അവര്‍ പിന്നിട്ടത് കല്ലും മുള്ളും നിറഞ്ഞ വഴികള്‍

അവകാശങ്ങള്‍  നിഷേധങ്ങള്‍ - അംബിക
തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതും തുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രതിഷേധവും ഗവര്‍ണറുടെ കുറ്റസമ്മതവും വലിയ ചര്‍ച്ചയായിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നു കരുതിയപ്പോഴാണ് സ്ത്രീകളെയാകെ, പ്രത്യേകിച്ചും വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി തമിഴ്‌നാട് ബിജെപി നേതാവ് എസ് വി ശേഖര്‍ രംഗത്തുവന്നിരിക്കുന്നത്. ഈ സ്ത്രീവിരുദ്ധന്‍ ഫേസ്ബുക്കില്‍ കുറിച്ചത് 'വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാള്‍ കൂടുതല്‍ ലൈംഗിക പീഡനം നടക്കുന്നത് മാധ്യമങ്ങളിലാണ്. ഉന്നതരുമായി കിടക്ക പങ്കിടാതെ ഒരാളും റിപോര്‍ട്ടറോ അവതാരകയോ ആവില്ല' എന്നാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഒരുകാലത്ത് പുരുഷന്‍മാരുടെ മാത്രം വിഹാരകേന്ദ്രമായിരുന്ന മാധ്യമരംഗത്തേക്ക് വളരെ ധൈര്യപൂര്‍വം കടന്നുവന്നവരാണ് ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍. ഗൗരി ലങ്കേഷിനെ പോലെയുള്ളവര്‍ ഉജ്ജ്വലമായ ചരിത്രം എഴുതിച്ചേര്‍ത്താണു കടന്നുപോയിട്ടുള്ളത്.
പ്രമുഖ പത്രപ്രവര്‍ത്തകയായ ഷഹനാസ് ആങ്ക്‌ലേസാരിയ അയ്യര്‍ 1983ലാണ് ദ സ്റ്റേറ്റ്‌സ്മാനില്‍ 'സ്ത്രീകളും നിയമവും' എന്ന കോളം എഴുതിത്തുടങ്ങിയത്. അവര്‍ പത്രപ്രവര്‍ത്തനരംഗത്തെ അനുഭവങ്ങള്‍ ലേഖനത്തില്‍ പങ്കുവയ്ക്കുന്നതിങ്ങനെ:
പത്രങ്ങളും അവയുടെ മുന്‍ പേജുകളും അക്കാലത്ത് മുതിര്‍ന്ന പുരുഷന്മാര്‍ക്കുള്ളതായിരുന്നു. പുരുഷന്‍മാരായ പത്ര ഉടമകള്‍ പുരുഷന്‍മാരായ എഡിറ്റര്‍മാരെ തിരഞ്ഞെടുത്തു. അഭിമാനവും അധികാരവും ഒസ്യത്തായി കിട്ടുന്ന വിഷയങ്ങളായ രാഷ്ട്രീയവും സാമ്പത്തികവും വിദേശകാര്യവും റിപോര്‍ട്ട് ചെയ്യുന്നതിന് എഡിറ്റര്‍മാര്‍ പുരുഷന്മാരെ ചുമതലപ്പെടുത്തി. അവര്‍ നോര്‍ത്ത്്-സൗത്ത് ബ്ലോക്കുകളിലെ അധികാരകേന്ദ്രങ്ങളിലും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ തിക്കിത്തിരക്കി നടന്നു. എന്നാല്‍, മനുഷ്യന്റെ അവസ്ഥയെ ബാധിക്കുന്ന വിശാലമായ വിഷയങ്ങള്‍ സ്ത്രീകള്‍ക്ക് റിപോര്‍ട്ട് ചെയ്യുന്നതിനു മാറ്റിവച്ചു.
