kozhikode local

അവഗണനയുടെ നടുവില്‍ കൊടുവള്ളി വാട്ടര്‍ അതോറിറ്റി

കൊടുവള്ളി: രണ്ടു മണ്ഡലങ്ങളിലായി, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കേണ്ട വാട്ടര്‍ അതോറിറ്റി ഓഫിസിന്റെ അവസ്ഥ മോശമാണ്. 14 പഞ്ചായത്തുകള്‍, രണ്ട് നഗരസഭാ പരിധികള്‍,— 6500ലധികം ഗുണഭോക്താക്കള്‍, നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്ന 17 പമ്പ്ഹൗസുകള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ പദ്ധതികളൊന്നുമില്ല, ഫയലുകള്‍ വെക്കാന്‍ പോലും സൗകര്യമില്ലാത്ത ഓഫിസ്, ആവശ്യത്തിന് ജീവനക്കാരില്ല .
ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കുടിവെള്ള വിതരണത്തിന് ചുക്കാന്‍ പിടിക്കുന്ന കൊടുവള്ളി വാട്ടര്‍ അതോറിറ്റി ഓഫിസ് രണ്ട് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും സര്‍ക്കാറും തീര്‍ത്തും അവഗണിക്കുകയാണെന്നാണ് ഈ ഓഫിസിന്റെ അവസ്ഥ വിളിച്ച് പറയുന്നത്.കൊടുവള്ളി, മടവൂര്‍, കിഴക്കോത്ത് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് നടപ്പാക്കിയ ഊര്‍ജിത ഗ്രാമ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 1992ലാണ് കൊടുവള്ളിയില്‍ ഓഫിസ് ആരംഭിച്ചത്. എന്നാല്‍ പദ്ധതിയുടെ കീഴില്‍ കിഴക്കോത്ത് പഞ്ചായത്തില്‍ ഒരു തുള്ളിവെള്ളം പോലും ലഭിച്ചില്ല. മടവൂര്‍ പഞ്ചായത്തില്‍ ഭാഗികമായേ പദ്ധതി ഗുണകരമായുള്ളൂ. തുടര്‍ച്ചയായി, ഇരു മണ്ഡലങ്ങളിലും ജയിച്ച ലീഗ് പ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റിയുടെ ഈ ഓഫിസിന് ഒരു പരിഗണനയും നല്‍കിയില്ല.
വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോടമോടുമ്പോഴാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകേണ്ട ഒരു ഓഫിസ് വര്‍ഷങ്ങളായി ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി പുതുപ്പാടി, കട്ടിപ്പാറ, താമരശേരി, കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, കുരുവട്ടൂര്‍, ചാത്തമംഗലം, തിരുവമ്പാടി, ഓമശേരി, കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂര്‍ എന്നീ പഞ്ചായത്തുകളും മുക്കം, കൊടുവള്ളി നഗരസഭകളും കൊടുവള്ളി ഓഫിസ് പരിധിയിലാണ്. 6000 ഗാര്‍ഹിക കണക്ഷനുകളും 500ലധികം ഗാര്‍ഹികേതര കണക്ഷനുകളുമാണുള്ളത്.
കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ട്പാറയിലെയും കണ്ടപ്പന്‍ച്ചാലിലെയും പ്രകൃതിദത്ത കുടിവെള്ള പദ്ധതികളടക്കം 17 പമ്പ്ഹൗസുകളാണ് കൊടുവള്ളി സെക്ഷന്‍ ഓഫിസ് നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇത്രയധികം ഏരിയയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ ജീവനക്കാര്‍ ഈ ഓഫിസിന് കീഴിലില്ല.
പമ്പ്ഹൗസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ ദിവസേന 26 ഓപറേറ്റര്‍മാര്‍ വേണം. ഇവരിലാരെങ്കിലും— അവധിയെടുക്കുമ്പോള്‍ പകരക്കാരായി ഒമ്പത് പേരും. നിലവില്‍ 35 പേര്‍ വേണ്ടയിടത്ത് 13 പമ്പ് ഓപ്പറേറ്റര്‍മാരാണുള്ളത്. ബാക്കിയുള്ളവര്‍ 396 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ പോലും 600-ലധികം രൂപക്ക് ജോലി ചെയ്യുമ്പോള്‍ 396 രൂപക്ക് ജോലി ചെയ്യാന്‍ ആളെ കിട്ടുന്നില്ല. ഇവരെ കൂടാതെ വാല്‍വ് ഓപറേറ്റര്‍മാര്‍ അഞ്ച് പേരും വേണം. പഴയ പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നതും പൊല്ലാപ്പുണ്ടാക്കുന്നു. ഒരു വര്‍ഷത്തോളമായി കരാറുകാര്‍ക്ക് പണം നല്‍കിയിട്ട്.
ജനങ്ങള്‍ പ്രതിഷേധവുമായെത്തുമ്പോള്‍ എവിടെ നിന്നെങ്കിലും ആളുകളെ തപ്പിയെടുത്ത് ജോലിക്ക് നിയോഗിക്കാന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയാണ്.അസിസ്റ്റന്റ് എന്‍ജിനീയറടക്കം എട്ട് ടെക്‌നിക്കല്‍ ജീവനക്കാരാണ് ഓഫീസിലുള്ളത്.
രണ്ട് ക്ലര്‍ക്കുമാര്‍ ചേര്‍ന്ന് നടത്തിയാലും തീരാത്ത പണികള്‍ ഇവര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഇത്ര വലിയ പരിധിയുള്ള ഓഫീസിന് സ്വന്തമായി ഒരു വാഹനം പോലുമില്ല. ആഴ്ചയില്‍ രണ്ടു ദിവസം മലാപറമ്പ് ഓഫീസില്‍ നിന്ന് വിട്ടു നല്‍കുന്ന വാഹനത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫര്‍ണിച്ചറുകളാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവുമില്ലാത്തതിനാല്‍ നിലത്ത് കൂട്ടിയിടേണ്ട അവസഥയിലാണ്.
Next Story

RELATED STORIES

Share it