അവയവദാനരംഗത്ത് പുത്തന്‍ ചുവടുവയ്പിനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: അവയവദാനരംഗത്ത് വിപ്ലവകരമായ ചുവടുവയ്പിനൊരുങ്ങി ബ്രിട്ടന്‍. മരണാനന്തരം പ്രവര്‍ത്തനക്ഷമമായ അവയവങ്ങള്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കളുടെ സമ്മതം കൂടാതെ തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന നിര്‍ണായക നിയമനിര്‍മാണത്തിനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്. ഇതിനായി പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മരണാനന്തരം അവയവങ്ങള്‍ ദാനംചെയ്യുന്ന 'ഓപ്റ്റ് ഔട്ട് സിസ്റ്റ'മാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതുപ്രകാരം മരിക്കുന്നതോടെ ഓരോ വ്യക്തിയും സ്വമേധയാ അവയവദാതാവായി മാറും. ഇതോടെ മരിച്ചവരുടെ പ്രവര്‍ത്തനക്ഷമമായ മുഴുവന്‍ അവയവങ്ങളുടെയും ഉടമസ്ഥാവകാശം സര്‍ക്കാരിനു കീഴിലാവും. അവയവദാനത്തിനു സമ്മതമല്ലാത്തവര്‍ അക്കാര്യം കാര്യകാരണസഹിതം നേരത്തേ രേഖാമൂലം ദേശീയ ആരോഗ്യ സര്‍വീസിനെ ബോധിപ്പിക്കണം. വ്യക്തിയുടെ സമ്മതത്തോടെ മരണാനന്തരം അവയവങ്ങള്‍ ദാനംചെയ്യുന്ന ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും നിയമമാണ് പരിഷ്‌കരിക്കുന്നത്. മാറ്റിവയ്ക്കാന്‍ മതിയായ അവയവങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന നിരവധിപേര്‍ രാജ്യത്തുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
നിയമം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്ന കമ്മിറ്റിയിലേക്ക് അവയവദാന ബില്ല് അയക്കാന്‍ ജനപ്രതിനിധിസഭ ഐകകണ്‌ഠ്യേന അനുമതി നല്‍കിയിരുന്നു. അതേസമയം, നിയമം പ്രാബല്യത്തില്‍ വരുന്നതിന് നിരവധി തടസ്സങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കണ്‍സര്‍വേറ്റീവ് സര്‍ക്കാരിലെ ചില കക്ഷികളും പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടി നേതൃത്വവും ബ്രിട്ടിഷ് മെഡിക്കല്‍ സ്ഥാപനങ്ങളും പുതിയ നിയമത്തിനു പിന്തുണ നല്‍കുന്നുണ്ട്.
18 വയസ്സ് കഴിഞ്ഞു മരിക്കുന്നവരുടെ പ്രവര്‍ത്തനക്ഷമമായ അവയവങ്ങള്‍ ആരുടെയും സമ്മതം നോക്കാതെ തന്നെ നീക്കം ചെയ്ത് ആവശ്യക്കാര്‍ക്ക് വച്ചുപിടിപ്പിക്കുന്ന നിയമം രണ്ടുവര്‍ഷം മുമ്പ് വെയ്ല്‍സില്‍ നടപ്പാക്കിയിരുന്നു. അതേസമയം, നിയമത്തിനെതിരേ നിരവധി കോണുകളില്‍നിന്ന് എതിര്‍പ്പുകളും ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it