Idukki local

അവഗണന; പീരുമേട് ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്

മുഹമ്മദ് അന്‍സാരി

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് തകരാറിലായി വര്‍ക്ക്‌ഷോപ്പില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. താല്‍ക്കാലികമായി എത്തിയ ആംബുലന്‍സിന് ടയറുകള്‍ ഇല്ലാതെ കട്ടപ്പുറത്ത്. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത് അഗ്‌നിശമന സേനയുടെ ആംബുലന്‍സില്‍. കഴിഞ്ഞ ദിവസം കുട്ടിക്കാനം തട്ടാത്തിക്കാനത്തിനു സമീപം  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഓച്ചിറ സ്വദേശിയായ അലി ഹസന്‍ (23) മരിക്കുകയും സഹയാത്രികനായ ഷഹാസ് (22) നു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങി പരിക്കേറ്റ ഷഹാസിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടു പോകുവാന്‍ ആംബുലന്‍സ് തേടിയപ്പോഴാണ് ടയറില്ലാത്തതിനാല്‍ പോകുവാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിന്നീട് അഗ്‌നിശമനസേനയുടെ ആംബുലന്‍സിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് താലൂക്ക് ആശുപത്രിയ്ക്ക് താല്‍ക്കാലികമായി ആംബുലന്‍സ് അനുവദിച്ചിരുന്നു. ഈ ആംബുലന്‍സാണ് ടയറില്ലാത്തതിനെ തുടര്‍ന്ന് രോഗിയെ കൊണ്ടുപോകാന്‍ കഴിയാതിരുന്നത്. തിരുവനന്തപുത്ത് സര്‍ക്കാര്‍ വര്‍ക്ക്‌ഷോപ്പിലുളള ആംബുലന്‍സിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 20,000 രൂപയുടെ മുകളില്‍ വരുന്ന തുകയ്ക്കുള്ള പണികള്‍ സര്‍ക്കാര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ മാത്രമെ നടത്താന്‍ കഴിയു. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സാണ് താല്‍ക്കാലികമായി പീരുമേട് താലൂക്ക് ആശുപത്രിക്ക് നല്‍കിയിരുന്നത്. മണ്ഡലകാലം കഴിഞ്ഞതോടെ ഈ ആംബുലന്‍സ് ഏതു സമയവും തിരികെ നല്‍കേണ്ട സാഹചര്യമാണ്.  പീരുമേട് താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറി സംവീധാനം നിലച്ചിട്ടും മാസങ്ങള്‍ പിന്നിടുന്നു. മൃതദേഹപരിശോധനയ്ക്കും മൃതദേഹം സൂക്ഷിക്കുന്നതിനും സമീപത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ തേടേണ്ട ഗതികേടിലാണ്. കോട്ടയം-തേക്കടി റൂട്ടില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള മേഖലയാണ് പീരുമേട്. ഒപ്പം തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശവുമാണ്. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് റൂട്ടില്‍ സുസജ്ജമായ ആശുപത്രി ഇല്ലെന്നിരിക്കേയാണ് ഉള്ള ആശുപത്രികളില്‍പ്പോലും ആംബുലന്‍സ് അടക്കമുള്ള  വാഹനങ്ങളില്ലാത്തത്. തോട്ടം മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിവിധാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. തുടര്‍ച്ചയായി അധികാരികത്തിലെത്തിയ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളും ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.
Next Story

RELATED STORIES

Share it