അവകാശങ്ങള്‍ നടപ്പാക്കുകയെന്നത് പ്രയാസകരം: എന്‍ എസ് മാധവന്‍

കാസര്‍കോട്: നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നടപ്പാക്കുകയെന്നതു പ്രയാസകരമായ കാര്യമാണെന്നും അതിനാല്‍ ഇനി മുന്നോട്ടുള്ള പോരാട്ടങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായിട്ടുള്ളതെന്നും എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ എന്‍വിസാജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലുനാള്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന തയ്യാറാക്കുമ്പോള്‍ ജീവിക്കാനുള്ള അവകാശം മൗലിക അവകാശമായി ചേര്‍ത്തിരുന്നു. എന്നാല്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം (റൈറ്റ് റ്റു ഹെല്‍ത്ത്) ഉള്‍പ്പെടുത്താതിരുന്നത് വലിയൊരു പോരായ്മയായിരുന്നു. പിന്നീട് സുപ്രിംകോടതിയാണ് നിരന്തര ഇടപെടലുകള്‍ നടത്തി ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം മനുഷ്യനുണ്ടെന്നും അതിനുവേണ്ട ചുറ്റുപാട് ഒരുക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണെന്നും ഓര്‍മിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, പ്ലാന്റേഷന്‍ കോ ര്‍പറേനില്‍ നിന്നും അനുവദിച്ച തുക ലഭ്യമാക്കുക തുടങ്ങി മുന്‍ ഒപ്പുമര സമരങ്ങളിലെല്ലാം ഉന്നയിച്ച മുദ്രാവാക്യങ്ങ ള്‍ പെട്ടെന്ന് മനസ്സിലാവുമായിരുന്നു. എന്നാല്‍ ഇത്തവണത്തെ നമ്മുടെ ആവശ്യം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിചരണത്തിന് സ്ഥായിരൂപത്തിലുള്ള ഒരു വ്യവസ്ഥ വേണമെന്നതാണ്. ഇതിനു ട്രൈബ്യൂണലും പാലിയേറ്റീവ് കെയര്‍ ഉറപ്പാക്കുന്ന ആശുപത്രിയും ആവശ്യമാണ്. ഈയൊരു പടി കൂടി കടന്നാല്‍ മാത്രമേ ഇത്രയും നാള്‍ നീണ്ടുനിന്ന ലോകശ്രദ്ധയാകര്‍ഷിച്ച സമരത്തിന് പരിസമാപ്തി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹസന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it