kozhikode local

അവധിക്കാല അധ്യാപക പരിശീലനം ആരംഭിച്ചു

വടകര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകളില്‍ നടക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ അവധിക്കാല അധ്യാപക പരിശീലനം ജില്ലയില്‍ ആരംഭിച്ചു. സര്‍വ ശിക്ഷാ അഭിയാനാണ് പ്രൈമറി അധ്യാപക പരിശീലനത്തിന്റെ ചുമതല.
ജില്ലാ പ്രോജക്റ്റ് ഓഫിസര്‍ എം ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫിസര്‍ ഡോ. കെ എസ് വാസുദേവന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. 15 ബ്ലോക്ക് റിസോര്‍സ് സെന്ററുകളിലെ 160 ഓളം ബാച്ചുകളിലായി 8000 ഓളം പ്രൈമറി അധ്യാപകര്‍ക്ക് 8 ദിവസത്തെ പരിശീലനം നല്‍കുന്നുണ്ട്. വിഷയാധിഷ്ഠിത സെഷനുകള്‍ക്കു പുറമെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍, ഹരിത വിദ്യാലയം, ടാലന്റ് ലാബ് എന്നീ പൊതു സെഷനുകളും പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. ജില്ലാതല പരിശീലനം ലഭിച്ച ബിആര്‍സി ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 500 ഓളം പരിശീലകര്‍ ആണ് പരിശീലനം നല്‍കുന്നത്. ഇവര്‍ക്കുപുറമെ സ്‌പെഷലിസ്റ്റ് അധ്യാപകര്‍, റിസോര്‍സ് അധ്യാപകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പങ്കാളികളായ അധ്യാപകര്‍ക്കുള്ള ഭക്ഷണ അലവന്‍സ് ഈ വര്‍ഷം 100 രൂപയില്‍ നിന്നും 125 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം വടകര ഡയറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ടികെ രാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറര്‍ രാജന്‍ ചെറുവാട്ട്, ചോമ്പാല എഇഒ ടിപി സുരേഷ് ബാബു, വടകര ബിപിഒ വിവി വിനോദ് സംസാരിച്ചു.
Next Story

RELATED STORIES

Share it