‍ധിക്കും. ഇന്നലെ മദ്യശാലകള്‍ അവധിയായതിനാലും ഇന്നു പണിമുടക്ക് നടക്കുന്നതിനാലും നാളെ മുതലാവും വിലവര്‍ധന പൂര്‍ണ തോതില്‍ പ്രാബല്യത്തില്‍ വരിക. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു വില്‍പന നികുതി 200 ശതമാനവും 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനവുമാക്കിയുമാണ് പരിഷ്‌കാരം.
Next Story

RELATED STORIES

Share it