അക്കാലത്ത് ഓരോ ദിനാരംഭത്തിലും പത്രത്താളുകള്‍ കുടഞ്ഞുനിവര്‍ത്തുമ്പോള്‍ ആ പ്രദേശത്തെ സ്‌കൂളുകളെക്കുറിച്ച്, ആശുപത്രികളെക്കുറിച്ച്, ജയിലുകളെക്കുറിച്ച്, അനാഥാലയങ്ങളെക്കുറിച്ച് ഒക്കെ റിപോര്‍ട്ട് ചെയ്തിരുന്നത് വനിതാ മാധ്യമപ്രവര്‍ത്തകരായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനകളെക്കുറിച്ചും ഉദ്യോഗസ്ഥ തിരസ്‌കരണത്തിന്റെയോ അല്ലെങ്കില്‍ അതിലും മോശമായ ഇരകളുടെ അവസ്ഥയെക്കുറിച്ചും റിപോര്‍ട്ട് ചെയ്തിരുന്നതും അവര്‍ തന്നെ. നവവധുവിനെ ചുട്ടുകൊന്ന വാര്‍ത്ത പത്രത്താളുകള്‍ കൈയടക്കുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും വാശിയോടെ അന്വേഷണത്തിന്റെ ചൂടു നിലനിര്‍ത്തിക്കൊണ്ടുതന്നെ പോലിസ് സ്‌റ്റേഷനുകളിലും കോടതികളിലും ചിലപ്പോള്‍ മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ ഗതിവിഗതികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
സുപ്രിംകോടതി, അക്കാലത്ത് പൊതുതാല്‍പര്യ ഹരജികളില്‍ ഇളകിമറിയുന്നത് വളരെ രസമുള്ള കാഴ്ചയായിരുന്നു. കുടിയിറക്കപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കേസുകള്‍ ജാഗ്രതയോടെ പുറംലോകത്തെ അറിയിച്ചത് വനിതാ മാധ്യമപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയിലെ വരേണ്യവര്‍ഗം രാജ്യത്തിന്റെ മറുപാതി ജീവിച്ചതെങ്ങനെ എന്നറിഞ്ഞുവെങ്കില്‍ അതിന്റെ പിന്നിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത അന്വേഷണങ്ങളെയും വിശകലനങ്ങളെയും കുറച്ചു കാണാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ മാധ്യമരംഗത്ത് വേറിട്ടവഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. അനിത പ്രതാപ്, സുനിത നാരായണ്‍, ഉഷാ റായ്, നീരജ ചൗധരി, സുചേത ദലാല്‍, നിരുപമ സുബ്രഹ്മണ്യന്‍, വിനിത ദേശ്മുഖ്, കല്പന ശര്‍മ, സോനു ജെയിന്‍ തുടങ്ങിയവര്‍ ചിലര്‍ മാത്രമാണ്.
ടീസ്ത സെറ്റല്‍വാദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ മാധ്യമപ്രവര്‍ത്തകയുടെ ചില വാക്കുകള്‍ കൂടി ഇവിടെ ഉദ്ധരിക്കാം: 2002 ഫെബ്രുവരി 27നു ശേഷമുള്ള വിഭ്രമജനകമായ, ഉറക്കമില്ലാത്ത രാത്രികള്‍ എന്റെ ഓര്‍മയില്‍ മായാതെ കിടപ്പുണ്ട്. ഒരു സമുദായത്തിനെതിരേ നടന്ന സംഘടിതമായ ആക്രമണങ്ങളുടെയും അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അപമാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ ഗുജറാത്തിലുടനീളമുള്ള യാത്രകളില്‍ ഞാന്‍ നേരിട്ടറിഞ്ഞതാണ്.
ഇത്രയൊക്കെ പറഞ്ഞത് ശേഖറിനെ പോലെയുള്ള വിഡ്ഢികളുടെ അറിവിലേക്കായാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് തിളങ്ങിനില്‍ക്കുന്ന സ്ത്രീകള്‍ ഉന്നതരുമായി കിടക്ക പങ്കിട്ടിട്ടല്ല റിപോര്‍ട്ടറോ അവതാരകയോ ആയത്. ധീരതയുടെയും കഠിനാധ്വാനത്തിന്റെയും ബൗദ്ധികശേഷിയുടെയും ബലത്തിലാണ്. അവര്‍ പിന്നിട്ടത് കല്ലും മുള്ളും നിറഞ്ഞ വഴികളാണ്.       ി
Next Story

RELATED STORIES

Share it