അവര്‍ അന്ന് പറഞ്ഞത്

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ തൊട്ടുപിറ്റേന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കളും ദേശീയ നേതാക്കളും നടത്തിയ പ്രസ്താവനകളും വാഗ്ദാനങ്ങളുമെല്ലാം വെറും പാഴ്‌വാക്കുകളായി മാറിയെന്ന് കാല്‍നൂറ്റാണ്ടിലെ ചരിത്രം തെളിയിക്കുന്നു. 1992 ഡിസംബര്‍ 7ന് വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നേതാക്കളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ:
പ്രധാനമന്ത്രി പി വി നരസിംഹ റാവു
''450 വര്‍ഷം പഴക്കമുള്ള പള്ളി വീണ്ടും നിര്‍മിക്കാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. അതെ, തെമ്മാടിത്തത്തിനാണ് ഇരയായത്. ഗവണ്‍മെന്റിന് വെറുതെ നോക്കിനില്‍ക്കാനാവില്ല. അത് പുനര്‍നിര്‍മിച്ചുകൊടുക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്.''
രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ
''മസ്ജിദ് കേടുവരുത്തിയവര്‍ ചെയ്തിരിക്കുന്നത് ഇന്ത്യ നൂറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുകയും സ്വാതന്ത്ര്യത്തിനും ദേശീയ പുനര്‍നിര്‍മാണത്തിനും വേണ്ടി പൊരുതിയ ദേശീയനേതാക്കള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്ത വിശ്വാസപ്രമാണങ്ങള്‍ക്ക് കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. അപ്രകാരം കാട്ടിയവര്‍ നിയമവാഴ്ച ധിക്കരിച്ചിരിക്കുകയാണ്.''
ഉപരാഷ്ട്രപതി കെ ആര്‍ നാരായണന്‍
''രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വധത്തിനുശേഷം ഇന്ത്യക്കു സഹിക്കേണ്ടിവന്ന ഏറ്റവും വലിയ ദുരന്തം.''

മുന്‍ പ്രധാനമന്ത്രി വി പി സിങ്
''അയോധ്യയില്‍ തകര്‍ന്നത് ബാബരി മസ്ജിദ് മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയും ജുഡീഷ്യറിയും പാര്‍ലമെന്റുമാണ്. ഇന്ത്യയുടെ മഹത്തായ മതേതരത്വമാണ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ അയോധ്യയില്‍ കുഴിച്ചുമൂടിയത്.''

ഇഎംഎസ് നമ്പൂതിരിപ്പാട്
''ഡിസംബര്‍ 6 നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ദിവസമാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ അഴിഞ്ഞാടുന്ന ഒരു തെമ്മാടിക്കൂട്ടം നാലരനൂറ്റാണ്ടിലേറെ കാലമായി നിലനിന്നിരുന്ന അയോധ്യയിലെ ബാബരി മസ്ജിദ് എന്ന മുസ്‌ലിം പള്ളി പൊളിച്ചുകളഞ്ഞത് അന്നാണ്. ഇതു വെറുമൊരു പള്ളിപൊളിക്കല്‍ മാത്രമായിരുന്നില്ല. ഇന്ത്യന്‍ ഫാഷിസത്തിന്റെ അരങ്ങേറ്റമായിരുന്നു.''
Next Story

RELATED STORIES

Share it