Kottayam Local

അവയവങ്ങള്‍ക്ക് അണുബാധ ; ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു



ആര്‍പ്പൂക്കര: അവയവങ്ങള്‍ക്ക് അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ഒരേസമയം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ആറു രോഗികളില്‍ അഞ്ചുപേര്‍ക്കാണ് ഹൃദയവും ശ്വാസകോശവും ഒരേസമയം വച്ചുപിടിപ്പിക്കാന്‍ ശ്രമം നടത്തിയത്. റാന്നി സ്വദേശി ജയകുമാര്‍ (47), അമ്പലപ്പുഴ സ്വദേശി വേണു (51), കരുനാഗപ്പള്ളി സ്വദേശി ശ്രീലത (47), കോന്നി സ്വദേശി ഷൈലജ (47), ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ (46), പെരുമ്പാവൂര്‍ സ്വദേശി ഹരികുമാര്‍ (24) എന്നിവര്‍ക്കാണ് അവയവമാറ്റം നിശ്ചയിച്ചിരുന്നത്. ഇതിനായി ഞായറാഴ്ച രാവിലെ ആറിന് ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ പെരുമ്പാവൂര്‍ സ്വദേശി ഹരികുമാറിന് വൃക്ക സംബന്ധമായ ചികില്‍സയായിരുന്നു വേണ്ടിയിരുന്നത്. ഇതിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായി. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വരന്തരപ്പള്ളി പള്ളിക്കുന്ന് തെക്കേക്കര കോരത്ത് വീട്ടില്‍ വര്‍ഗീസ്-ബെന്നി ദമ്പതികളുടെ മകന്‍ ഗ്ലാഡ്‌വി(14)ന്റെ അവയവങ്ങളാണ് പല രോഗികള്‍ക്കായി ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ ശ്വാസകോശത്തിനും ഹൃദയത്തിനും അണുബാധയുണ്ടായതിനാല്‍ ഇവയെടുക്കാനായില്ല. അതുകൊണ്ടു തന്നെ ഒരേസമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച് ചരിത്രത്തില്‍ ഇടംപിടിക്കാനുള്ള കോട്ടയം മെഡിക്കല്‍ കോളജിന്റെ പരിശ്രമം താല്‍ക്കാലികമായി പരാജയപ്പെടുകയാണുണ്ടായത്.ആറു മാസമായി ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്താനായി പൂര്‍ണ സജ്ജരായി കാത്തിരിക്കുകയായിരുന്നു ജീവനക്കാരും ഡോക്ടര്‍മാരും. അപൂര്‍വമായ അവയവമാറ്റം നടത്തുന്നതിനുള്ള പരിശീലനും അംഗീകാരവും മെഡിക്കല്‍ കോളജിന് ലഭിച്ചിട്ടുമുണ്ട്.
Next Story

RELATED STORIES

Share it