thrissur local

അവഗണനയുടെ നടുവില്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറി

തൃശൂര്‍:  മെഡിക്കല്‍ കോളജില്‍ ഏറ്റവും ശ്രദ്ധയോടെയും വൃത്തിയോടെയും കാത്ത് സൂക്ഷിക്കേണ്ട മോര്‍ച്ചറിയും പരിസര പ്രദേശവും പൊതുജനങ്ങള്‍ക്ക് കാലുകുത്താന്‍ വയ്യാത്തവിധം മലിനമായ നിലയില്‍.  കെട്ടിടത്തോട് ചേര്‍ന്നുള്ള ഭാഗത്ത് കാട് നിറഞ്ഞതോടെ ഇവിടെ ഇഴ ജന്തുക്കളുടെയും തെരുവ് നായകളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മോര്‍ച്ചറിയുടെ പരിസരത്ത് പോകണമെങ്കില്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. ഉള്ളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പരിസരത്തും കെട്ടിടത്തിന്റെ വരാന്തയിലുമായി കൂട്ടിയിട്ടിരിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വാഹനാപടകടങ്ങളിലും മറ്റും മരണപ്പെടുന്നവരുടെ മഹസര്‍ തയ്യാറാക്കുന്നത് മോര്‍ച്ചറിയുടെ പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ബെഞ്ചിലിട്ടാണ്.  ഇവിടേയ്ക്ക് മൃതദേഹം കൊണ്ടുവരുമ്പോള്‍ രക്തം തിണ്ണയിലേക്ക് വീഴുന്നത് പതിവാണ്. ഇത് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. മോര്‍ച്ചറിയ്്ക്കുള്ളില്‍ ഉപയോഗിക്കുന്ന ഗ്ലൗസും മൃതദേഹത്തില്‍ നിന്നും മാറ്റുന്ന വസ്ത്രങ്ങളും വരാന്തയിലും മുറ്റത്തുമായി വലിച്ചെറിഞ്ഞ നിലയിലാണ്. മോര്‍ച്ചറിയ്ക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് പതിവാണെന്നും പരാതിയുണ്ട്. മോര്‍ച്ചറി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. മാലിന്യങ്ങള്‍ മോര്‍ച്ചറിയ്ക്ക് സമീപം കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്ന ശേഷം മാത്രമേ കത്തിക്കാറുള്ളു. കഴിഞ്ഞ ദിവസം മോര്‍ച്ചറിയുടെ തിണ്ണയില്‍ പലഭാഗത്തും രക്തം കെട്ടിക്കിടക്കുകയായിരുന്നു. ഇത് നീക്കംചെയ്യാനോ പരിസരം ശുചിയാക്കാനോ ആരും തയ്യാറായില്ല. ഒരു ദിവസം പത്ത് മൃതദേഹങ്ങള്‍ വരെ ഇവിടെ പോസ്റ്റുമോട്ടം ചെയ്യാറുണ്ട്. അതിനാല്‍ രാവിലെ മുതല്‍ മോര്‍ച്ചറി പരിസരത്ത് നല്ല തിരക്കായിരിക്കും അനുഭവപ്പെടുന്നത്. പരിസരം വൃത്തിഹീനമായി കിടക്കുന്നതിനാല്‍ പലരും മോര്‍ച്ചറി പരിസരത്ത് ഇരിക്കാന്‍ പോലും തയ്യാറാവാറില്ല. മോര്‍ച്ചറിയിലെ ഖരമാലിന്യ സംസ്‌കരണത്തിന് ഇന്‍സിനേറ്റര്‍ സജ്ജീകരിക്കണമെന്ന ആവശ്യം എപ്പോഴും ഉയര്‍ന്ന് വരാറുണ്ടെങ്കിലും ഇത് സ്ഥാപിക്കാന്‍ നടപടിയില്ല.
Next Story

RELATED STORIES

Share it