kozhikode local

അവലോകന യോഗം ചേര്‍ന്നു

കോഴിക്കോട്: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്താനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഗസ്റ്റ്ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു.
സാധാരണക്കാരനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും സംയമനം പാലിക്കണമെന്നും രോഗം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപടലാണ് നടക്കുന്നതെന്നും മന്ത്രി  പറഞ്ഞു. നിപ വൈറസുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് അഞ്ച് മണിക്കും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും വിശദീകരണമുണ്ടാകും. ജില്ലയിലെ 20 പേരടക്കം അഞ്ച് ജില്ലകളിലായി 29 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡിഎംഒ(ആരോഗ്യം) വി ജയശ്രീ പറഞ്ഞു. കോഴിക്കോട്ട് ഇന്ന് ഒരാള്‍ക്ക് കൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യം മരിച്ച ആളുകളുമായി ബന്ധപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് ഡ—യറക്ടര്‍ ആര്‍. എല്‍ സരിത പറഞ്ഞു. കേന്ദ്ര സംഘം സ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ടെന്നും അവര്‍ അറിയിച്ചു. വെള്ളിയാഴ്ച ആശാ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലന പരിപാടി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പേരാമ്പ്ര, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചെക്യാട്് എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്ക് രാവിലെ 11 മണിക്ക് പേരാമ്പ്ര പഞ്ചായത്ത്ഹാളിലും ചെങ്ങോട്ട്കാവ്, ഒളവണ്ണ പഞ്ചായത്തുകളിലുള്ളവര്‍ക്ക് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. 31 വരെയുള്ള ജില്ലയിലെ സര്‍ക്കാര്‍ പൊതു പരിപാടികള്‍ മാറ്റി വച്ചിട്ടുണ്ട്.എഡിഎം ടി ജനില്‍കുമാര്‍, മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ചാന്ദ്‌നി, ഡോക്ടര്‍മാരായ എ എസ് അനൂപ്കുമാര്‍, ആര്‍ എസ് ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it