thiruvananthapuram local

അവയവദാനത്തെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തില്‍ അവയവദാനത്തെ കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കലിനു വിധേയമായവരുടെ കൂട്ടായ്മ അമൃതം 2018 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. വികസനത്തില്‍ കേരളം എല്ലാരംഗത്തും ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. എന്നാല്‍, സഹജീവികളോടുള്ള സഹാനുഭൂതിയുടെ കാര്യത്തില്‍ കേരളം പിന്നാക്കം നില്‍ക്കുന്ന സമൂഹമായി തുടരുന്നു എന്നത് അപമാനകരമാണ്.
അവയവം മാറ്റിവയ്ക്കലിലൂടെ പുതുജീവിതത്തിലേക്കു കടന്നവരുടെ കൂട്ടായ്മ അമൃതം വളരെ ശ്രദ്ധേയമാണെന്ന് അഭിപ്രായപ്പെട്ട സ്പീക്കര്‍ പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കിംസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എംഐ സഹദുല്ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അവയവം മാറ്റിവയ്ക്കലിന്റെ വിജയം ഒരു ടീം വര്‍ക്കിന്റെ വിജയമാണെന്നും അമേരിക്കയിലെ വന്‍കിട ആശുപത്രികള്‍ക്കു തുല്യമായ കുറഞ്ഞ അണുബാധ നിരക്കാണ് കിംസിന്റേതെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നു വര്‍ഷമായി കിംസില്‍ അവയവം മാറ്റിവയ്ക്കല്‍ തുടങ്ങിയിട്ട്.
നാനൂറില്‍പ്പരം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. മരണം സംഭവിച്ചയാളില്‍ നിന്ന് അവയവം സ്വീകരിക്കുന്ന രീതി ലോകത്തെല്ലായിടത്തും പ്രോല്‍സാഹിപ്പിക്കുമ്പോള്‍ കേരളത്തില്‍ അതിനു വിപരീതമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഎം നജീബ്, വൃക്കരോഗ വിദഗ്ധരായ ഡോ. സതീഷ് ബാലന്‍, ഡോ. പ്രവീണ്‍ മുരളീധരന്‍, യൂറോളജിസ്റ്റുകളായ ഡോ. കെആര്‍ വിക്രമന്‍, ഡോ. റെനു തോമസ് പങ്കെടുത്തു. തുടര്‍ന്ന് വൃക്കമാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കായി ഇന്ററാക്ടീവ് സെക്ഷനും നടന്നു.
Next Story

RELATED STORIES

Share it