malappuram local

അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ക്കെതിരേ കെയൂഡബ്ല്യൂജെ പൊരുതണം: എളമരം കരീം



മലപ്പുറം:  തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുന്നവര്‍ക്കെതിരേ പടപൊരുതാന്‍ ശേഷിയുള്ള സംഘടനയാവണം കെയുഡബ്ല്യുജെ എന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച ട്രേഡ് യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   മാധ്യമരംഗത്തെ ശക്തമാവുന്ന യൂനിയനെ തകര്‍ക്കാന്‍ ജീവനക്കാരെ മാനേജ്‌മെന്റ് വിദൂര ദേശങ്ങളിലേക്ക് സ്ഥലംമാറ്റുന്നുണ്ട്. സ്ഥലംമാറ്റം പേടിച്ച് പലരും മാനേജ്‌മെന്റ് വിലാസം സംഘടനാ പ്രവര്‍ത്തകരായി മാറുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍പോലും മാധ്യമധര്‍മം ഉപേക്ഷിച്ച് ലാഭം നേടാനുള്ള ഓട്ടപ്പാച്ചിലിലാണെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരായ അനേക ലക്ഷംപേര്‍ കുറഞ്ഞ കൂലിക്ക് ജോലിചെയ്യുന്ന നാടാണ് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ വേതനപൂരക പദ്ധതിയിലൂടെ പരമ്പരാഗതമേഖലയില്‍ മിനിമംകൂലി ഉറപ്പാക്കാന്‍ കഴിഞ്ഞു. എന്നാല്‍, പത്രമേഖല സംസ്ഥാന സര്‍ക്കാരിന്റെ മിനിമംകൂലി നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടാത്തതിനാല്‍ മിനിമം കൂലി നടപ്പാക്കാനായിട്ടില്ലെന്നും എളമരം കരീം പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ ശശിധരന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ് എടപ്പാള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it