Flash News

അവയവ കച്ചവടം തടയാന്‍ പ്രത്യേക സംവിധാനം : ആരോഗ്യ മന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും അവ തടയുന്നതിനും പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. നിയമസഭയില്‍ സി മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അവയവ കച്ചവടം സംബന്ധിച്ചുണ്ടായ വ്യാപകമായ പ്രചാരണം അവയവദാനത്തിന് മന്ദതയുണ്ടാക്കി. ബന്ധുക്കള്‍ക്കിടയിലുള്ള അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കും. മരണാനന്തര അവയവദാനം മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമാണ്. ബന്ധുക്കളുടെ കൂടി അനുമതിയുണ്ടെങ്കില്‍ മാത്രമേ മരണശേഷമുള്ള അവയവ കൈമാറ്റം നടത്താനാവൂ. മസ്തിഷ്‌ക മരണം സംഭവിച്ചശേഷമുള്ള അവയവകൈമാറ്റം സംബന്ധിച്ചാണ് വ്യാപകമായ പ്രചാരണമുണ്ടായത്. ഇതേത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന കമ്മിറ്റി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതില്‍ നാലു ഡോക്ടര്‍മാരെ നിര്‍ബന്ധിതമാക്കി. ഇതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പാനല്‍ തയാറാക്കിയിട്ടുണ്ട്. ആറു മണിക്കൂര്‍ ഇടവിട്ട് ഈ കമ്മിറ്റി പരിശോധന നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. അത് വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍, ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇതൊക്കെ നിര്‍ബന്ധമാണെന്ന നിലപാടാണ് സര്‍ക്കാരിന്. നടപടിക്രമങ്ങള്‍ ശക്തമാക്കിക്കൊണ്ട് അവയവദാനം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it