അവകാശങ്ങളും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വിധി: എ സഈദ്

ന്യൂഡല്‍ഹി/കോഴിക്കോട്:  ഡോക്ടര്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവു റദ്ദാക്കിയ സുപ്രിംകോടതിയുടെ വിധിയെ എസ്ഡിപിഐ സ്വാഗതം ചെയ്തു.ഏതൊരു പൗരനും സ്വയം തീരുമാനം എടുക്കാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണു സുപ്രിം കോടതിയുടെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് എ സഈദ്  വ്യക്തമാക്കി.
അതേസമയം, “ലൗ ജിഹാദ്‌സംബന്ധിച്ച വിഷയങ്ങളി ല്‍ എന്‍ഐഎയ്ക്ക് അന്വേഷിക്കാമെന്ന കോടതി ഉത്തരവ് കളിക്കളത്തിലെ മുള്ളായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഗൂഢാലോചനകളെക്കുറിച്ച് ജുഡീഷ്യറി ഏറെ ജാഗ്രത പാലിക്കണം. ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സഈദ് ആവശ്യപ്പെട്ടു. അതേസമയം, ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന സുപ്രിംകോടതി വിധിയോടെ, ഇക്കാര്യത്തിലുണ്ടായ പ്രതിഷേധങ്ങളുടെയെല്ലാം ന്യായം തെളിഞ്ഞുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
ഹൈക്കോടതി ജഡ്ജിമാര്‍ പോലും ബാഹ്യസ്വാധീനങ്ങള്‍ക്കു വിധേയരായി പൗരസ്വാതന്ത്ര്യം തടയുന്ന വിധികള്‍ പുറപ്പെടുവിക്കുന്നു എന്നതിലേക്കും ഹാദിയാ കേസ് സൂചന നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി മാര്‍ച്ചടക്കം, ഹാദിയക്കു നീതി തേടി വിവിധ സംഘടനകളും വ്യക്തികളും നടത്തിയ പ്രതിഷേധ പരിപാടികളുടെ പേരില്‍ പോലിസ് ചാര്‍ജ് ചെയ്ത മുഴുവന്‍ കേസുകളും കേരള സര്‍ക്കാര്‍ പിന്‍വലിക്കണം. ഹൈക്കോടതി വിധിയുടെ മറവില്‍ തടങ്കല്‍ പാളയത്തിലെന്ന പോലെ സ്വന്തം വീട്ടില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഹാദിയയെ വിധേയമാക്കുന്നതിനു നോക്കുകുത്തിയായി നിന്ന പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഹാദിയയോടും പൊതു സമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘപരിവാര കേന്ദ്രങ്ങളുടെ കുല്‍സിത നീക്കങ്ങള്‍ക്കു നേരെ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ ഉദാസീനതയാണു ഹാദിയയെ പോലെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവര്‍ മാത്രം ഇരകളാക്കപ്പെടാന്‍ കാരണം.
ഭരണഘടനാ മൂല്യങ്ങളെ മാനിക്കുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഇടപെടലാണു വൈകിയാണെങ്കിലും പരമോന്നത കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഹാദിയക്കൊപ്പം നിലകൊണ്ട വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പാര്‍ട്ടി അഭിനന്ദിക്കുന്നതായും മജീദ് ഫൈസി പറഞ്ഞു.
Next Story

RELATED STORIES

Share it