അവന്‍ ഒരവസരം അര്‍ഹിക്കുന്നുവോ?

അവന്‍ ഒരവസരം അര്‍ഹിക്കുന്നുവോ?
X
slug-pathayorathരാജ്യത്തെ പിടിച്ചുലച്ച കുറ്റകൃത്യമായിരുന്നു അത്. 2012ലെ മഞ്ഞുകാലത്ത് ഡല്‍ഹിയില്‍ കൗമാരപ്രായക്കാരനായ ഒരു ചെറുക്കന്‍ തന്നേക്കാള്‍ പ്രായമുള്ള ചങ്ങാതിമാരോടൊപ്പം ചേര്‍ന്ന് ഒരു യുവതിയെ മൃഗീയമായി ബലാല്‍സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കുള്ള സ്‌പെഷ്യല്‍ ഹോമില്‍ മൂന്നു കൊല്ലം കഴിച്ചുകൂട്ടിയ ശേഷം 2015 ഡിസംബര്‍ 21ന് അവന്‍ മോചിതനാവുകയാണ്.
മുതിര്‍ന്ന മനുഷ്യനായിക്കഴിഞ്ഞ ഈ പയ്യന്‍ ജീവിതത്തില്‍ മറ്റൊരവസരം അര്‍ഹിക്കുന്നുവോ എന്ന കാര്യത്തില്‍ രാജ്യത്ത് രണ്ട് അഭിപ്രായമാണുള്ളത്. അയാള്‍ക്ക് അതിന് അര്‍ഹതയുെണ്ടന്നു നിയമം അനുശാസിക്കുന്നു. കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവര്‍ക്കൊപ്പം ജയിലില്‍ അടച്ചുകൂടെന്നും മുതിര്‍ന്നവര്‍ക്കുള്ള കോടതികളില്‍ വിചാരണ ചെയ്തുകൂടെന്നുമാണ് 1986നു ശേഷം ഇന്ത്യയിലെ നിയമം. അതിനു പകരം ജുവനൈല്‍ ബോര്‍ഡുകള്‍ക്കു മുമ്പാകെ അവരെ ഹാജരാക്കണം.
കുട്ടി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുെണ്ടന്നു ബോധ്യപ്പെട്ടാല്‍ ബോര്‍ഡിന്റെ മുമ്പാകെ പല വഴികളുമുണ്ട്. അവര്‍ക്ക് അവനെ താക്കീതു ചെയ്യാം, ഉപദേശിക്കാം, സാമൂഹിക സേവനത്തിന് ഉത്തരവിടാം, പരമാവധി മൂന്നു വര്‍ഷത്തേക്ക് ഒരു സ്‌പെഷ്യല്‍ ഹോമില്‍ അവനെ പാര്‍പ്പിക്കണമെന്ന് അനുശാസിക്കാം.
പണ്ടൊക്കെ മുതിര്‍ന്ന കുറ്റവാളികളോടൊപ്പം കുട്ടികളെ ജയിലില്‍ അടയ്ക്കുമ്പോള്‍ (നിയമപ്രകാരമല്ലാതെ ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യുന്നുണ്ട്) അവര്‍ തടവറകളില്‍ വച്ചു പഠിക്കുന്നത് കുറ്റം ചെയ്യുന്നതെങ്ങനെയെന്നായിരുന്നു. പലപ്പോഴും അവര്‍ കുറ്റവാളികളായി പുറത്തുവരുന്നു. എന്നാല്‍, ഇന്നു മാനവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന നിയമം കെട്ടിപ്പൊക്കിയിട്ടുള്ളത് ജുവനൈല്‍ ഹോം കുട്ടിയെ ഉത്തരവാദിത്തബോധം പുലര്‍ത്തുന്ന മുതിര്‍ന്ന വ്യക്തിയായി വളരാന്‍ പഠിപ്പിക്കുന്നുവെന്ന പ്രത്യാശയുടെ അടിത്തറമേലാണ്.
