thiruvananthapuram local

അവയവദാനത്തില്‍ കാരുണ്യത്തിന്റെ ചരിത്രമെഴുതിയ ദമ്പതികള്‍ക്ക് ആദരം

കൊല്ലം: പ്രിയപുത്രനെ അകാലത്തില്‍ നഷ്ടമായതിന്റെ തീരാനൊമ്പരത്തിനിടയിലും ജോയിയുടെയും വല്‍സലയുടെയും ഓര്‍മ്മകള്‍ തുളുമ്പുന്ന കണ്ണില്‍ നിറഞ്ഞത് മകന്റെ അവയവങ്ങള്‍ ദാനം നല്‍കാനായതിലെ ജന്മധന്യത. ജിബിന്‍ ജോയിയുടെ വൃക്കകളും കണ്ണുകളും ഏറ്റുവാങ്ങിയവരുടെ മുഖത്തു തെളിയുന്ന കൃതജ്ഞതാ പ്രകാശത്തില്‍ ഈ അച്ഛനമ്മമാരുടെ ഹൃദയത്തില്‍ ദുര്‍വിധി വിഴ്ത്തിയ കരിനിഴല്‍ മാഞ്ഞുപോകുന്നു. റോഡ് സുരക്ഷാ ബോധവത്കരണത്തിനും അവയവദാനം പ്രോല്‍സാഹിപ്പിക്കുന്നതിനുമായി മെഡിട്രിന ഹോസ്പിറ്റല്‍ ആവിഷ്‌കരിച്ച മെഡിട്രാക് പദ്ധതിയുടെ ഭാഗമായി, അവയവദാനത്തിന്റെ മഹനീയമാതൃകകളായ ദമ്പതികളെ ക്ലാപ്പനയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

രണ്ടു മാസം പിന്നിടുന്നു, ക്ലാപ്പന കളത്തേല്‍ പുത്തന്‍വീട്ടില്‍ ജോയിയുടെയും വത്സലയുടെയും മകന്‍ ജിബിന്‍ ജോയ് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഓര്‍മ്മകളിലെ കണ്ണീര്‍ച്ചിത്രമായി മാറിയിട്ട്. ആത്മസുഹൃത്തിനൊപ്പം ബൈക്കില്‍ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുംവഴി ഒരു വാഹനാപകടം. പ്രാര്‍ഥനകള്‍ വിഫലമാക്കിയ കഥാന്ത്യത്തില്‍, ജിബിന്റെ മസ്തിഷ്‌കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചപ്പോള്‍ മരവിപ്പു മാത്രമായിരുന്നു ആ അച്ഛനമ്മമാരുടെ മുഖത്ത്. തങ്ങളുടെ കണ്ണടയുന്നതു വരെ മകന്റെ മുഖം അരികില്‍ കാണാന്‍ കൊതിച്ചിരുന്ന അവരോട് അവയവദാനത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. മരണത്തിനു വിട്ടുകൊടുക്കാത്ത ആ അവയവങ്ങളിലൂടെ മറ്റുള്ളവരുടെ ശരീരത്തില്‍ ജിബിന്റെ ജീവസ്പന്ദനങ്ങള്‍ കെടാതെ പ്രകാശിക്കുമല്ലോ എന്നായിരുന്നു അവരുടെ ചിന്ത. മരണാനന്തര അവയവദാനത്തില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള ആദ്യ സംഭവമായിരുന്നു അത്. വൃക്കരോഗം മൂര്‍ച്ഛിച്ച് മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞിരുന്ന കൊട്ടിയം സ്വദേശി സുധീറിന്റെ ശരീരത്തിലാണ് ജിബിന്റെ വൃക്ക ഇന്ന് ജീവിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, അന്ധതയില്‍ ജീവിത്തിന്റെ നിറക്കാഴ്ചകള്‍ നഷ്ടമാക്കിയ രണ്ടു പേര്‍ക്ക് ജിബിന്റെ കണ്ണുകള്‍ പ്രകാശമായി.
അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ദമ്പതികളെ ആദരിക്കാന്‍ ക്ലാപ്പനയിലെ വീട്ടില്‍ ചേര്‍ന്ന ചടങ്ങില്‍ മെഡിട്രാക് സംഘത്തിനു പുറമേ ജിബിന്‍ ജോയിയുടെ ഉറ്റ സുഹൃത്തുക്കളും ജനപ്രതിനിധികളും സാമൂഹികപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു.
മെഡിട്രിന ചെയര്‍മാന്‍ ഡോ. എന്‍ പ്രതാപ്കുമാര്‍, ഗ്രൂപ്പ് സിഇഒ ഡോ. മഞ്ജു പ്രതാപ് എന്നിവര്‍ ചേര്‍ന്നാണ് ജോയിയെയും വത്സലയേയും പൊന്നാട ചാര്‍ത്തി ആദരിച്ചത്. ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല, പഞ്ചായത്ത് അംഗം ഷിബു, വിമലഹൃദയ കോണ്‍വെന്റിലെ സിസ്റ്റര്‍ ഹെല്‍ന മേരി സംസാരിച്ചു.
Next Story

RELATED STORIES

Share it