malappuram local

അവധിക്കാലത്തും ആളൊഴിഞ്ഞ് ചെരണി പാര്‍ക്ക്‌

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: അവധിക്കാലം ആഘോഷമാക്കി ജില്ലയിലെ ഉദ്യാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ജനനിബിഡമാവുമ്പോള്‍ മഞ്ചേരിക്ക് കാത്തിരുന്നു കിട്ടിയ ചെരണി പാര്‍ക്ക് ആളും ആരവവുമില്ലാതെ നോക്കുകുത്തിയാവുന്നു. സഞ്ചാരികളും വിനോദസഞ്ചാര വകുപ്പും കൈയൊഴിഞ്ഞ ഉദ്യാനം സാമൂഹിക വിരുദ്ധരുടെ ഇഷ്ട താവളമാവുമ്പോള്‍ ഇതിന് സ്ഥലം വിട്ടുനല്‍കിയ നഗരസഭയും മൗനത്തിലാണ്.
മഞ്ചേരിക്ക് സ്വന്തമായി വിനോദ ഉദ്യാനം മൂന്നു വര്‍ഷം മുമ്പ് യാഥാര്‍ഥ്യമായിട്ടും ഇത് ജനപ്രിയമാക്കുന്നതില്‍ നിന്നു ബന്ധപ്പെട്ടവര്‍ തീര്‍ത്തും വിട്ടു നിന്നതോടെ മഞ്ചേരിയുടെ വിനോദ സ്വപ്‌നങ്ങള്‍ നിറം മങ്ങി. സഞ്ചാരികളെത്താതെ നോക്കുകുത്തിയായ പാര്‍ക്കില്‍ ലക്ഷക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 42 ലക്ഷം രൂപ ചെലവിലാണ് മഞ്ചേരി ചെരണിയില്‍ നഗരസഭയുമായി കൈകോര്‍ത്ത് വിനോദസഞ്ചാര വകുപ്പ് പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. നഗരസഭ ലഭ്യമാക്കിയ 90 സെന്റ് സ്ഥലത്താണ് ചെരണി പാര്‍ക്കുള്ളത്.
42 ലക്ഷം രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ആദ്യഘട്ടത്തില്‍ ആംഫി തിയേറ്റര്‍, കുട്ടികളുടെ കളിസ്ഥലം, നടപ്പാതകള്‍ തുടങ്ങിയവയാണുള്ളത്. പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയതില്‍ കവിഞ്ഞ് ഇവിടേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ യാതൊരു ശ്രമവും ഇല്ല. ഇക്കാര്യത്തില്‍ നഗരസഭയും വിനോദസഞ്ചാര വകുപ്പും പരസ്പരം പഴിചാരുകയാണ്. രണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സംയുക്ത ചുമതലയുള്ള പാര്‍ക്കില്‍ ഇരു വിഭാഗവും തമ്മില്‍ ആഭ്യന്തര കലഹം നിലനില്‍ക്കുമ്പോള്‍ ലക്ഷക്കണക്കിനു രൂപയാണ് വെറുതെ നശിക്കുന്നത്. കുട്ടികളുടെ പാര്‍ക്കിലെ ഉപകരണങ്ങളെല്ലാം വെയിലും മഴയുമേറ്റ് നശിച്ചുകഴിഞ്ഞു.
ടൈല്‍സ് പാകി മനോഹരമാക്കിയിരുന്ന നടപ്പാതകളും മറ്റാകര്‍ഷക നിര്‍മിതികളും പുല്‍തകിടികളും തകര്‍ന്നു. പാര്‍ക്കില്‍ കോഫീ ഷോപ്പടക്കം നടത്തിപ്പിന് ഏറ്റെടുത്തവരും ഇതിന്റെ നഷ്ടം പേറേണ്ടി വരുന്നു. ഇതിലും പ്രതിഷേധം ശക്തമായിരുന്നു. കടകള്‍ നടത്തിപ്പിനെടുത്തവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയിട്ടും ഇടപെടലുണ്ടായിരുന്നില്ല. അധികൃത അനാസ്ഥ പരാഹരമില്ലാതെ തുടരുമ്പോള്‍ സാമൂഹിക വിരുദ്ധരുടെ കൂത്തരങ്ങായി ഉദ്യാനം മാറി. സന്ധ്യ മയങ്ങുന്നതോടെ മദ്യപ സംഘങ്ങളും മയക്കുമരുന്നു ലോബികളുമാണ് ഉദ്യാനത്തിലെ സന്ദര്‍ശകര്‍. ഇതോടെ നാട്ടുകാരും വിനോദ കേന്ദ്രത്തെ കൈയൊഴിഞ്ഞു.
വിനോദത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ജനതയുണ്ടായിട്ടും മികച്ച രീതിയിലൊരുക്കിയ പാര്‍ക്കുവേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്തത് വിമര്‍ശന വിധേയമാവുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ വയോജന പാര്‍ക്കും ഇവിടെ വിഭാവനം ചെയ്തിരുന്നു. എന്നാലതിന് വേണ്ട സ്ഥലം ലഭ്യമായിട്ടില്ല. പ്രഭാത സവാരിക്കുവരെ കോട്ടക്കുന്ന മാതൃകയില്‍ ചെരണി പാര്‍ക്കിനെ വളര്‍ത്തിയെടുക്കാമെങ്കിലും ആ ദിശയില്‍ പോലും അധികൃത ബോധമുണരുന്നില്ല എന്നത് ചെരണി ഉദ്യാനത്തിന്റെ ശാപമാവുകയാണ്.
Next Story

RELATED STORIES

Share it