kannur local

അഴീക്കോട് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം

അഴീക്കോട്: സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസം സംഘട്ടനമുണ്ടായ അഴീക്കോട് മേഖലയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം ഓലാടത്താഴയിലെ അബ്്ദുല്ലത്തീഫ്, പ്രവര്‍ത്തകരായ ഓലാടത്താഴെ ഉപ്പായിച്ചാലിലെ റിഷാല്‍, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ഹാഷിര്‍ എന്നിവരുടെ വീടുകളാണ് രാത്രി 11.30ഓടെ തകര്‍ത്തത്. വീടുകളുടെ ജനല്‍ച്ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തു. ലത്തീഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും സ്‌കൂട്ടറും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇതിനു പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകരായ മയിലാടത്തടത്തെ സഹദിന്റെ ഭാര്യവീട്, എ കെ ഷമീറിന്റെ വീട് എന്നിവയ്ക്കു നേരെ ആക്രമണമുണ്ടായത്.  കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഓലാടത്താഴ-ഉപ്പായിച്ചാല്‍ റോഡില്‍ ഒരുസംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തതോടെയാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കമായത്. സംഘട്ടനത്തിനിടെ ഡിവൈഎഫ്‌ഐ ഓലാടത്താഴ യൂനിറ്റ് വൈസ് പ്രസിഡന്റ് ഇ പി മിഥുന്‍ (20), റനീസ്(21) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. പൊടുന്നനെയുണ്ടായ ഹര്‍ത്താല്‍ വിവരം അറിയാതെ സര്‍വീസ് നടത്തിയ ബസ്സുകള്‍ അഴീക്കോട് ബസ് സ്റ്റാന്റില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടഞ്ഞു. ഇതോടെ, പ്രദേശത്തേക്കുള്ള ഗതാഗതം താറുമാറായി. സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും ഏറെ ബുദ്ധിമുട്ടി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുമായി എട്ടുപേരെ വളപട്ടണം പോലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it