kannur local

അഴീക്കല്‍ തുറമുഖ വികസനം ; ലക്ഷദ്വീപുമായി ചര്‍ച്ച തുടങ്ങി



കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതിനുള്ള പ്രാഥമികചര്‍ച്ച നടത്തിയതായി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിങ് നടത്താന്‍ 4.90 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. മെക്കാനിക്കല്‍ ഡ്രഡ്ജിങ് ഉടനാരംഭിക്കും. അഴീക്കല്‍ തുറമുഖത്തിന്റെ പ്രവൃത്തികള്‍ക്കായി കിഫ്്ബിയില്‍ ഉള്‍പ്പെടുത്തി 498 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുരാവസ്തു-പുരാരേഖാ വകുപ്പുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ജില്ലയില്‍ ആരംഭിക്കാനും നടപടികള്‍ കൈക്കൊള്ളും. സ്വാതന്ത്ര്യസമര സ്മൃതികളുടെ ശേഷിപ്പുകളായ കണ്ടോന്താറിലെ പഴല ജയില്‍കെട്ടിടം പുരാവസ്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനായി. സംരക്ഷണ പ്രവൃത്തികള്‍ക്കായി 19.5 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചു.പയ്യന്നൂരിലെ പഴയ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം സംരക്ഷിത സ്മാരകമാക്കുന്ന പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. ഇതിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. തൊടീക്കളം ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും  ആരംഭിച്ചു. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 62 ലക്ഷം അനുവദിച്ചു. ചെമ്പന്തൊട്ടിയില്‍ ഫാദര്‍ വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാവും. കടന്നപ്പള്ളിയിലെ ചന്തപ്പുരയില്‍ തെയ്യം മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it