Flash News

അവധി കഴിഞ്ഞു ; പദവി എന്തെന്ന് ജേക്കബ് തോമസ്



തിരുവനന്തപുരം: അവധി കഴിഞ്ഞെത്തുമ്പോള്‍ താന്‍ ഏതു പദവിയില്‍ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ഡിജിപി ജേക്കബ് തോമസ്. അവധി കാലാവധി കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്റെ പദവി സംബന്ധിച്ച് വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക്് കത്തയച്ചു. വിജിലന്‍സ് മേധാവിയായിരിക്കെ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് ഏപ്രില്‍ ഒന്നിന് ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നദ്ദേഹം രണ്ടുമാസത്തെ അവധിയില്‍ പ്രവേശിച്ചു. അതിനിടെ, സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ടി പി സെന്‍കുമാറിനെ വീണ്ടും ഡിജിപിയായി നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേത്തുടര്‍ന്ന്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയാക്കി സര്‍ക്കാര്‍ മാറ്റി നിയമിച്ചു.അതേസമയം, ആദ്യം നല്‍കിയ അവധിയുടെ കാലാവധി അവസാനിച്ചതോടെ ഏതുപദവി നല്‍കുമെന്ന ആശയക്കുഴപ്പമുണ്ടായതോടെ വീണ്ടും 17 ദിവസത്തേക്കുകൂടി അവധി നീട്ടാന്‍ ജേക്കബ് തോമസിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അവധി കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പദവി ആരാഞ്ഞ് അദ്ദേഹം സര്‍ക്കാരിന് കത്തുനല്‍കിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് താന്‍ അവധിയില്‍ പ്രവേശിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ കാര്യം തന്നെ അറിയിച്ചിട്ടില്ല. പുതിയ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച താന്‍ ഏത് ഓഫിസില്‍ ചെന്ന് ചുമതലയേല്‍ക്കണമെന്നാണ് കത്തില്‍ ജേക്കബ് തോമസ് ചോദിച്ചിട്ടുള്ളത്. ജേക്കബ് തോമസിന്റെ പുതിയ പദവി സംബന്ധിച്ച് തീരുമാനമെടുക്കാത്തതിനാല്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതിനാല്‍, സര്‍ക്കാര്‍ കത്തിന് മറുപടി നല്‍കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വീണ്ടും അവധിയിലേക്ക് പോവാനുള്ള നിര്‍ദേശമാവും സര്‍ക്കാര്‍ നല്‍കുക. വിജിലന്‍സ് ഡയറക്ടറായിരിക്കെ ഇദ്ദേഹത്തിന്റെ നടപടികളില്‍ ഒരുവിഭാഗം ഉന്നത ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥരും സിപിഎമ്മിലെ ഒരുവിഭാഗവും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. എന്നാ ല്‍, സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ ജേക്കബ് തോമസിനെ പോലിസ് മേധാവിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Next Story

RELATED STORIES

Share it