kannur local

അഴീക്കല്‍ സില്‍ക്കില്‍ പൊളിച്ചുനീക്കാന്‍ വീണ്ടും കപ്പലെത്തി

അഴീക്കോട്: അഴീക്കലിലെ പൊതുമേഖലാ സ്ഥാപനമായ സില്‍ക്കില്‍ പൊളിച്ചുനീക്കാനായി വീണ്ടും കപ്പലെത്തി. ശക്തമായ ജനകീയ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനുമൊടുവില്‍ നിര്‍ത്തിവച്ച ശേഷം മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും കപ്പല്‍പൊളി തുടങ്ങുന്നത്. പ്രദേശവാസികള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രതിഷേധമുയര്‍ന്നത്. ഇതിനു ശേഷം കുറച്ചു കാലം കപ്പല്‍പൊളി നിര്‍ത്തിവച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കോസ്റ്റല്‍ ഗാര്‍ഡിന്റെ ടഗാണ് എത്തിയിരിക്കുന്നത്.
കൊച്ചിയില്‍ നിന്നു സ്വകാര്യ ഏജന്‍സിയാണ് 358 മെട്രിക് ടണ്‍ ഭാരമുള്ള ടഗ് എത്തിച്ചത്. ഇത് പൊളിക്കാനായി തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചതായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയ്ക്കായി കാത്തിരിക്കുന്നതായും അധികൃതരുടെ വാദം. എന്നാല്‍, തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരിക്കാം കപ്പല്‍പൊളിക്ക് അനുമതി നല്‍കിയതെന്നാണു പഴയ സമരസമിതി ആരോപിക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് സംവിധാനങ്ങള്‍ ഒരുക്കിയെന്നാണ് സില്‍ക്ക് എംഡിയുടെ അവകാശവാദം.
മൂന്നുവര്‍ഷം മുമ്പ് സില്‍ക്കില്‍ കപ്പല്‍ പൊളിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് കപ്പല്‍ പൊളിക്കുന്നതെന്നും കടലിലേക്ക് അവശിഷ്ടങ്ങള്‍ തള്ളുന്നത് പരിസരവാസികള്‍ക്ക് മാരകരോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമായിരുന്നു ആരോപണം.
തുടര്‍ന്ന് മാലിദ്വീപില്‍ നിന്നെത്തിച്ച ‘ഗേറ്റ്‌വേ പ്രസ്റ്റീജ്” എന്ന കപ്പല്‍ പൊളിക്കുന്നതു നാട്ടുകാര്‍ തടസ്സപ്പെടുത്തി. കപ്പലില്‍ നിന്നും വെള്ളത്തില്‍ പടരുന്ന രാസ വസ്തുക്കള്‍ സമീപത്തെ കിണറിലേക്ക് എത്തുന്നതിനാല്‍ അലര്‍ജി, കാഴ്ചക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായതായി സമരസമിതി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. കലക്്ടറേറ്റിനു മുന്നിലും മറ്റും നാളുകള്‍ നീണ്ട സമരത്തിനും നിയമയുദ്ധത്തിനുമൊടുവിലാണ് കപ്പല്‍പൊളി നിര്‍ത്തിവച്ചത്.
കപ്പല്‍ പൊളി വിരുദ്ധ സമിതിയുടെ സമരത്തെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമരത്തോട് മുഖം തിരിച്ചപ്പോഴും പ്രദേശവാസികളുടെ സമരപോരാട്ടം വിജയത്തിലെത്തുകയായിരുന്നു. 1984ല്‍ സ്ഥാപിച്ച സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള(സില്‍ക്ക്) ആദ്യം യാത്രാബോട്ട് നിര്‍മാണമാണ് ലക്ഷ്യമിട്ടത്. പിന്നീട് കപ്പല്‍ പൊളി ശാലയായി മാറുകയായിരുന്നു.
തൊഴിലാളികളുടെ ജോലി ലക്ഷ്യമിട്ട് ആദ്യ കാലത്ത് സില്‍ക്ക് നേരിട്ട് കപ്പലുകള്‍ എത്തിച്ചെങ്കിലും പിന്നീട് ഇത് സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തു. ഇപ്പോള്‍ കപ്പല്‍ പൊളിക്കുന്നതില്‍ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഏതായാലും വീണ്ടും അഴീക്കല്‍ പ്രദേശത്ത് പ്രതിഷേധത്തിനു കളമൊരുങ്ങുമോയെന്ന് വരുംനാളുകളില്‍ വ്യക്തമാവും.
Next Story

RELATED STORIES

Share it