Idukki local

അഴുത ബ്ലോക്കിലെ അവിശ്വാസം; യുഡിഎഫില്‍ കലഹം മൂര്‍ച്ഛിക്കുന്നു



പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിനു പിന്നാലെ, പീരുമേട് മണ്ഡലം യുഡിഎഫില്‍ കലഹവും മൂര്‍ച്ഛിച്ചു. പടലപ്പിണക്കങ്ങള്‍ ഒഴിവാക്കി, അവിശ്വാസത്തില്‍ ഒപ്പിട്ട യുഡിഎഫ് പ്രതിനിധികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് യുഡിഎഫ് നേതൃത്വം. അതേസമയം, കിട്ടിയ അവസരം മുതലെടുക്കാന്‍ എല്‍ഡിഎഫും തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ഭരണകക്ഷിയില്‍പ്പെട്ട രണ്ടു പേരാണ് ഭരണസമിതിക്കെതിരായി സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നു. ഭരണകക്ഷിയായ യുഡിഎഫിലെ ഘടകകക്ഷികളായ കേരളാ കോണ്‍ഗ്രസ് (എം), ആര്‍എസ്പി അംഗങ്ങള്‍ ഒപ്പിട്ട നോട്ടിസാണ് ബ്ലോക് പഞ്ചായത്ത് സെക്രട്ടിക്ക് നല്‍കിയത്. വാഗമണ്‍ ഡിവിഷനിലെ ആര്‍എസ്പി അംഗവും നിലവിലെ വൈസ് പ്രസിഡന്റുമായ സുധാകരന്‍ നീലാംബരന്‍, അമലഗിരി ഡിവിഷനിലെ കേരളാ  കോണ്‍ഗ്രസ് (എം)ലെ അംഗമായ ലിസിയാമ്മ ജോസ് എന്നിവരാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടിസില്‍ ഒപ്പിട്ടത്. 13 അംഗ സമിതിയില്‍ യുഡിഎഫിന് എട്ട്, എല്‍ഡിഎഫിന് അഞ്ച് എന്നതാണ് കക്ഷിനില. യുഡിഎഫില്‍ കോണ്‍ഗ്രസ് ആറ്, ആര്‍എസ്പി ഒന്ന്, കേരളാ കോണ്‍ഗ്രസ്(എം) ഒന്ന്. എല്‍ഡിഎഫില്‍ സിപിഎം 5 എന്നി നിലയിലാണ് അംഗങ്ങള്‍. യുഡിഎഫ് ഭരണസമിതിയിലെ രണ്ട് അംഗങ്ങള്‍ അവിശ്വാസത്തില്‍ ഒപ്പിട്ടതോടെ യുഡിഎഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോണ്‍ഗ്രസിലെ ജെസി ജേക്കബാണ് അഴുത ബ്ലോക്ക് പ്രസിഡന്റ്. അഴുത ബ്ലോക് പഞ്ചായത്തില്‍ ഭരണസമിതിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണം നിലനിര്‍ത്തുന്നതും കൂറുമാറി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയ സംഭവങ്ങളും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. 1999ല്‍ ഇരു മുന്നണികള്‍ക്കും നാല് വീതമായിരുന്നു അംഗസംഖ്യ എല്‍ഡിഎഫിലെ ഇ എസ് ബിജിമോള്‍ പ്രസിഡന്റായിരുന്നു. ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസിലെ അയ്യപ്പന്‍ തങ്കപ്പന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുകയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയുമായിരുന്നു. 2003ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ സിപിഐയിലെ വി തങ്കപ്പന്‍ പ്രസിഡന്റാവുകയും ചെയ്തു. രണ്ട് വര്‍ഷത്തെ കാലാവധിയുമായിരുന്നു. എന്നാല്‍, കാലാവധിക്കുശേഷം തങ്കപ്പന്‍ സ്ഥാനം ഒഴിയാതെ യുഡിഎഫിന്റെ സഹായത്തോടെ വീണ്ടും പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിപിഎമ്മിലെ അയ്യപ്പദാസും കോ ണ്‍ഗ്രസിലെ എം ബാലുവും കൊല്ലപ്പെട്ടു. അഴുത ബ്ലോക് പഞ്ചായത്തില്‍ അംഗങ്ങളുടെ കൂറുമാറ്റം തുടര്‍കഥയാക്കയാണ്. ആര്‍എസ്പിയില്‍ നില്‍ക്കുന്ന ഭിന്നതയുടെ ഭാഗമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് ചേരുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Next Story

RELATED STORIES

Share it