ഗുരുതരമായ കുഴപ്പമുണ്ടാക്കിയ ആളായാല്‍ പോലും ഓരോ കുട്ടിയും ഒരവസരം കൂടി അര്‍ഹിക്കുന്നു. അതനുസരിച്ചാണ് കുട്ടിയുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കിയിട്ടുള്ളത്. അവന്‍ അല്ലെങ്കില്‍ അവള്‍ സ്‌പെഷ്യല്‍ ഹോം വിട്ടിറങ്ങുമ്പോള്‍ മുതിര്‍ന്ന വ്യക്തികളെന്ന നിലയിലുള്ള തങ്ങളുടെ വ്യക്തിത്വത്തിലേക്ക് കുറ്റകൃത്യങ്ങളുടെ യാതൊരു മുദ്രയും അവര്‍ കൊണ്ടുപോകരുതെന്ന് നിയമം അനുശാസിക്കുന്നു.
ഈ നിയമം നടപ്പില്‍വരുത്താന്‍ ബാധ്യസ്ഥനായ മന്ത്രിക്ക് ഏതായാലും അത് നീതിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുമെന്നു ബോധ്യപ്പെട്ടിട്ടില്ല. മേനകഗാന്ധി ഈയിടെ പിടിഐയോട് പറഞ്ഞത്, 'വിട്ടയക്കപ്പെട്ട ആ യുവാവിനെ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കു'മെന്നാണ്. ആ കുട്ടി ആധികാരികമായിത്തന്നെ നല്ല വ്യക്തിയായിത്തീര്‍ന്നിരിക്കുന്നു എന്നതിലും കുറ്റവാളിയെന്ന നിലയിലുള്ള രേഖകള്‍ അവനെ പിന്തുടരരുതെന്നതിലും അവര്‍ക്ക് വിശ്വാസം കമ്മിയാണ്.
തടവുജീവിതകാലത്ത് ഈ കുട്ടിക്കുറ്റവാളി തീവ്രവാദത്തിലേക്കു നയിക്കപ്പെട്ടിരിക്കാന്‍ സാധ്യത കാണുന്നുവെന്ന് രാജ്യത്തെ രഹസ്യാന്വേഷണ വകുപ്പ് (ഐബി) അവകാശപ്പെടുക കൂടി ചെയ്തതോടെ അവന്റെ പ്രത്യാശകള്‍ക്കു കൂച്ചുവിലങ്ങു വീണു. ആ പയ്യനെക്കുറിച്ചുള്ള തങ്ങളുടെ ഊഹങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതുകൊണ്ട് ഐബി എന്തു പൊതുജന നന്മയാണ് ചെയ്യുന്നതെന്ന് എനിക്കു മനസ്സിലാകുന്നേയില്ല.
വിട്ടയക്കപ്പെട്ടതിനു ശേഷം ഒരു കശ്മീരി യുവാവ് കശ്മീരില്‍ നടക്കുന്ന ജിഹാദില്‍ പങ്കെടുക്കാന്‍ അവനെ പ്രേരിപ്പിച്ചിട്ടുെണ്ടന്ന് ഐബി ആരോപിച്ചതായി മിഡ്‌ഡേ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ആ വിവരം എവിടെ നിന്നു കിട്ടി എന്നു വെളിപ്പെടുത്താന്‍ തങ്ങള്‍ക്കു വയ്യെന്നാണ് ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തുടര്‍ന്ന് തീവ്രവാദം ഉപേക്ഷിക്കുന്നതു സംബന്ധിച്ചും അവനെ ഉപദേശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായും റിപോര്‍ട്ടിലുണ്ട്.
പക്ഷേ, നിയമപ്രകാരം ഒരാളെ വിട്ടയക്കണോ വേണ്ടേ എന്നു നിശ്ചയിക്കാനുള്ള അവകാശം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലാണ് കുടികൊള്ളുന്നത്. അയാളുടെ സ്വാതന്ത്ര്യം തടയാന്‍ ഐബിയുടെ മുമ്പാകെയുള്ള ഒരേയൊരു വഴി, വിട്ടയച്ചതിനു ശേഷം അയാളെ അറസ്റ്റ് ചെയ്യുകയും അയാള്‍ തീവ്രവാദ ചിന്ത പുലര്‍ത്തുന്ന, ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്ന ഒരു വ്യക്തിയാണെന്ന് ആരോപിക്കുകയുമാണ്.
പൊതുജനവികാരം ഈ യുവാവിനു തീര്‍ത്തും എതിരാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് വായനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ ഇങ്ങനെ ചോദിച്ചിരുന്നു: 'ഇനി ജീവിതത്തില്‍ ഒരവസരം അയാള്‍ അര്‍ഹിക്കുന്നുണ്ടോ?' അയാള്‍ അതര്‍ഹിക്കുന്നില്ലെന്നു ബോധ്യപ്പെട്ടവരായിരുന്നു സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം പേരും.
അവനാണ് ബലാല്‍സംഗം ചെയ്തവരുടെ കൂട്ടത്തിലെ ഏറ്റവും കൊടിയ ക്രൂരന്‍ എന്നു പോലിസ് പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് അതിശയകരമാണോ? പിന്നീട് ലഭിച്ച തെളിവുകളില്‍ നിന്ന് ഈ വാദം തെറ്റാണെന്നു തെളിഞ്ഞുവെന്ന കാര്യം വേറെ. പക്ഷേ, അതുണ്ടാക്കിയ പരിക്ക് അപരിഹാര്യമായിരുന്നു. ഇപ്പോള്‍ ഐബി ചെയ്യുന്നത്, നാട്ടുകാര്‍ക്കു വിഴുങ്ങാന്‍ അവന്റെ മുസ്‌ലിം വ്യക്തിത്വം ഇട്ടുകൊടുക്കുകയാണ്. അതിനെ ഭീകരാക്രമണവികാരവുമായി ബന്ധപ്പെടുത്തുന്നു. ഇത് അവനെ കുറ്റബോധമേതുമില്ലാത്ത ബലാല്‍സംഗക്കാരനും ജിഹാദിയുമാക്കുന്നു.
യുവാവിനെ താമസിപ്പിച്ച സ്‌പെഷ്യല്‍ ഹോമിലെ ജീവനക്കാരുടെ മനുഷ്യത്വം നിറഞ്ഞ പ്രസ്താവനകളെ ഇതോട് താരതമ്യപ്പെടുത്തുക. പയ്യന്‍ ഒരു മാറിയ മനുഷ്യനാണെന്നും സ്‌പെഷ്യല്‍ ഹോമിലെ ഏറ്റവും അച്ചടക്കമുള്ള അന്തേവാസിയുമാണെന്ന് ഒരു വെല്‍ഫെയര്‍ ഓഫിസര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുകയുണ്ടായി: അവന്‍ മതഭക്തനായി മാറി, താടി വളര്‍ത്തിയിരിക്കുന്നു. ദിവസം അഞ്ചു നേരം നമസ്‌കരിക്കുന്നു. അവനു പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും പ്രസ്തുത ഓഫിസര്‍ പറഞ്ഞു.
കടുത്ത ആക്രമണങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ വേണ്ടി ഉത്തര്‍പ്രദേശിലെ സ്വന്തം ഗ്രാമം ഉപേക്ഷിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ടു മുമ്പ് ഓടിപ്പോന്ന ആളാണ് ഈ പയ്യന്‍. ഡല്‍ഹിയിലെ ഇരുണ്ട തെരുവുകളില്‍ വച്ച് അവന്‍ അഭിമുഖീകരിച്ച ആളുകള്‍ അവനെ കൂടുതല്‍ ക്രൂരതയും വെറുപ്പും അഭ്യസിപ്പിച്ചു. ഡല്‍ഹിയിലെ സ്‌പെഷ്യല്‍ ഹോമില്‍ കഴിഞ്ഞുകൂടിയ വര്‍ഷങ്ങള്‍ അവനെ വളരെ വ്യത്യസ്തമായ ചില സംഗതികളാണ് പഠിപ്പിച്ചത്. അവിടെ വച്ച് അവന്‍ പാചകവും ചിത്രകലയും പഠിച്ചു. സ്വന്തം കലിയടക്കാനും പ്രാര്‍ഥിക്കാനും പഠിച്ചു.
ഭൂരിപക്ഷം പേരും വിചാരിക്കുന്നത്, സ്വതന്ത്രനായിക്കഴിഞ്ഞാല്‍ അവന്‍ വീണ്ടും അനിവാര്യമായും കുറ്റകൃത്യങ്ങളിലേക്കുതന്നെ വീണുപോകുമെന്നാണ്. നമ്മുടെ ഭരണകൂടത്തിന്റെ വിശ്വാസം ആ കുറ്റകൃത്യം 'ഭീകരവാദം' ആയിരിക്കുമെന്നാണ്. അവന്‍ ഇനിയുമൊരവസരം കൂടി അര്‍ഹിക്കുന്നില്ലെന്നാണോ നമുക്ക് ബോധ്യമായത്? $
Next Story

RELATED STORIES

Share it